ബെസ്റ്റ് ബാങ്കിന്റെ ആകാശങ്ങളിൽ മിസൈലുകളും റോക്കറ്റുകളും പെയ്തൊഴിഞ്ഞു കൊണ്ടേയിരിക്കുന്നു. പതിറ്റാണ്ടിനിടയിൽ കണ്ട ഏറ്റവും ശക്തമായ സൈനിക ആക്രമണങ്ങൾക്കും ചെറുത്തുനിൽപ്പിനുമാണ് വെസ്റ്റ് ബാങ്ക് സാക്ഷ്യം വഹിക്കുന്നത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയോ കണക്കുകൾ സംബന്ധിച്ച് വ്യക്തമായ ഒരു വിവരങ്ങളും പുറത്ത് വരുന്നില്ല. യുദ്ധം ദിവസങ്ങളോളം നീണ്ടേക്കാമെന്ന് ഇസ്രായേൽ സേന പറയുമ്പോൾ ലോകം കണ്ടതിൽ വച്ച് ഏറ്റവും ഭയാനകമായ യുദ്ധ കുറ്റകൃത്യം എന്നാണ് പലസ്തീൻ പോരാളികൾ ആക്രമണങ്ങളെ വിശേഷിപ്പിക്കുന്നത് . എന്നാൽ തീവ്രവാദത്തിന്റെ ഈ അഭയാർത്ഥി കേന്ദ്രം തങ്ങൾ തകർക്കും എന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഇസ്രയേൽ സേന. അതേസമയം ആക്രമണങ്ങൾ താങ്ങാനാകാതെ കുഞ്ഞുങ്ങളും വയസായവരും രോഗികളും ഉൾപ്പെടെ 3000 ത്തിലേറെ അഭയാർത്ഥികൾ കൂട്ടപ്പലായനം നടത്തുന്നതായും ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജനിനിൽ സംഭവിക്കുന്നത് :-
ഏറ്റവും ഒടുവിലായി തുടരുന്ന ആക്രമണങ്ങളിൽ ഇതുവരെ ഒമ്പതോളം പലസ്തീൻ അഭയാർത്ഥികൾ കൊല്ലപ്പെട്ടതായും നൂറിലേറെ പേർക്ക് ഗുരുതര പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നു . യാഥാർത്ഥ്യം ഇതിനേക്കാൾ .ഭീകരം എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ . ഞായറാഴ്ച രാത്രിയോടെയാണ് ജെനിനിലേക്കുള്ള ഇസ്രയേൽ സേനയുടെ ആക്രമണം തുടങ്ങിയത്. മിസൈലും ഡ്രോണുകളും ഉപയോഗിച്ച് പത്തോളം ആക്രമണങ്ങളാണ് പതിനാലായിരത്തോളം പലസ്ഥീൻ അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പിനു നേർക്ക് ഉണ്ടായത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ജെനിനിൽ ജനിനിൽ സംഭവിക്കുന്നത് എന്നാണ് അവിടെനിന്നും രക്ഷപ്പെട്ട പുറത്തുപോകുന്ന അഭയാർത്ഥികൾ പറയുന്നത് ഇടുങ്ങിയതും ഇരുട്ടു നിറഞ്ഞതുമായ മുറികളിൽ അഭയാർത്ഥികളായവരെ തടവിലിടുകയാണ് ഇസ്രയേൽ സേനയെന്നും ഇവർക്ക് ഭക്ഷണമോ വെള്ളമോ പോലും ലഭ്യമാക്കുന്നില്ല എന്നും ഇവർ പറയുന്നു. കഴിഞ്ഞദിവസം രാത്രി 12 മണി വരെയാണ് പലസ്തീൻ അഭയാർത്ഥികൾക്ക് ക്യാമ്പ് വിട്ടു പോകുന്നതിനായുള്ള അന്തിമ സമയപരിധി ഇസ്രയേൽ സേന നൽകിയിരുന്നത്.
ജൂൺ 21ന് ജനിന് സമീപത്തുള്ള പ്രദേശങ്ങളിൽ ഇസ്രയേൽ സേന കടുത്ത വ്യോമാക്രമണം നടത്തിയിരുന്നു . നിരവധി പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു . പിന്നീട് പലസ്തീൻ അഭയാർത്ഥികൾ പാർക്കുന്ന ജെനിൻ ഇസ്രയേൽ സേന വളയുന്ന കാഴ്ചയാണ് കണ്ടത്. ട്രാക്ടറുകൾ ഉപയോഗിച്ച് അര കിലോമീറ്റർ മാത്രം ചുറ്റളവുള്ള പലസ്ഥിൻ അഭയാർത്ഥി മേഖല അടച്ചു. ബുൾഡോസറുകൾ ഉപയോഗിച്ച് ക്യാമ്പിലേക്ക് ഇടിച്ചു കയറി തുടങ്ങി. പോലീസും ബോർഡർ പോലീസും സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും അടക്കം രണ്ടായിരത്തോളം വരുന്ന സുരക്ഷ സേനാംഗങ്ങളാണ് 150 ഓളം സൈനിക വാഹനങ്ങളിലായി ജെനിൻ വളഞ്ഞത്. പലസ്തീൻ പോരാളികൾ ചെറുത്തുനിൽപ്പ് തുടങ്ങിയതോടെ ഇസ്രയേൽ സേനയുടെ ആക്രമണവും ശക്തമായി. അഭയാർത്ഥികൾക്കുള്ള കൂട്ടായ ശിക്ഷ എന്ന രീതിയിൽ നേരത്തെ തന്നെ പ്രദേശത്തേക്കുള്ള വെള്ളവും ഇലക്ട്രിസിറ്റിയും ടെലിഫോൺ കണക്ഷനും അടക്കം അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇസ്രയേൽ സേന വിച്ഛേദിച്ചിരുന്നു.
പ്രതിരോധമതിൽ തീർത്ത് ജനിൻ ബ്രിഗേഡ് :-
തങ്ങളെ താങ്ങാത്ത പലസ്തീൻ അതോറിറ്റിയുടെ നേതൃത്വത്തിലും ഇസ്രായേൽ അധിനിവേശത്തിന്റെ നിയന്ത്രണങ്ങളിലും കടുത്ത നിരാശരായ പലസ്തീനിയൻ പോരാളികളുടെ പുതിയ ശക്തികേന്ദ്രമായി ജെനിൻ മാറുകയായിരുന്നു. .പ്രത്യേകിച്ച് പോയ വർഷം, അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയപ്പോൾ ജെനിൻ പലസ്തീൻ പോരാളികളുടെ ആവാസ കേന്ദ്രമായി.യഥാർത്ഥത്തിൽ അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ജെനിൻ നഗരം. ഇവിടത്തെ അഭയാർത്ഥി ക്യാമ്പ്
1950-കളുടെ തുടക്കം മുതൽ നിലവിലുണ്ട്, 1948-49 കാലഘട്ടത്തിൽ ഇസ്രായേലിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട യുദ്ധത്തിൽ കുടിയിറക്കപ്പെട്ട ഫലസ്തീനികൾക്കായി സ്ഥാപിച്ചതാണ് ക്യാമ്പ് . പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് ഫത്താഹ്, ഹമാസ് മറ്റ് സായുധ സംഘങ്ങൾ തുടങ്ങി നിരവധി ഗ്രൂപ്പുകളിൽ നിന്നുള്ള നൂറുകണക്കിന് അംഗങ്ങളാണ് ജനിൻ ബ്രിഗേഡ് എന്ന ബാനറിന് കീഴിൽ ഇപ്പോൾ അണിനിരക്കുന്നത്. കൂടാതെ പലസ്തീനിൽ നിന്നുള്ള ഒരു തലമുറയുടെ നല്ലൊരു വിഭാഗം ഇസ്രയേൽ സേനയുടെ അധിനിവേശങ്ങൾക്കെതിരെയും സൈനിക നീക്കങ്ങൾക്കെതിരെയും ആയുധമെടുത്ത് തുടങ്ങിയിരിക്കുന്നു.
ചുരുക്കത്തിൽ പലസ്തീനിയൻ പ്രതിരോധത്തിന്റെ ഏറ്റവും പുതിയ മുഖമായി ജെനിൻ മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടു വർഷമായി ഇസ്രായേൽ സേനയുടെ ഏറ്റവും വലിയ ലക്ഷ്യവും വെല്ലുവിളിയും ഇത്തരത്തിൽ ഉദയം ചെയ്ത ജനിൻ ബ്രിഗേഡ് എന്ന പ്രതിരോധ മതിലിനെ തകർക്കുക എന്നത് തന്നെയാണ്. ബ്രേക്ക് ദ വേവ് എന്നാണ് ഇസ്രായേൽ സേന പോരാട്ടങ്ങളെ വിശേഷിപ്പിക്കുന്നത്. പലസ്തീൻ പോരാളികളുടെ ആയുധസംഭരണ ശാലയായി ജനിൻ മാറിയിട്ടുണ്ട്. അത് തകർക്കുക എന്നതാണ് ഇസ്രയേൽ സേന തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ വെസ്റ്റ് ബാങ്ക് കണ്ടിട്ടുള്ളതിലേക്ക് വെച്ച് ഏറ്റവും ശക്തമായ സൈനിക നീക്കമാണ് ഇസ്രയേൽ നടത്തുന്നത് എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
കത്തിക്കയറുന്ന ആക്രമണങ്ങൾ :
ജെനിനിനുസമീപം ഇസ്രയേൽ സേനയുടെ ആക്രമണം പലസ്ഥീൻ പോരാളികൾ ചെറുക്കുന്നതിനിടെ 4 ഇസ്രായേലികൾ കൊല്ലപ്പെട്ടിരുന്നു. ഇതോടെ വെസ് ബാങ്കിലെ ഇസ്രയേൽ കുടിയേറ്റ പോരാളികൾ പലസ്തീൻ അഭയാർത്ഥി ക്യാമ്പുകളിലേക്ക് ഇരമ്പിക്കയറുന്ന കാഴ്ചയാണ് കാണാനായത്. പിന്നീട് അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തി പുതിയ കുടിയേറ്റ മേഖലകൾ സ്ഥാപിച്ച എടുക്കുന്ന തിരക്കിലായി ഇസ്രായേൽ .കടുത്ത ആക്രമണത്തിനായി പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ശക്തമായ സമ്മർദ്ദമാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നിതന്യാഹു നേരിടുന്നത്. ഒപ്പം സ്വന്തം മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ മന്ത്രിമാരെ പ്രീണിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും വെസ്റ്റ് ബാങ്കിലെ തുടർച്ചയായ ആക്രമണങ്ങളെയും അധിനിവേശ ശ്രമങ്ങളെയും അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.
പലസ്തീൻ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ശക്തമായ ഭാഷയിലാണ് ഐക്യരാഷ്ട്രസഭ വിമർശിക്കുന്നത് പ്രത്യേകിച്ചും അത്യാധുനിക ആയുധശേഖരം ഉപയോഗിച്ചുള്ള ആക്രമണത്തിൽ സ്ഥിതി ഒരിക്കലും നിയന്ത്രിക്കാനാകുന്നതിന് അപ്പുറത്തേക്ക് കൈവിട്ടു പോകും എന്ന മുന്നറിയിപ്പും ഐക്യരാഷ്ട്രസഭ നൽകുന്നു. ഇസ്രയേലിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയായ അമേരിക്കയും വെസ്റ്റ് ബാങ്കിലെ നിലവിലെ സംഭവ വികാസങ്ങളിൽ കടുത്ത ആശങ്കയാണ് രേഖപ്പെടുത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം