15 വയസ്സു പൂര്‍ത്തിയായ മുസ്ലിം പെണ്‍കുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാം

google news
court
 

ചണ്ഡിഗഢ്: 15 വയസ്സു പൂര്‍ത്തിയായ മുസ്ലിം പെണ്‍കുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. പതിനാറുകാരിയെ വിവാഹം കഴിച്ച ഇരുപത്തിയാറുകാരനായ യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.ശൈശവ വിവാഹ നിരോധന നിയമപ്രകാരം ഇത്തരം വിവാഹം അസാധുവാക്കാനാവില്ലെന്ന് ജസ്റ്റിസ് വികാസ് ബഹല്‍ പറഞ്ഞു.

നേരത്തെയും പഞ്ചാബ് ഹരിയാന ഹൈക്കോടതി സമാനമായ വിധിന്യായം പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ബാലികാ സംരക്ഷണ ഏജന്‍സി കസ്റ്റഡിയില്‍ വച്ചിരിക്കുന്ന ഭാര്യയെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് യുവാവ് ഹര്‍ജി നല്‍കിയത്. പെണ്‍കുട്ടിക്കു പതിനാറു വയസ്സായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും ഹര്‍ജിയില്‍ പറഞ്ഞു.വീട്ടുകാരില്‍നിന്ന് രക്ഷപ്പെട്ട് യുവാവിനെ വിവാഹം കഴിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. വീട്ടുകാര്‍ നിര്‍ബന്ധിച്ച് അമ്മാവനെക്കൊണ്ടു വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു.ഇരുവരും മുസ്ലിം സമുദായത്തില്‍നിന്നുള്ളവരാണെന്നും പള്ളിയില്‍ വച്ച് നിക്കാഹ് നടത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 

മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹം സാധുവാണെന്ന്, യൂനുസ് ഖാന്‍ കേസിലെ വിധിന്യായം ഉദ്ധരിച്ചുകൊണ്ട് കോടതി പറഞ്ഞു. പെണ്‍കുട്ടിയെ ഭര്‍ത്താവിനു കൈമാറാന്‍ കോടതി ഏജന്‍സിയോടു നിര്‍ദേശിച്ചു.പതിനഞ്ചു വയസ്സായ മുസ്ലിം പെണ്‍കുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്നാണ് യൂനുസ് കേസില്‍ കോടതി വ്യക്തമാക്കിയത്. 

Tags