യാത്രയെ കൂടുതൽ മനോഹരമാക്കുന്ന ഒന്നാണ് സാഹസികത. ഒരിക്കലെങ്കിലും സാഹസികമായി ഒരു യാത്ര പോകാൻ ആഗ്രഹമില്ലാത്തവരുണ്ടാകുമോ? സാഹസിക യാത്രകളിലെ ചെറിയ കാഴ്ചകൾ പോലും നമ്മളെ അത്ഭുതപ്പെടുത്തും. സാഹസികമായി ഒരു യാത്ര പോകാൻ ഇതാ കേരളത്തിൽ ചില മികച്ച സ്ഥലങ്ങളുണ്ട് ഏതൊക്കെയാണവ എന്നറിയണ്ടേ?
അഗസ്ത്യകൂടം കൊടുമുടി, തിരുവനന്തപുരം
ഏറ്റവും മികച്ച ട്രെക്കിംഗ് റൂട്ടുകളിലൊന്നാണ് അഗസ്ത്യകൂടം കൊടുമുടി. ആകർഷകവും മനോഹരവുമായ ട്രെക്കിംഗ് അനുഭവം ഇവിടം പ്രദാനം ചെയ്യുന്നു. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന 1,868 മീറ്റർ ഉയരമുള്ള അഗസ്ത്യകൂടം കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
മീശപുലിമല കൊടുമുടി, മൂന്നാർ
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപുലിമല. കേരളത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും ആവേശഭരിതവുമായ ട്രെക്കിംഗ് പാത പ്രദാനം ചെയ്യുന്നതും ഇവിടമാണ്. മൂന്നാറിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. സമുദ്രനിരപ്പിൽ നിന്ന് 2640 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മീശപുലിമല എട്ട് കുന്നുകളിലൂടെയുള്ള ഏറ്റവും ദൈർഘ്യമേറിയ ട്രെക്കിംഗ് അനുഭവം നൽകുന്നു.
പക്ഷിപാതാളം, വയനാട്
രാജ്യത്തെ ഏറ്റവും മികച്ച ട്രെക്കിംഗ് സ്ഥലങ്ങളിൽ ഒന്നായ വയനാട്ടിലെ പക്ഷിപാതാളം വെല്ലുവിളി നിറഞ്ഞതും എന്നാൽ സമ്പന്നവുമായ ട്രെക്കിംഗ് ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ്.
തുഷാരഗിരി വെള്ളച്ചാട്ടം, കോഴിക്കോട്
ട്രെക്കിംഗ് ചെയ്യുന്നവർക്കായി പ്രകൃതി സൗന്ദര്യത്തിന്റെയും സാഹസികതയുടെയും വിസ്മയിപ്പിക്കുന്ന ഒരു മിശ്രിതം തുഷാരഗിരി വെള്ളച്ചാട്ടത്തിലുണ്ട്. ഈ മനോഹരമായ വെള്ളച്ചാട്ടം മികച്ച ഒരു പിക്‌നിക് സ്പോട്ടാണ്. കൂടാതെ കേരളത്തിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് തുഷാരഗിരി വെള്ളച്ചാട്ടം.
ഇരവികുളം നാഷണൽ പാർക്ക്, മൂന്നാർ
കേരളത്തിലെ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് രാജമല ഇരവികുളം നാഷണൽ പാർക്ക്. സഞ്ചാരികൾക്ക് ഒരു വന്യജീവി സഫാരിയുടെ ഭാഗമാകുകയും വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണുകയും ചെയ്യാമെന്നതാണ് ഇവിടുത്തെ പ്രത്യേകത. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ഇവിടുത്തെ മറ്റൊരു വിസ്മയമാണ്.