×

കർഷകരുടെ ഡല്‍ഹി സമരം; ഹരിയാനയിലെ ഏഴു ജില്ലകളിൽ നിരോധനാജ്ഞ,​ ഇന്റർനെറ്റ് നിരോധിച്ചു

google news
farmer
 

ന്യൂഡൽഹി : കർഷകർ ചൊവ്വാഴ്ച നടത്തുന്ന ഡൽഹി മാർച്ചിനെ നേരിടാൻ ഹരിയാന,​ ഡൽഹി അതിർത്തികളിൽ നിയന്ത്രണം കടുപ്പിച്ചു. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞയും ഇന്റർനെറ്റ് നിരോധനവും പ്രഖ്യാപിച്ചു. കർഷകർ ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ അതിർത്തികൾ അടച്ചു.

താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇരുന്നൂറോളം കർഷക സംഘടനകളാണ് ചൊവ്വാഴ്ച സമരം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് വർ‌ഷം മുൻപ് നടന്ന കർഷക സമരത്തിലുണ്ടായ അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഹരിയാന ഡൽഹി അതിർത്തികളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 

പഞ്ചാബിൽ നിന്ന് ഹരിയാനയിലേക്ക് കർ‌ഷകർ കടക്കാതിരിക്കാൻ അതിർത്തികൾ പൊലീസ് ബാരിക്കേഡും കോൺക്രീറ്റ് ബ്ലോക്കും വച്ച് അടച്ചു. ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്ക് കടക്കുന്ന ഭാഗങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

നാളെ തന്നെ പഞ്ചാബിൽ നിന്ന് കർഷകർ ട്രാക്ടർ മാർച്ച് തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഇരുപതിനായിരത്തോളം കർഷകർ 2000 ട്രാക്ടറുകളുമായി ഡൽഹിയിലേക്ക് വരുമെന്നാണ് ഇന്റലിജൻസ് നൽകുന്ന വിവരം. പഞ്ചാബ്,​ ഹരിയാന,​ രാജസ്ഥാൻ,​ ഉത്തർപ്രദേശ്,​ കർണാടക സംസ്ഥാനങ്ങളിലെ കർഷകർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സംയുക്ത കർഷക മോർച്ച രാഷ്ട്രീയേതക വിഭാഗം ഉൾപ്പെടെയുള്ള ഇരുന്നൂറോളം കർഷക സംഘടനകളാണ് മാർച്ചിന് ആഹ്വാനം നൽകിയിരിക്കുന്നത്.

കർഷക സമരത്തിന് കോണ്‍ഗ്രസ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. കർഷക സമരത്തെ നേരിടാൻ അതിര്‍ത്തികള‍ില്‍ ആണികളും കന്പികളും നിരത്തിയതിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി അതിരൂക്ഷ വിമർശനം ഉയർത്തി. കാർഷിക നിയമങ്ങള്‍ പിൻവലിച്ചെങ്കിലും അതിന്‍റെ വിജ്ഞാപനം ഇതുവരെ ഇറങ്ങിയില്ലെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.

Read more....