![enlite 5]()
തിരുവനന്തപുരം: കേരളത്തിലെ ഐ.ടി കയറ്റുമതി വരുമാനത്തില്‍ കുതിപ്പ് തുടര്‍ന്ന് ടെക്‌നോപാര്‍ക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 1855 കോടി രൂപയുടെ വളര്‍ച്ചയാണ് ടെക്‌നോപാര്‍ക്ക് നേടിയിരിക്കുന്നത്. 2022 – 23 സാമ്പത്തിക വര്‍ഷം 11,630 കോടി രൂപയുടെ കയറ്റുമതി വരുമാനം ടെക്‌നോപാര്‍ക്ക് നേടി. മുന്‍വര്‍ഷത്തെക്കാള്‍ 19 ശതമാനം വളര്‍ച്ചയാണ് 2022 – 23 സാമ്പത്തിക വര്‍ഷത്തെ നേട്ടം. ഇതിന് പുറമേ സാമ്പത്തിക നിലയില്‍ കൃത്യമായ പുരോഗതി നിലനിര്‍ത്തുകയും ക്രയവിക്രയങ്ങള്‍ സുഗമമായി നടത്തുകയും ചെയ്തതിന് ക്രിസില്‍ (ക്രെഡിറ്റ് റേറ്റിംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) എ പ്ലസ് ഗ്രേഡ് നിലനിര്‍ത്തുന്നതായുള്ള അംഗീകാരവും കഴിഞ്ഞ മൂന്ന് വര്‍ഷമായി ടെക്നോപാര്‍ക്കിന് ലഭിക്കുന്നുണ്ട്.

നിലവില്‍ 768.63 ഏക്കറില്‍ 11.22 മില്യണ്‍ സ്‌ക്വയര്‍ഫീറ്റ് സ്ഥലത്തായി 486 കമ്പനികളില്‍ 72,000 ജീവനക്കാരാണ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 46 കമ്പനികള്‍ ടെക്‌നോപാര്‍ക്കില്‍ പുതിയ ഐ.ടി/ഐ.ടി.ഇ.എസ് ഓഫീസുകള്‍ ആരംഭിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 465 കമ്പനികൡ നിന്നായി 9775 കോടിയായിരുന്നു ടെക്‌നോപാര്‍ക്കിന്റെ കയറ്റുമതി വരുമാനം.
സോഫ്റ്റുവെയര്‍ കയറ്റുമതിയില്‍ ടെക്‌നോപാര്‍ക്ക് ഓരോവര്‍ഷവും കുതിപ്പ് തുടരുകയാണെന്നും കേരളത്തിന്റെ ആകെ ഐ.ടി എക്കോസിസ്റ്റത്തിന്റെ പരിപോഷണത്തിന് ഈ വളര്‍ച്ച ശുഭസൂചനയാണെന്നും ടെക്‌നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ ടെക്‌നോപാര്‍ക്ക് നേരിട്ടു നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും കോ ഡെവലപ്പര്‍മാര്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും നഗരത്തിലെ മികച്ച സാമൂഹിക ഘടനയും ഐ.ടി മേഖലയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാവുന്നുണ്ട്. ടെക്‌നോപാര്‍ക്കിന്റെ തുടക്കം മുതലുള്ള സോഫ്റ്റുവെയര്‍ കയറ്റുമതി വരുമാനത്തിന്റെ വളര്‍ച്ച ഐ.ടി, ഐ.ടി.ഇ.എസ് കമ്പനികള്‍ കേരളത്തില്‍ നിക്ഷേപവുമായി വരുന്നതിലൂടെ അഭിവൃദ്ധി പ്രാപിക്കാനാകുമെന്നതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.