ചൈന ഇന്ത്യയുടെ ഭൂമി കയ്യേറിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ യോഗത്തിൽ അത് നിഷേധിച്ചത് സങ്കടകരമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ചൈന നമ്മുടെ ഭൂമി കയ്യേറിയെന്ന കാര്യം ലഡാക്കിലെ ഓരോ വ്യക്തിക്കുമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഡാക്ക് യാത്രയിലെ അവസാന ദിവസമായ ഇന്ന് കാർഗിലിലെ പൊതുയോഗത്തിൽ സംസാരിക്കവേയായിരുന്നു രാഹുലിന്റെ പ്രതികരണം.
‘കഴിഞ്ഞ ആഴ്ച ലഡാക്ക് മുഴുവൻ ഞാൻ ബൈക്കിൽ സഞ്ചരിച്ചു. ലഡാക്ക് തന്ത്രപ്രധാനമായ സ്ഥലമാണ്. പാങോങ് തടാകത്തിലെത്തിയപ്പോൾ ഇന്ത്യയിലെ കിലോമീറ്ററുകളോളം സ്ഥലം ചൈന പിടിച്ചെടുത്തെന്ന് എനിക്ക് മനസിലായി. എന്നാൽ പ്രതിപക്ഷ യോഗത്തിൽ ഒരു ഇഞ്ച് ഭൂമി പോലും ചൈന പിടിച്ചെടുത്തില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ പരാമർശം തികച്ചും തെറ്റാണ്.
നമ്മുടെ ഭൂമി ചൈന കയ്യേറിയ കാര്യം ലഡാക്കിലെ ഓരോ മനുഷ്യർക്കുമറിയാം. എന്നാൽ പ്രധാനമന്ത്രി സത്യം പറയുന്നില്ല,’ രാഹുൽ ഗാന്ധി പറഞ്ഞു.
തന്റെ ലഡാക്ക് യാത്രയിൽ രണ്ടാമത്തെ തവണയാണ് രാഹുൽ ഗാന്ധി ചൈനയുമായുള്ള അതിർത്തി പ്രശ്നത്തെ കുറിച്ച് സംസാരിക്കുന്നത്. ലഡാക്കിലെ ഒരിഞ്ച് സ്ഥലം പോലും ചൈന പിടിച്ചെടുത്തില്ലെന്ന മോദിയുടെ പ്രസ്താവന ശരിയല്ലെന്ന് അദ്ദേഹം ഞായറാഴ്ചയും പറഞ്ഞിരുന്നു.
സമ്പൂർണ സംസ്ഥാനത്തിനും സുരക്ഷയ്ക്കും വേണ്ടി പോരാടുന്ന കാർഗിൽ ഡെമോക്രാറ്റിക് അലയൻസിനും അദ്ദേഹം പിന്തുണ നൽകി.
‘നിങ്ങൾ പറയുന്നത് ഞാൻ കേട്ടു. നിങ്ങളുടെ സമരത്തിൽ കോൺഗ്രസ് നിങ്ങളോടൊപ്പം നിൽക്കുന്നുവെന്ന് അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സുരക്ഷാ ആവശ്യകതകളായോ തൊഴിൽ പ്രശ്നങ്ങളുമായോ നിങ്ങൾക്കെന്നെ ബന്ധപ്പെടാം. ലഡാക്ക് പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ്. 21 നൂറ്റാണ്ടിൽ എല്ലാം സൗരോർജത്തിലാണ്. ലഡാക്കിൽ അതിന് ക്ഷാമമില്ല.
നിങ്ങൾക്ക് രാഷ്ട്രീയ പ്രാതിനിധ്യം നൽകിയാൽ അവർക്ക് നിങ്ങളുടെ ഭൂമി തട്ടിയെടുക്കാൻ കഴിയില്ലെന്ന് ബി.ജെ.പിക്ക് അറിയാം. ബി.ജെ.പി നിങ്ങളുടെ ഭൂമി അദാനിക്ക് നൽകാൻ ആഗ്രഹിക്കുന്നു. എന്നാൽ ഞങ്ങളത് അനുവദിക്കില്ല,’ രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ മോദി ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്ങിനെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്റ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം