നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത വിഭവങ്ങൾ ആണ് ഇഡലിയും ദോശയും. മാവ് റെഡിയായി കഴിഞ്ഞാൽ ഇവ ഉണ്ടാക്കിയെടുക്കാൻ എളുപ്പമാണ് എങ്കിലും പലപ്പോഴും മാവ് അരച്ചെടുക്കാനുള്ള മടിയായിരിക്കും പലരെയും ഇതിൽ നിന്നും പിന്നോട്ട് വലിക്കുന്ന കാര്യം. ചിലപ്പോൾ ഉഴുന്ന് ഇല്ലാത്ത അവസരങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ ഉഴുന്നില്ല എങ്കിലും വളരെ എളുപ്പത്തിൽ എങ്ങിനെ ഇഡലിയും, ദോശയും തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ ബാറ്റർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് അളവിൽ പച്ചരി, ഒരു ടീസ്പൂൺ ഉലുവ, ഒരു കപ്പ് വെളുത്ത അവൽ, ഒരു കപ്പ് കപ്പലണ്ടി തോല് കളഞ്ഞ് വൃത്തിയാക്കി എടുത്തത് ഇത്രയുമാണ്. എല്ലാ ചേരുവകളും ഒരു പാത്രത്തിലിട്ട് വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം അരി കുതിരാനായി നാലു മണിക്കൂർ വയ്ക്കാവുന്നതാണ്. അരിയും കൂടെയുള്ള സാധനങ്ങളും നന്നായി കുതിർന്നു വന്നു കഴിഞ്ഞാൽ വെള്ളമെല്ലാം കളഞ്ഞ് ഊറ്റിയെടുക്കുക.
ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അരയാൻ ആവശ്യമായ വെള്ളം കൂടി ചേർത്ത് തരിയില്ലാതെ അരച്ചെടുക്കണം. ശേഷം മാവ് എട്ടുമണിക്കൂർ ഫെർമെന്റ് ചെയ്യാനായി മാറ്റിവയ്ക്കാം. നന്നായി പുളിച്ചു പൊന്തിവന്ന മാവിലേക്ക് ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് സാധാരണ ഇഡലി തയ്യാറാക്കി എടുക്കുന്ന അതേ രീതിയിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഈയൊരു മാവ് ഉപയോഗിച്ച് തന്നെ നല്ല ക്രിസ്പായ ദോശയും തയ്യാറാക്കി എടുക്കാം.
അതിനായി മാവിലേക്ക് കുറച്ചുകൂടി വെള്ളം ചേർത്ത് ലൂസ് കൺസിസ്റ്റൻസിയിൽ ആക്കി എടുക്കണം. ശേഷം ദോശയുടെ തവ സ്റ്റൗവിൽ വച്ച് ചൂടായി വരുമ്പോൾ എണ്ണ തൂവിയ ശേഷം മാവ് ഒഴിച്ചു കൊടുക്കാവുന്നതാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ദോശ നല്ല ക്രിസ്പ്പായി കിട്ടുന്നതാണ്. അപ്പോൾ ഉഴുന്നില്ലാത്ത അവസരങ്ങളിൽ ദോശയോ, ഇഡലിയോ ഉണ്ടാക്കണമെങ്കിൽ ഈയൊരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്.
കടപ്പാട്: നീനു കാർത്തിക
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു