ഓഹരി വിപണിയിൽ ഇരട്ട നേട്ടം

google news
bull

കൊച്ചി :  സെൻസെക്സ് 64,000 പോയിന്റും നിഫ്റ്റി 19,000 പോയിന്റും പിന്നിട്ടു റെക്കോർഡ് നേട്ടത്തിന്റെ വിജയ പതാക ഉയർത്തി. ഇതോടെ വിപണി മൂല്യത്തിൽ ഇന്ത്യ ഈ വർഷം കൈവരിച്ച വർധന 13.77 ശതമാനത്തിലെത്തി. മറ്റു രാജ്യങ്ങളിലെ വിപണികൾക്കൊന്നും ഇതേ തോതിലുള്ള വർധനയില്ല.വ്യാപാരത്തിനിടയിൽ സെൻസെക്സ് 64,050.44 പോയിന്റ് വരെ ഉയർന്നു. നിഫ്റ്റി 19,011 25 പോയിന്റും. അതോടെ ലാഭമെടുപ്പു വർധിച്ചതിനാൽ സൂചികകൾക്ക് ആ നിലവാരം സംരക്ഷിക്കാനായില്ല. സെൻസെക്സ് 63,915.42 പോയിന്റിലേക്കു താഴ്ന്നാണ് ക്ലോസ് ചെയ്തത്; നിഫ്റ്റി 18,972.10 പോയിന്റിലും. എങ്കിലും ക്ലോസിങ്ങിലും റെക്കോർഡ് നിരക്കാണ്.

എല്ലാ വ്യവസായ മേഖലകളിൽനിന്നുമുള്ള ഓഹരികൾ മുന്നേറ്റത്തിൽ പങ്കാളികളായി. അദാനി ഗ്രൂപ്പിൽപ്പെട്ട ഏതാനും ഓഹരികളിലെ ഗണ്യമായ നേട്ടം ആകമാന മുന്നേറ്റത്തിനു കരുത്തു സമ്മാനിച്ചു. ജിക്യുജി പാർട്നേഴ്സ് ഉൾപ്പെടെ വൻകിട നിക്ഷേപകർ 8200 കോടി രൂപ കൂടി അദാനി ഗ്രൂപ്പ് ഓഹരികളിൽ നിക്ഷേപിച്ചെന്ന റിപ്പോർട്ടാണു വിപണിയെ ആവേശംകൊള്ളിച്ചത്. ടാറ്റ മോട്ടോഴ്സ്, ജെഎസ്ഡബ്ള്യു സ്റ്റീൽ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളും മുന്നേറ്റത്തിനു നേതൃത്വം നൽകി.

Read More:തെലങ്കാനയിലെ കിറ്റെക്സിന്റെ വസ്ത്ര നിർമാണ ഫാക്ടറി ആദ്യഘട്ടം ഉദ്ഘാടനം സെപ്റ്റംബറിൽ

 ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വിറ്റുവരവും പ്രവർത്തന ലാഭവും നേടിയതിനു പിന്നാലെ വിപണി മൂല്യത്തിലും വമ്പൻ കുതിപ്പുമായി ഫാക്ട്. പൊതുമേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ രാസവളം നിർമാണശാലയായ ഫാക്ടിന്റെ വിപണി മൂല്യം ചൊവ്വാഴ്ച 30,000 കോടി രൂപയെന്ന മാന്ത്രിക സംഖ്യ കടന്നു. ഇന്നലെ വിപണി ക്ലോസ് ചെയ്യുമ്പോൾ മൂല്യം 29,671.49 കോടി രൂപ. ഓഹരി വില 460.70 രൂപ. ചൊവ്വാഴ്ച 462.35 രൂപയായിരുന്നു. 5 വർഷം മുൻപു വെറും 24 രൂപ മാത്രമായിരുന്നു ഫാക്ടിന്റെ ഓഹരി വില; വർധന 1919 %. 52 ആഴ്ചയിലെ താല്ന്ന വില 89 രൂപയാണ്.

ആസ്തി മൂല്യ വർധന 2.2 ലക്ഷം കോടി

സൂചികകളെ റെക്കോർഡിലേക്ക് ഉയർത്തിയ നിക്ഷേപകർക്ക് ഒറ്റ ദിവസംകൊണ്ടു 2.2 ലക്ഷം കോടി രൂപയുടെ വർധന ആസ്തി മൂല്യത്തിൽ നേടാൻകഴിഞ്ഞു. 3 ദിവസമായി തുടരുന്ന മുന്നേറ്റം നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ 3 ലക്ഷം കോടി രൂപയുടെ വർധനയുണ്ടാക്കി.ജൂൺ പരമ്പരയിൽപ്പെട്ട ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് കരാറുകളുടെ കാലാവധി അവസാനിക്കുന്ന ദിവസമായിരുന്നിട്ടുകൂടി എൻഎസ്ഇയിലെ വ്യാപാരത്തിന്റെ അളവ് ഇത്തരം ദിവസങ്ങളിലെ ശരാശരിയെക്കാൾ കൂടുതലായിരുന്നു.

മുന്നേറ്റം തുടരുമെന്നു പ്രതീക്ഷ

വിപണി എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുകയാണെങ്കിലും ബുൾ തരംഗത്തിന്റെ മുന്നേറ്റം തുടരുമെന്ന പ്രത്യാശയാണു വിപണിയുമായി ബന്ധപ്പെട്ടവർ പങ്കുവയ്ക്കുന്നത്. കോർപറേറ്റ് മേഖലയിൽനിന്നു പുറത്തുവരാനുള്ള വരുമാനക്കണക്കുകൾ വിപണിയെ കൂടുതൽ ഉന്നതങ്ങളിലേക്കു നയിക്കാൻ ഇടയാക്കുമെന്നും പ്രതീക്ഷിക്കുന്നു. ഐടി വ്യവസായത്തിൽനിന്നുള്ള വരുമാനക്കണക്കുകളിൽ മാത്രമാണു വിപണിക്ക് ആശങ്കയുള്ളത്.

വിദേശ നിക്ഷേപം 90,000 കോടി

വിപണിയിൽ സൂചികകളുടെ അശ്വമേധം ആരംഭിച്ചതു മാർച്ചിലാണ്. കുതിപ്പിന് ഏറ്റവും കൂടുതൽ ഊർജം പകർന്നതു വിദേശ ധനസ്ഥാപനങ്ങൾ. 4 മാസത്തിനിടയിൽ അവ ഇന്ത്യൻ വിപണിയിലേക്ക് ഒഴുക്കിയതു 90,000 കോടിയിലേറെ രൂപ. ഈ മാസത്തെ നിക്ഷേപം 25,000 കോടി.

വിപണിക്ക് ആവേശം പകർന്ന ഘടകങ്ങൾ

∙ നിയന്ത്രണ വിധേയമായ പണപ്പെരുപ്പം

∙ വായ്പ നിരക്കുകളിലെ വർധനയുടെ വിരാമം

∙ ഉപഭോഗ വർധന

∙ ബാങ്കുകളിലെ വായ്പ വളർച്ച

∙ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ രാജ്യാന്തര ഏജൻസികൾകൾക്കുള്ള മതിപ്പ്

∙തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ തോതും വ്യാപനവും

∙ കോർപറേറ്റ് മേഖലയിൽനിന്നുള്ള വരുമാനക്കണക്കുകളും ലയന പ്രഖ്യാപനങ്ങളും

∙ ആകർഷകമായ നിലവാരത്തിൽ തുടരുന്ന ഓഹരി വിലകൾ

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Tags