മഹീന്ദ്ര ആന്റ് മഹീന്ദ്രയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ധാരണയിൽ

google news
മഹീന്ദ്ര ആന്റ് മഹീന്ദ്രയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ധാരണയിൽ

കൊച്ചി: വാഹന ഡീലര്‍മാര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന്  സൗത്ത് ഇന്ത്യന്‍ ബാങ്ക് മഹീന്ദ്ര ആന്റ് മഹീന്ദ്രയുമായി ധാരണയിലെത്തി (ഓട്ടോമൊബൈൽ വിഭാഗം). മഹീന്ദ്ര ഡീലർമാരുടെ ഫണ്ട് ലഭ്യത എളുപ്പമാക്കുന്നതിനാണ് കരാർ. സൗത്ത് ഇന്ത്യന്‍ ബാങ്കിനെ പ്രതിനിധീകരിച്ച് സീനിയർ ജനറൽ മാനേജരും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ ബിജി എസ്. എസും മഹീന്ദ്ര ആന്റ് മഹീന്ദ്രയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റും എസ്പിഒസിയുമായ രാകേഷ് സെന്നും പരസ്പരം  ധാരണാപത്രം കൈമാറി.

“ഞങ്ങളുടെ ഉപഭോക്തൃ കേന്ദ്രീകൃത നയത്തിന് അനുസൃതമായാണ് ഈ കരാർ. ഡീലർ ഫിനാൻസ് ബിസിനസ് വിപുലപ്പെടുത്താൻ ഈ സഖ്യം സഹായകമാകും. ഞങ്ങളുടെ വൈവിധ്യമാർന്ന ഫിനാൻസ് സേവനങ്ങളിലൂടെ ഡീലർമാർക്ക് മികച്ച സാമ്പത്തിക പിന്തുണ ലഭ്യമാക്കാൻ കഴിയും. ഈ പരസ്പര സഹകരണം ഡീലർമാർക്ക് വാഹന വിൽപ്പന മെച്ചപ്പെടുത്താനും അവസരമൊരുക്കും. ബാങ്കിങ്, വാഹന വ്യവസായങ്ങളുടെ ഈ മികച്ച പങ്കാളിത്തം ഈ രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കും,” സീനിയർ ജനറൽ മാനേജരും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ ബിജി എസ്. എസ്. പറഞ്ഞു.

“ഞങ്ങളുടെ ഡീലർ ശൃംഖലയ്ക്ക് അനുയോജ്യമായ ഫിനാൻസിങ് പിന്തുണ നൽകാൻ സൗത്ത് ഇന്ത്യൻ ബാങ്കുമായുള്ള ഈ പങ്കാളിത്തം സഹായിക്കും. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിൽ ഞങ്ങളെപ്പോലെ സമാനമായ പാരമ്പര്യമുള്ള എസ്ഐബിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ പ്രവർത്തനങ്ങളും സേവനങ്ങളും കൂടുതൽ മെച്ചപ്പെടുത്തുന്നതിന് എസ്ഐബിയുമായി ചേർന്ന് പ്രവർത്തിക്കും,” മഹീന്ദ്ര ആന്റ് മഹീന്ദ്ര വൈസ് പ്രസിഡന്റ് (സെയിൽസ്, ഓട്ടോമോട്ടീവ്  ഡിവിഷൻ) ബനേശ്വർ  ബാനർജി പറഞ്ഞു.

അമിത് ജയ്സ്വാൾ (ഡിജിഎം -ചാനൽ ഫിനാൻസ് & ഡീലർ ബിസിനസ് ഡെവലപ്മെന്റ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര), പ്രവീൺ ജോയ് ( ഡിജിഎം & ട്രാൻസാക്ഷൻ ബാങ്കിങ് ഗ്രൂപ്പ് ഹെഡ്, എസ്ഐബി), രമേശ് യു (ഡിജിഎം  & ഇസെഡ് എസ് എച്ച്, കോർപ്പറേറ്റ്  ബിസിനസ്  ഗ്രൂപ്പ്) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.