തിരുവനന്തപുരം കാഴ്ചകളുടെ മാസ്മരികത ഉയർത്തുന്ന നാടാണ്. വെറുതെ ഇറങ്ങി നടന്നാൽ പോലും കാണാൻ ഒരുപാടു കാഴ്ചകളുണ്ടാകും. ചരിത്ര സ്മാരകങ്ങളും, കെട്ടിടങ്ങളും, മഞ്ഞ പൂക്കൾ കൊഴിക്കുന്ന വീഥികളും തണല് വിരിക്കുന്ന പടുകൂറ്റൻ മരങ്ങളും.
കാഴ്ചാനുഭവത്തിന്റെ ഒരു വ്യത്യസ്ത ലോകം തന്നെയാണ് പൊതുവെ നഗരമെന്നു തോന്നിപ്പിക്കുമെങ്കിലും തിരുവനന്തപുരത്തിന്റെ പല വഴികൾക്കും ഗ്രാമത്തിന്റെ ഭംഗിയുണ്ട്. നാടും, നഗരവും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന സ്ഥലമാണ് തിരുവനന്തപുരം. തിരുവനന്തപുരം എല്ലാവര്ക്കും ഇണങ്ങുന്ന നാടാണ്. എന്തൊക്കെയാണ് തിരുവനന്തപുരത്തു ആസ്വദിക്കാൻ കഴിയുന്നതെന്ന് നോക്കിയാലോ?
മ്യൂസിയം, സൂ
തിരുവനന്തപുരം നഗരത്തിലെ സ്വച്ഛസുന്ദരയിടമെന്ന് എല്ലാവരും മ്യൂസിയത്തെ പുകഴ്ത്താറുണ്ട്. നഗരത്തിലെ തിരക്കുകൾക്കിടെ സമാധാനത്തോടെ പോയിരിക്കാൻ കഴിയുന്നയിടം. നേപ്പിയർ മ്യൂസിയത്തിന്റെ ചുറ്റുമുള്ള മരത്തണലും പുൽമേടകളും എല്ലാവർക്കും വിശ്രമയിടം ഒരുക്കുന്നു, ആശ്വാസം പകരുന്നു.
ബ്രിട്ടീഷ് ഗവർണറായിരുന്ന നേപ്പിയറുടെ പേരിൽ അറിയപ്പെടുന്ന മ്യൂസിയം 1885 ലാണ് നിർമിച്ചത്. റോബർട്ട് ക്രിസോം എന്ന വാസ്തുവിദ്യാ വിദഗ്ധന്റെ രൂപ കൽപ്പനയാണ് മ്യൂസിയത്തിന്റെ സവിശേഷത. പുരാതന ആഭരണങ്ങൾ, മുഗൾ, തഞ്ചാവൂർ വംശങ്ങളുടെ ചിത്രങ്ങൾ, ആനക്കൊമ്പിലും ലോഹത്തിലും നിർമിച്ച കരകൗശല വസ്തുക്കൾ തുടങ്ങിയവയൊക്കെയാണ് മ്യൂസിയത്തിലുള്ളത്.
മ്യൂസിയത്തിന്റെ സമീപത്ത് തന്നെയാണ് മൃഗശാലയും.കടുവ, സിംഹം, കരിങ്കുരങ്ങ്, കാണ്ടാമൃഗം, സീബ്ര, കാട്ടു പോത്ത് തുടങ്ങിയ വന്യ ജീവികളെ പാർപ്പിച്ചിട്ടുള്ള മൃഗശാലയിൽ അവധിക്കാലത്ത് തിരക്കേറെയാണ്. 55 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മൃഗശാല ചുറ്റി കാണാൻ ഏറെ നടക്കേണ്ടതുണ്ട് എന്നതിനാൽ ചെറിയ സൈറ്റ് സീയിങ് വാഹനങ്ങൾ ലഭ്യമാണ്. നേരത്തെ ബുക്കുചെയ്താൽ വാഹനത്തിനായി അധികം കാത്തുനിൽക്കേണ്ടി വരില്ല.
സുനിൽസ് വാക്സ് മ്യൂസിയം
ഇന്ത്യയിലെ ഏക വാക്സ് സ്കൾപ്ചറുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ കിഴക്കേക്കോട്ടയിൽ അനന്തവിലാസം അനക്സിൽ സ്ഥിതിചെയ്യുന്ന മെഴുക് മ്യൂസിയമാണ് സുനിൽസ് വാക്സ് മ്യൂസിയം. സുനിൽ കണ്ടല്ലൂരിന്റെ കലാവിരുന്ന് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കി അതിശയമായിരിക്കും.
ഇരുനൂറിലധികം മെഴുകു പ്രതിമകൾ നിർമിച്ച സുനിലിനു മഹാരാഷ്ട്രയിലെ ലോനവാലയിൽ സ്വന്തമായി മ്യൂസിയമുണ്ട്. അമ്പതോളം മെഴുകു പ്രതിമകളാണ് ഇപ്പോൾ വാക്സ് മ്യൂസിയത്തിലുള്ളത്.
വി.എസ്.അച്യുതാനന്ദൻ, ശ്രീനാരായണഗുരു, രജനീകാന്ത്, വിരാട് കോഹ്‌ലി, ശ്രീശ്രീ രവിശങ്കർ, സച്ചിൻ തെൻഡുൽക്കർ, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, നരേന്ദ്രമോഡി, രാജാരവിവർമ, മോഹൻലാൽ, രാജീവ്ഗാന്ധി, ഇന്ദിരാഗാന്ധി, സൽമാൻ ഖാൻ, കരീന കപൂർ, ബാഹുബലി, ദുബായ് വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്–ബിൻ അൽ മഖ്തോമിന്റെ പൂർണകായ മെഴുകു പ്രതിമ എന്നിങ്ങനെ നിരവധി വ്യക്തികളുടെ ജീവനുള്ളതെന്ന് തോന്നിക്കുന്ന പ്രതിമകളാണ് മ്യൂസിയത്തിന്റെ മുഖ്യ സവിശേഷത.
മാജിക് പ്ലാനെറ്റ്
മജീഷ്യൻ മുതുകാട് ഗോപിനാഥിന്റെ മാന്ത്രിക കൊട്ടാരമാണ് മാജിക് പ്ലാനറ്റ്. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിലാണ് മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്നത്. മുതിർന്നവരെ പോലും വിസ്മയിപ്പിക്കുന്ന ഈ മാന്ത്രിക കൊട്ടാരം കുട്ടികൾക്ക് മറക്കാന്ഡ കഴിയാത്തൊരു അനുഭവമായിരിക്കും. മാജിക്കിന്റെ ചരിത്രം പഠിക്കാൻ സഹായിക്കുന്ന ഹിസ്റ്ററി മ്യൂസിയം.
തെരുവു ജാല വിദ്യ കോർണർ, ജാലവിദ്യ തിയറ്റർ, സയൻസ് കോർണർ, ഭൂഗർഭ തുരങ്കം, ഓഡിറ്റോറിയം, ഷാഡോ പ്ലേ, ചിൽഡ്രൻസ് പാർക്ക്, മാജിക് ഷോർട് ഫിലിം എന്നിങ്ങനെ നിരവധി അദ്ഭുതങ്ങൾ മാജിക് പ്ലാനറ്റിലുണ്ട്. ഒരു പകൽ മുഴുവൻ ചെലവഴിക്കാനുള്ളതിനാൽ ഭക്ഷണം സഹിതം എല്ലാ സൗകര്യങ്ങളും പ്ലാനറ്റിനകത്ത് തന്നെ ഒരുക്കിയിട്ടുണ്ട്. സന്ദർശന സമയം രാവിലെ 10 മണിമുതൽ വൈകിട്ട് 5 വരെയാണ്.
കുതിരമാളിക
പത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്ത് പദ്മതീർഥക്കുളത്തിന് എതിർവശത്തായി രണ്ടു നിലയുള്ള കൊട്ടാരം നിർമിച്ച സ്വാതി തിരുനാൾ മഹാരാജാവ് അതിനു പുത്തൻ മാളികയെന്നു പേരിട്ടു. മരത്തിൽ കടഞ്ഞെടുത്ത 122 കുതിരകൾ മേൽക്കൂര താങ്ങുന്ന കൊട്ടാരം കുതിരമാളികയെന്നാണ് അറിയപ്പെടുന്നത്. കുതിര മാളിക ഇപ്പോൾ ചരിത്ര മ്യൂസിയമാണ്. നവരാത്രി സംഗീതോത്സവം അരങ്ങേറുന്ന സ്ഥലമാണു കുതിരമാളികയുടെ മുറ്റം.
കൊട്ടാരത്തിനുള്ളിൽ വിസ്മയിപ്പിക്കുന്ന പെയിന്റിങ്ങുകൾ ഉണ്ട്. കൊട്ടാരത്തിലെ അമൂല്യമായ ആഡംബരം സിംഹാസനങ്ങളും പഴമയേറുന്ന കൊട്ടാര കാഴ്ചകളും കുട്ടികൾക്ക് കൗതുകമേകും.
കൊട്ടാരത്തിനു മുന്നിൽ നിന്നു നോക്കിയാൽ വലതുഭാഗത്ത് ആദ്യത്തെ മണ്ഡപം. അതിന്റെ ഒന്നാം നില കടന്നാൽ ആഭരണങ്ങൾ സൂക്ഷിക്കുന്ന പേടകത്തിന്റെ രൂപത്തിൽ മേൽക്കൂരയുള്ള രണ്ടാം മണ്ഡപത്തിലെത്തുന്നു. അഷ്ടകോൺ മാതൃകയിലാണു നിർമിതി. മറ്റൊരു ഇടനാഴി താണ്ടിയാൽ മൂന്നാമത്തെ ഗോപുരത്തിലെത്താം.
സ്വാതി തിരുനാളിന്റെ ധ്യാനമണ്ഡപമാണിത്. ഇവിടെയിരുന്നാണ് സ്വാതി തിരുനാൾ രാജാവ് കൃതികൾ രചിച്ചത്. ഈ ചെറിയ മുറിയിൽ നിന്നാൽ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുഖമണ്ഡപം തെളിഞ്ഞു കാണാം. മൂന്നാമത്തെ ഗോപുരത്തിനു താഴെയാണ് ഒറ്റത്തടയിൽ കൊത്തിയെടുത്ത കഴുക്കോലും മേൽക്കൂരയും. മരത്തിൽ നിർമിച്ച മോതിരം ഇവിടെയാണ്.
read also ചെലവ് ചുരുക്കി ഇന്ത്യ കറങ്ങിയാലോ?
കുതിര മാളികയുടെ മുറ്റത്തു നിന്നു തെക്കോട്ടുള്ള വഴി ചെന്നെത്തുന്നത് കൃഷ്ണപുരം കൊട്ടാരത്തിനു മുന്നിലാണ്. കളരിയുടെ മുന്നിൽ നിന്ന് അൽപ്പം മുന്നോട്ടു നടന്ന് ഇട ത്തോട്ടുള്ള വഴിയിലൂടെ നടന്നാൽ രംഗവിലാസം പാലസിനു മുന്നിലെത്താം. രാജാക്കന്മാരുടെ ഔദ്യോഗിക വസതികളാണ് കൃഷ്ണപുരവും രംഗവിലാസവും. ഇവിടെയാണ് ചിത്രാലയം ആർട് ഗാലറി.
രാത്രി ചെലവഴിക്കാൻ
മാനവീയം വീഥി
വെള്ളയമ്പലം കേന്ദ്രീകരിച്ചു അകത്തേക്കുള്ള റോഡാണ് മാനവീയം വീഥിയെന്ന്പ അറിയപ്പെടുന്നത്. ആൽത്തറ എന്ന പഴമപ്പേരും മാനവീയത്തിനു ഉണ്ട്. 2023 ൽ പുതുക്കി പണിഞ്ഞതിനു ശേഷം കെട്ടിലും മട്ടിലും വീഥിയ്ക്ക് മാറ്റം വന്നു. രാത്രയിടെ സൗന്ദര്യം ആസ്വദിച്ചു സുഹൃത്തുക്കൾക്കൊപ്പം സൊറ പറഞ്ഞിരിക്കാൻ കഴിയുന്ന സത്യമാണ് ഇവിടം.
ഇടയ്ക്കിടെ ചായ കുടിച്ചു വർത്തമാനങ്ങൾ കൂടുതൽ സുന്ദരമാക്കാം . രാത്രയിൽ എത്ര സമയം വേണമെങ്കിലും ഇവിടെ ചെലവഴിക്കാൻ സാധിക്കുന്നതാണ്. പിങ്ക് പോലീസ് , പോലീസ് ഫോഴ്സ് എന്നിവരുടെ പരിരക്ഷയും ഇവിടെ ഉണ്ടാകും
ഭക്ഷണം
നിരവധി തട്ടുകടകളും , മനോഹരമായ ഹോട്ടലുകളും , കഫേകളും ഉള്ളയിടമാണ് തിരുവന്തപുരം. രാത്രിയായാൽ വെളിച്ചം തെളിയുന്ന തട്ടുകടകൾ അനവധിയാണ്. വഴുതക്കാട്- വെള്ളയമ്പലം , കുറവൻകോണം, കഴക്കൂട്ടം , തുടങ്ങി വിവിധ ഭാഗങ്ങളിൽ തട്ടിയകടകൾ ലഭ്യമാണ്. സമാധാനത്തോടെ ഇരുന്ന് പാട്ടൊക്കെ കേട്ട് ഭക്ഷണം കഴിക്കാനാണെങ്കിൽ അതിനു പറ്റിയ കഫെകളും ചുറ്റുവട്ടത്ത് തന്നെയുണ്ട്.
ഇവയൊന്നും കൂടാതെ പൊന്മുടി , ബീച്ചുകൾ, വെള്ളയാണി തുടങ്ങിയ സ്ഥലങ്ങളും തെരഞ്ഞെടുക്കാവുന്നതാണ്. തിരുവനന്തപുരത്തു വന്നാൽ നിങ്ങൾക്കൊരിക്കലും ബോറടിക്കില്ല കാരണം കണ്ടാലും തീരാത്ത കാഴ്ചകളുടെ പറുദീസയാണ് തിരുവനന്തപുരം
read also Trekking: ദക്ഷിണേന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെക്കിങ്ങിനിന്നു തുടക്കം