ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർഥി ആഘോഷം വേണ്ട; അനുമതി നിഷേധിച്ച് സുപ്രിംകോടതി

supreme court
 


ഡൽഹി: ബംഗളൂരുവിലെ ഈദ്‌ഗാഹ്‌ മൈതാനത്ത് ഗണേശ ചതുർഥി ആഘോഷം നടത്താനാകില്ല. തൽസ്ഥിതി തുടരാനും പൂജ മറ്റൊരിടത്ത് നടത്താനും സുപ്രിം കോടതി നിർദേശിച്ചു. ജസ്റ്റിസ് ഇന്ദിരാ ബാനർജി,എ.എസ് ഒക്കാ, എം എം സുന്ദ്രഷ് എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജിയിൽ വാദം കേട്ടത്.

കർണാടക ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുള്ള ഹരജിയിൽ ജഡ്ജിമാരുടെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് വിട്ടത്. ഹരജിയിൽ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ബംഗളൂരൂ ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷത്തിനാണ് ബെംഗളുരു മുനസിപ്പൽ കോർപ്പറേഷൻ അനുമതി നൽകിയത്. 

 എന്നാൽ, കർണാടക വഖഫ് ബോർഡ് 200 വർഷമായി ഈ സ്ഥലത്ത് മതപരമായ ആഘോഷങ്ങൾ നടക്കുന്നില്ലെന്ന് വാദിച്ച് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

മതന്യൂനപക്ഷങ്ങൾക്ക് അവരുടെ അവകാശങ്ങൾ ഇതുപോലെ ചവിട്ടിമെതിക്കാമെന്ന ധാരണ നൽകരുതെന്ന് കർണാടക വഖഫ് ബോർഡിനുവേണ്ടി അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കോടതിയിൽ വാദിച്ചു. മൈതാനത്ത് 200 വര്‍ഷമായി മറ്റ് മതവിഭാഗങ്ങളുടെ ആഘോഷപരിപാടികള്‍ നടക്കാറില്ലെന്നും മറ്റ് മതാഘോഷങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷന് അവകാശമില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും ചൂണ്ടിക്കാട്ടി.

എന്നാല്‍, രണ്ടു ദിവസത്തേക്ക് പ്രദേശം അനുവദിക്കണമെന്നും, സ്ഥിരമായ ഒന്നും ഇവിടെ പണിയില്ലെന്നും സംസ്ഥാന സർക്കാരിനുവേണ്ടി അഭിഭാഷകന്‍ മുകുൾ റോഹ്തഗി കോടതിയെ അറിയിച്ചു.