ഡയറ്റെടുക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ചോറ് ഒഴിവാക്കേണ്ടി വരുന്നത്. എന്നാൽ ഇനി മുതൽ അതിനെ കുറിച്ച് ഓർത്ത് ആവലാതിപ്പെടേണ്ട. ചോറിനു പകരം കോളിഫ്‌ളവർ റൈസ് ഉണ്ടാക്കാം. ഇവ ഹെൽത്തിയും, സാധാരണ ചോറ് കഴിക്കുന്നതിനേക്കാൾ വിറ്റമിൻസ് ശരീരത്തിന് ലഭിക്കുകയും ചെയ്യുന്നു.
കോളിഫ്ലവർ റൈസ് ഉണ്ടാക്കുന്ന വിധം
- കോളിഫ്ലവർ : 1 എണ്ണം
- ഒലിവ് ഓയിൽ: 80 മില്ലി
- വെളുത്തുള്ളി അരിഞ്ഞത് : 5 ഗ്രാം
- ഉള്ളി അരിഞ്ഞത് : 5 ഗ്രാം
- ചുവന്ന കാപ്സിക്കം അരിഞ്ഞത് : 10 ഗ്രാം
- പച്ച കാപ്സിക്കം അരിഞ്ഞത് : 10 ഗ്രാം
- ഉപ്പ് പാകത്തിന്
- മഞ്ഞൾപ്പൊടി : 2 ഗ്രാം
- ചിക്കൻ ബ്രെസ്റ്റ് : 1 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 5 ഗ്രാം
- വിനാഗിരി: 10 മില്ലി
- കുരുമുളക് പൊടി: 4 ഗ്രാം
- ഗാര്‍ണിഷ് ചെയ്യാൻ
- ചുവന്ന റാഡിഷ് കഷ്ണങ്ങൾ
- മാതളനാരങ്ങ അടർത്തിയത്
- മൈക്രോഗ്രീൻസ്
തയാറാക്കുന്ന വിധം
കോളിഫ്ലവർ നന്നായി കഴുകി ഗ്രേറ്റ് ചെയ്തെടുക്കാം. ശേഷം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വെള്ളത്തിൽ തിളപ്പിച്ച് ഉൗറ്റിയെടുക്കണം. ഒരുപാട് വെന്ത് പോകാതെ നോക്കണം.
ഉപ്പ്, മഞ്ഞൾ, കുരുമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ഉപയോഗിച്ച് ചിക്കൻ ബ്രെസ്റ്റ് മാരിനേറ്റ് ചെയ്ത് മാറ്റിവയ്ക്കാം. ഒരു പാനിൽ ഒലിവ് ഓയിൽ ചൂടാക്കി അരിഞ്ഞ വെളുത്തുള്ളി, ഉള്ളി, കാപ്സിക്കം എന്നിവ ചേർത്ത് നന്നായി വഴറ്റാം.
ചെറിയ തീയിൽ 2 മിനിറ്റ് വേവിക്കുക, ശേഷം അതിലേക്ക് വേവിച്ച ഗ്രേറ്റ് കോളിഫ്ലവർ ചേർക്കാം. തീ കൂട്ടിവച്ച് 1 മിനിറ്റ് നന്നായി ഇളക്കിയ ശേഷം മാറ്റിവയ്ക്കാം.
മറ്റൊരു പാൻ വച്ച് ഒലിവ് ഓയിൽ ഒഴിച്ച് 8 മുതൽ 10 മിനിറ്റ് വരെ മാരിനേറ്റ് ചെയ്ത ചിക്കൻ ബ്രെസ്റ്റ് ഗ്രിൽ ചെയ്തെടുക്കാം. തയാറാക്കിയ കോളിഫ്ലവർ റൈസ് ഒരു പാത്രത്തിൽ നിരത്തി ചിക്കൻ ബ്രെസ്റ്റ് അരിഞ്ഞതും മാതളനാരങ്ങയുടെ അല്ലികളും മൈക്രോഗ്രീൻസും ചേർത്ത് അലങ്കരിക്കാം. സൂപ്പര്‍ രുചിയിൽ ഹെൽത്തി റൈസ് റെഡി.
read also EVENING SNACK കയ്യിലുള്ള ന്യൂഡിൽസ് കൊണ്ടൊരു വെറൈറ്റി ന്യൂഡിൽസ് ഉണ്ടാക്കിയാലോ ?