ലുലു മാളിൽ പിണറായി വിജയന് 1000 കോടിയുടെ ആസ്തി; പ്രചരിച്ചത് വ്യാജ വാർത്ത

pinarayi -lulu mall
ഡിസംബർ 16 ന് ലുലു ഗ്രൂപ്പ് തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്യാൻ ഒരുങ്ങുന്ന ലുലു മാളിനെ സംബന്ധിച്ചുള്ള വ്യാജവാർത്തകൾ തുടർക്കഥയാവുകയാണ്. പരിസ്ഥിതി വിഷയങ്ങൾ ഉന്നയിച്ചും, കയ്യേറ്റം ആരോപിച്ചും മാളിന്റെ നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടിയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിക്കുന്നത് എന്ന് വേണം മനസിലാക്കാൻ.

ഏറ്റവും ഒടുവിലായി ക്രൈം സ്റ്റോറി എന്ന ഓൺലൈൻ പോർട്ടൽ തിരുവനന്തപുരം ലുലു മാളിൽ മുഖ്യമന്ത്രി പിണറായി വിജയന് 1000 കോടിയുടെ നിക്ഷേപം ഉണ്ടെന്ന് ആരോപിച്ചു വീഡിയോ പുറത്തുവിട്ടിരുന്നു. നവംബർ 25 ന് പുറത്തുവിട്ട വീഡിയോ 15000 ത്തിലെ പേർ കാണുകയും നൂറോളം പേർ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

5255

ഈ വാർത്തയുടെ വാസ്തവം അന്വേഷിക്കാനായി ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ഒരു കാര്യം വ്യക്തമായി. വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് തിരുവനന്തപുരത്ത് മാൾ നിർമിക്കാനായി നിക്ഷേപിച്ചത് 2000 കോടി രൂപയാണ്. മാധ്യമം ഉൾപ്പെടെയുള്ള പത്രങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.

265

ക്രൈം സ്റ്റോറിയുടെ റിപ്പോർട്ട് പ്രകാരം ഇതിൽ 1000 കോടിയുടെ നിക്ഷേപം മുഖ്യമന്ത്രിയുടേതാണ്. അതുപ്രകാരമാണെങ്കിൽ തിരുവനന്തപുരം ലുലു മാളിന്റെ ഉടമസ്ഥർ പിണറായി വിജയനും എം.എ യുസഫലിയുമാണ്. ഇരുവരും തുല്യ ഷെയർ ഉള്ള പാർട്ണർമാർ. എന്നാൽ ലുലു പോളിസി പ്രകാരം ലുലു മാളുകളുടെ ഉടമസ്ഥർ എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് മാത്രമാണ്. ലോകത്താകെ 200 ലേറെ മാളുകളുള്ള ലുലു ഗ്രൂപ്പ് കേവലം ഒരു മാളിന് വേണ്ടി പോളിസി മാറ്റും എന്ന് ചിന്തിക്കാനാവില്ലല്ലോ. 

മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യുപകാരമായി 1000 കോടിയുടെ നിക്ഷേപം നൽകിയെന്നാണ് മറ്റൊരു ആരോപണം. ലുലു മാൾ ആക്കുളം കായൽ കയ്യേറിയെന്ന ആരോപണത്തെ ഒതുക്കാനും ഇതിന് സർക്കാർ തലത്തിൽ അനുകൂല റിപ്പോർട്ട് നൽകാനും പിണറായി വിജയൻ സഹായിച്ചതിനാണ് എന്നാണ് ആരോപണം. എന്നാൽ ഈ ആരോപണങ്ങളും വ്യാജമാണ്.

ആക്കുളം കായൽ കയ്യേറിയെന്ന തരത്തിൽ തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള വിവിധ പരിസ്ഥിതി പ്രവർത്തകരും മറ്റും കോടതിയെയും മറ്റു ബന്ധപ്പെട്ട വകുപ്പുകളെയും സമീപിച്ചിരുന്നു. എന്നാൽ കോടതി ഇതിൽ ലുലു മാളിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.  

നേരത്തെ കൊച്ചിയിൽ ലുലുവിന്റെ കേരളത്തിലെ ആദ്യത്തെ മാൾ വരുന്ന സമയത്തും കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നിരുന്നു. എന്നാൽ ആ സമയത്തും കോടതി വിധികൾ ലുലുവിന് അനുകൂലമായിരുന്നു. ആരോപണമുന്നയിച്ചവർക്ക് കയ്യേറ്റം കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ഇനി പിണറായി വിജയൻ 1000 കോടി കയ്യിൽ നിന്നും എടുത്ത് നൽകി എന്ന് പറഞ്ഞാലും അത് വിശ്വസനീയമല്ല. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ഔദ്യോഗിക സത്യവാങ് മൂലം പിണറായി വിജയന്റെ ആകെ ആസ്തി 54 ലക്ഷം രൂപ മാത്രമാണ്. 2021 ഏപ്രിൽ 6 ന് നൽകിയ റിപ്പോർട്ട് പ്രകാരമാണ് ഇത്രയും ആസ്തിയുള്ളത്. 

4542

അതായത് ആകെ ഒരു കോടി പോലും ആസ്‌തിയില്ലാത്ത വ്യക്തിക്ക്  ലുലു ഗ്രൂപ്പിൽ 1000 കോടിയുടെ ആസ്തിയുണ്ടെന്നാണ് ക്രൈം സ്റ്റോറി പറയുന്നത്. ഇനി കള്ളപ്പണം ആണെന്നാണ് വാദമെങ്കിൽ അത് തെളിവില്ലാത്ത ഒരു ആരോപണം മാത്രമാണ്. അത്തരം ആരോപണം ഉണ്ടെങ്കിൽ ഇ.ഡി പോലുള്ള സ്ഥാപനങ്ങൾ അന്വേഷണം നടത്തി തെളിയിക്കേണ്ടതാണ്. 

ചുരുക്കത്തിൽ, തിരുവനന്തപുരം ലുലു മാളിൽ പിണറായി വിജയന് 1000 കോടിയുടെ നിക്ഷേപമുണ്ടെന്ന് പറയുന്നത് തെളിവുകളില്ലാത്ത ആരോപണം മാത്രമാണ്. അതിനാൽ പിണറായി വിജയന് 1000 കോടി നിക്ഷേപം എന്ന തരത്തിൽ പ്രചരിച്ചത് വ്യാജവാർത്തയാണ്.