കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28 ാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2023 ഡിസംബര്‍ എട്ട് വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. മികച്ച നടനും മികച്ച സഹനടനുമുള്ള മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ഹിന്ദി നടന് നാനാ പടേക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും. കെനിയന്‍ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മേയര്‍ ആര്യാ രാജേന്ദ്രന് സമ്മാനിക്കും. ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഗോള്‍ഡാ സെല്ലം 28ാമത് ഐ.എഫ്.എഫ്.കെയിലെ പാക്കേജുകള്‍ പരിചയപ്പെടുത്തി സംസാരിക്കും.
ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാര്‍, അന്താരാഷ്ട്ര മല്‍സര വിഭാഗം ജൂറി ചെയര്‍പേഴ്സണും പോര്‍ച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കന്‍ പാക്കേജ് ക്യുറേറ്റര്‍ ഫെര്‍ണാണ്ടോ ബ്രണ്ണര്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്, സംവിധായകന് ശ്യാമപ്രസാദ്, കെ.എസ്.എഫ്.ഡി.സി ചെയര്മാന് ഷാജി എന്‍. കരുണ്‍, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിബോര്‍ഡ് ചെയര്മാന് മധുപാല്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്.ജേക്കബ്, അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.
- ഡിസംബര്‍ എട്ടു മുതല്‍ 15 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 81 രാജ്യങ്ങളില്‍ നിന്നുള്ള 175 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
- അന്താരാഷ്ട്ര മല്സരവിഭാഗത്തില് 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും.
- ലോകസിനിമാ വിഭാഗത്തില്‍ 62 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ 26 സിനിമകള്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കറിന് വിവിധ രാജ്യങ്ങള്‍ തെരഞ്ഞെടുത്ത ഔദ്യോഗിക എന്‍ട്രികളാണ്.
- 12000 ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കും.
- 100ല്‍പ്പരം ചലച്ചിത്രപ്രവര്‍ത്തകര്‍ മേളയില്‍ അതിഥികളായി എത്തുന്നുണ്ട്.
- വിഖ്യാത പോളിഷ് സംവിധായകനായ ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് മേളയുടെ സമാപനച്ചടങ്ങില്‍ സമ്മാനിക്കും. സമകാലിക ലോക സിനിമയിലെ ചലച്ചിത്രാചാര്യന്മാരില്‍ ഒരാളായ അദ്ദേഹത്തിന്റെ സാന്നിധ്യം ഈ മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരിക്കും.
- കണ്ട്രി ഫോക്കസ് വിഭാഗത്തില്‍ ആറ് ക്യൂബന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ക്യൂബന്‍ സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവര്‍ മേളയില്‍ അതിഥികളായി പങ്കെടുക്കും.
- പൊരുതുന്ന പലസ്തീനിനോടുള്ള ഐക്യദാര്‍ഢ്യമായി ഏഴ് അധിനിവേശ വിരുദ്ധ സിനിമകളുടെ പാക്കേജ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സമകാലിക ലോകചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ മാസ്റ്റര്‍ മൈന്‍ഡ്സ്, നവലാറ്റിനമേരിക്കന്‍ സിനിമകള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക പാക്കേജ്, മേളയില്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ച ക്രിസ്റ്റോഫ് സനൂസിയുടെ റെട്രോസ്പെക്റ്റീവ്, മൃണാള്‍സെന്നിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള സെന്‍ റെട്രോസ്പെക്റ്റീവ്, ‘ദ ഫിമേല്‍ ഗേയ്സ്’ എന്ന പേരിലുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, കലൈഡോസ്കോപ്പ് എന്നിവയാണ് മേളയുടെ മറ്റ് പ്രധാന പാക്കേജുകള്‍. ഹൊറര്‍ ജനുസ്സില്‍പ്പെട്ട രണ്ടു ചിത്രങ്ങള്‍ നിശാഗന്ധിയില്‍ അര്‍ധരാത്രിയില്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്ര പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി ഡിജിറ്റല്‍ റെസ്റ്ററേഷന്‍ നടത്തിയ നാലു ചിത്രങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും.
- രജത ചകോരത്തിന് അര്‍ഹനാവുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹനാവുന്ന മികച്ച നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും.
- പ്രേക്ഷകപുരസ്കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ.ആര്.മോഹനന് എന്‍ഡോവ്മെന്റ് അവാര്‍ഡിന് അര്‍ഹനാവുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.
പോര്‍ച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ് ചെയര്‍പേഴ്സണും ലാറ്റിനമേരിക്കന്‍ സംവിധായകന് പാബ്ളോ സെസാര്‍, ന്യൂയോര്‍ക്കിലെ ചലച്ചിത്രപണ്ഡിതനായ ബൗകരി സവാദോഗോ, ചലച്ചിത്രനിരൂപകയും ക്യുറേറ്ററുമായ കികി ഫുങ്, ഓസ്കര് അവാര്‍ഡുകള്‍ നല്കുന്ന അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സിലെ സംവിധായകശാഖയിലെ അംഗമായ ചലച്ചിത്രകാരന് പാന്‍ നളിന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അന്താരാഷ്ട്ര മല്‍സരവിഭാഗത്തിലെ മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു