ചമ്മന്തിയുണ്ടെങ്കിൽ ചോറൂണ് കുശാലാക്കാം. തേങ്ങാ വച്ച് ഒരേ രീതിയിൽ അരയ്ക്കുന്ന ചമ്മന്തികൾക്ക് പകരം പണ്ട് വീടുകളിൽ തയാറാക്കുന്ന പല വിധ ചമ്മന്തികളെ പറ്റി അറിയാം.
കുടങ്ങൽ ചമ്മന്തി
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി രണ്ട് വറ്റൽമുളക് താളിച്ചെടുക്കുക. ഒരു കപ്പ് കുടങ്ങൽ ഇല പച്ചനിറംമാറാതെ വഴറ്റുന്നതിനൊപ്പം രണ്ട് ചുവന്നുള്ളിയും ചേർക്കാം. ശേഷം വറ്റൽ മുളകും വഴറ്റിയ ഇലയും അരക്കപ്പ് തേങ്ങയും ആവശ്യത്തിന് വാളൻപുളിയും ഉപ്പും ചേർത്ത് അരച്ചെടുക്കാം.
നാരക ചമ്മന്തി
നാല് നാരകത്തിന്റെ ഇല, ഒരു തണ്ട് കറിവേപ്പില, ഒരുപിടി മല്ലിയില, പുതിനയില, അരമുറി തേങ്ങ, നാല് പച്ചമുളക്, നാലഞ്ച് കുരുമുളക്, ഒരു വെളുത്തുള്ളി, രണ്ട് ചുവന്നുള്ളി, ചെറിയ കഷ്ണം പുളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഇതിനെ പത്തുകൂട്ടം ചമ്മന്തി എന്നും വിളിക്കാം.
പുളിയില ചമ്മന്തി
ഒരുപിടി പുളിയില, ഒരുപിടി ചെറുപയർ മുളപ്പിച്ചത്, ഒരുമുറി തേങ്ങ ചിരകിയത്, അഞ്ചാറ് കാന്താരി, മൂന്ന് ചുവന്നുള്ളി, അൽപം ഉപ്പ് എന്നിവ തരുതരുപ്പായി അരച്ചെടുക്കുക. ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്തിളക്കി ഉപയോഗിക്കാം.
നാചക്ക ചമ്മന്തി
ചുട്ടെടുത്ത നാല് നാചക്കയും(പൊടിച്ചക്ക) മൂന്ന് വറ്റൽമുളകും ഒരു മുറി തേങ്ങ ചിരകിയത്, ഒരു പച്ചമുളക്, രണ്ട് ചുവന്നുള്ളി, ചെറിയ കഷ്ണം ഇഞ്ചി, രണ്ട് തണ്ട് കറിവേപ്പില, ആവശ്യത്തിന് വാളൻപുളി, ഉപ്പ് എന്നിവ അരച്ചെടുത്ത് വിളമ്പാം
മാങ്ങാ ഇഞ്ചി ചമ്മന്തി
അരമുറി തേങ്ങ ചിരകിയത്, രണ്ട് ചുവന്നുള്ളി, അഞ്ച് വറ്റൽ മുളക്, രണ്ട് വലിയ കഷ്ണം മാങ്ങാ ഇഞ്ചി, അൽപം വാളൻ പുളി, ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക. ശേഷം ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റൽ മുളകും താളിച്ചതിലേക്ക് അരച്ചുവെച്ച ചമ്മന്തി ചേർക്കാം.
ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ മറക്കരുത്: മേശയിൽ പാലിക്കേണ്ട മര്യാദകൾ എന്തെല്ലാം?
2 മാങ്ങ മാത്രം മതി: ഉച്ചയ്ക്ക് ചോറിനു അങ്കമാലി മാങ്ങാ കറി റെഡി
വെറും 15 മിനിറ്റിൽ തയാറാക്കാം സോഫ്റ്റ് ഉണ്ണിയപ്പം