നല്ല തെളിഞ്ഞ വെള്ളം. വെള്ളാരം കല്ലുകൾ സൂര്യന്റെ കിരണമേറ്റു തിളങ്ങുന്നതും, ചെറിയ ജീവികൾ അവരുടെ ദിവസം ആരംഭിക്കുന്നതും നേരിട്ട് കാണാം. വെള്ളത്തിനടിയിലെ വിശേഷങ്ങൾ തെളിഞ്ഞു കാണാൻ കഴിയുന്നൊരിടമുണ്ട് ന്യുസീലാന്‍ഡിലെ ബ്ലൂ ലേക്ക്. ഭൂമിയിലെ തന്നെ ഏറ്റവും തെളിഞ്ഞ വെള്ളമുള്ള തടാകമെന്ന വിശേഷണം ഈ അപൂർവ തടാകത്തിനു സ്വന്തമാണ്.
ബ്ലൂ ലേക്കില്‍ 80 മീറ്റര്‍ ആഴത്തിലേക്കു പോയാല്‍ പോലും മുകളിലെ കാഴ്ചകള്‍ വ്യക്തതയോടെ കാണാനാവും. തെളിനീലയായ വെള്ളത്തിന്റെ നിറം തന്നെയാണ് ഈ തടാകത്തിനു ബ്ലൂ ലേക്ക് എന്ന പേരു ലഭിക്കാന്‍ കാരണമായതും. ന്യുസീലാന്‍ഡിലെ സൗത്ത് ഐലന്‍ഡിലാണ് ഈ അത്ഭുത തടാകമുള്ളത്.
2011 ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആൻഡ് അറ്റ്‌മോസ്ഫറിക് റിസര്‍ച്ച് (NIWA) നടത്തിയ പഠനത്തിലാണ് ബ്ലൂലേക്കിലെ വെള്ളത്തിന്റെ അസാധാരണമായ തെളിച്ചവും മാലിന്യത്തിന്റെ അഭാവവും തെളിയിക്കപ്പെട്ടത്
സമുദ്ര നിരപ്പില്‍ നിന്നും 1,200 മീറ്റര്‍ ഉരത്തിലാണ് ബ്ലൂ ലേക്ക് സ്ഥിതി ചെയ്യുന്നത്. ബ്ലൂ ലേക്കിനു മുകളിലുള്ള മറ്റൊരു തടാകത്തില്‍ നിന്നും മഞ്ഞുരുകിയ വെള്ളമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഇതും ബ്ലൂ ലേക്കിലെ വെള്ളത്തിന്റെ തെളിമ വര്‍ധിപ്പിച്ചു.
ഓരോ 24 മണിക്കൂര്‍ കൂടുമ്പോഴും ബ്ലൂ ലേക്കിലെ വെള്ളം പൂര്‍ണമായും പുതിയതാക്കപ്പെടുന്നതും ഭൂമിയിലെ ഏറ്റവും തെളിഞ്ഞ വെള്ളമുള്ള തടാകമെന്ന പെരുമ ഈ തടാകത്തിനു നേടിക്കൊടുക്കാന്‍ സഹായിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും ഈ തടാകത്തില്‍ പോയി മുങ്ങി കുളിക്കാന്‍ ആര്‍ക്കും അനുവാദമില്ല. പ്രത്യേക സംരക്ഷിത മേഖലയിലായതുകൊണ്ടാണ് ഭൂമിയിലെ ഏറ്റവും തെളിഞ്ഞ വെള്ളമുള്ള തടാകം സഞ്ചാരികള്‍ക്ക് അപ്രാപ്യമായിരിക്കുന്നത്.
ബ്ലൂ ലേക്ക് തടാകത്തിന്റെ സൗന്ദര്യം നിലനിര്‍ത്തുകയെന്ന ആവശ്യവും ഇങ്ങനെയൊരു തീരുമാനത്തിലേക്ക് അധികൃതരെ പ്രേരിപ്പിച്ചിട്ടുണ്ട്.
ന്യുസീലാന്‍ഡിലെ ഗോത്രവിഭാഗക്കാരായ മവോരികളുടെ വിശുദ്ധ സ്ഥലം കൂടിയാണ് ബ്ലൂ ലേക്ക്.
സമാധാനമുള്ള നാടിന്റെ തടാകമെന്നാണ് മവോരികള്‍ ബ്ലൂ ലേക്കിനെ വിളിക്കുന്നത്. ഭൂമിക്കടിയിലൂടെ ഒഴുകുന്ന ഒരു വിശുദ്ധ നദിയാണ് ഈ തടാകത്തിലേക്ക് ഇത്രയും തെളിമയുള്ള വെള്ളം എത്തിക്കുന്നതെന്ന വിശ്വാസവും ഈ ഗോത്രവിഭാഗക്കാര്‍ക്കിടയിലുണ്ട്.
പ്രകൃതിയിലെ ഒന്നു മറ്റൊന്നിനോടു ബന്ധപ്പെട്ടിരിക്കുന്നതിന്റെ ഉദാഹരണമായും മവോരികള്‍ ബ്ലൂ ലേക്കിനെ കരുതുന്നു. ഈ ഗോത്രവിഭാഗക്കാരുടെ തടാകത്തിനോടുള്ള ആദരവോടെയുള്ള സമീപനവും ബ്ലൂ ലേക്കിനെ ലോകത്തിന്റെ അത്ഭുതമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. read also ധൈര്യമുണ്ടോ? ഇവിടേക്ക് പോയിട്ട് വരാൻ ?