ഇഡ്ഡലി ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ഏത് നേരത്താണെങ്കിലും കഴിക്കാൻ സാധിക്കുന്ന, ഇഡ്ഡലിയെ പൊതുവെ പ്രഭതഭക്ഷണമായിട്ടാണ് കണക്കാക്കുന്നത്. നല്ല പഞ്ഞിപോലെ ഇരിക്കുന്ന ഇഡ്ഡലി ഉണ്ടാക്കിയാൽ എത്ര എണ്ണം വേണമെങ്കിലും നമ്മൾ കഴിയ്ക്കും.
ദക്ഷിണേന്ത്യൻ അടുക്കളയിലാണ് ഈ വിഭവം ഉത്ഭവിച്ചതെങ്കിലും, ഇന്ന് ഇന്ത്യയിലുടനീളവും വിദേശത്തും ഇഡ്ഡലി ഇഷ്ടപ്പെടുന്നവരുണ്ട്. ദക്ഷിണേന്ത്യയിലെ പാചകരീതിയെ നിർവചിക്കുന്ന ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ വിഭവമാണ് ഇഡ്‌ഡലി -അപ്പോൾ ആദ്യത്തെ ഏതാണെന്നാണോ, അതു നമ്മുടെ ദോശ തന്നെ. എന്നും ദോശയും ഇഡ്ഡലിയും ഉണ്ടാക്കാത്ത ഒരു അടുക്കള പോലുമുണ്ടാകില്ല. അരിയും ഉഴുന്നും ചേർത്തരച്ച് പുളിപ്പിച്ചുണ്ടാക്കുന്ന ഇഡ്ഡലിയ്ക്കുമുണ്ട് ചില രുചിവ്യത്യാസങ്ങൾ. അത്തരത്തിലുള്ള ഒരു ഉദാഹരണമാണ് കാഞ്ചീപുരം ഇഡ്‌ലി.
കാഞ്ചീപുരം ഇഡ്ഡലി എങ്ങനെ ഉണ്ടാക്കാം
ഇഡ്ഡലി മാവ്- ഒരു ബൗൾ
ഉപ്പ്- ആവശ്യത്തിന്
നെയ്യ്- ഒരു ടീസ്പൂൺ
കറിവേപ്പില്- അരിഞ്ഞെടുത്തത് ഒരു പിടി
കായപ്പൊടി- അര ടീസ്പൂൺ
ഉണങ്ങിയ ഇഞ്ചിപ്പൊടി- 1 ടീസ്പൂൺ
ജീരകം- ഒരു ടീസ്പൂൺ
കുരുമുളക്- 3-4 എണ്ണം
പച്ചമുളക്- അരിഞ്ഞത് ഒറു ടീസ്പൂൺ
തയാറാക്കുന്ന വിധം
അരിയും ഉഴുന്നും അരച്ച മാവിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം നെയ്യിൽ മൂപ്പിച്ചെടുത്തിനു ശേഷം ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കിയോജിപ്പിക്കുക. രാത്രി മുഴുവൻ പുളിപ്പിച്ചതിനുശേഷം വാഴയിൽ കോരിയൊഴിച്ച് ആവിയിൽ വേവിച്ചെടുക്കാം. ഇനി ഇലയില്ലെങ്കിൽ നമ്മൾ സാധാരണ ഇഡ്ഡലി ഉണ്ടാക്കുന്നതുപോലെ ഇഡ്ഡലിതട്ടിലും വേവിച്ചെടുക്കാം.