പട്ന∙ മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും എൻഡിഎയിലേക്ക് ചേക്കേറുമെന്ന സൂചനകൾക്കു പിന്നാലെ ബിഹാറിൽ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ. ബിഹാറിലെ പത്തിലധികം കോൺഗ്രസ് എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തുന്നതായി ബിജെപിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ബിഹാറിൽ 19 എംഎൽഎമാർ കോൺഗ്രസിനുണ്ട്.
ഞായറാഴ്ച ജെഡിയു എംഎൽഎമാരുടെ യോഗം നിതീഷ് കുമാർ വിളിച്ചു. രാവിലെ 10 മണിക്കാണ് എംഎൽഎമാരുടെ യോഗം. ബിഹാറിലെ സാഹചര്യം വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്‍ഡ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവരുമായി ചർച്ച നടത്തിയതായും വിവരമുണ്ട്.
ആരുടെ മുന്നിലും വാതിലുകള്‍ അടച്ചിട്ടില്ലെന്നും കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും ബിജെപി നേതാവ് സുശീല്‍ കുമാർ മോദി പറഞ്ഞു. വാതിലുകൾ അടച്ചിട്ടില്ലെന്ന സുശീൽ മോദിയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു ബിജെപി ബിഹാർ പ്രസിഡന്റ് സാമ്രാട്ട് ചൗധരിയുടെ മറുപടി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















