തിരുവനന്തപുരം: ഒരു നുണ നൂറുവട്ടം ആവര്‍ത്തിച്ചു പറഞ്ഞാലും സത്യം ഒരുനാള്‍ മറനീക്കി പുറത്തു വരിക തന്നെ ചെയ്യും. അത് പ്രകൃതി നിയമമാണ്. ആ നിയമം അടിവര ഇടുന്നതാണ് നിയമസഭാ രേഖയിലൂടെ കേരളം കണ്ടതും. ആര്‍.എം.പി രക്തസാക്ഷി ടി.പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കോ സി.പി.എം നേതാക്കള്‍ക്കോ യാതൊരു പങ്കുമില്ലെന്നാണ് അന്നും ഇന്നും എന്നും സി.പി.എം നിലപാട്. എന്നാല്‍, പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നത്, പാര്‍ട്ടി ഇതുവരെ പറഞ്ഞതെല്ലാം റദ്ദു ചെയ്തു കൊണ്ടാണ്.
പിണറായി വിജയന്‍ നല്‍കിയിരിക്കുന്ന ഉത്തരം ഇതാണ്: സിപിഐ(എം) അനുഭാവികളായ പന്ത്രണ്ട് പ്രതികളെ ശിക്ഷിച്ചിട്ടുണ്ട്. പ്രതികളുടെ പേരു വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. 1. അനൂപ്, 2. മനോജ് കുമാര്‍ എന്ന കിര്‍മാണി മനോജ്, 3. എന്‍.കെ സുനില്‍ കുമാര്‍ എന്ന കൊടി സുനി 4. രജീഷ് തുണ്ടിക്കണ്ടി എന്ന ടി.കെ, 5. കെ.കെ മുഹമ്മദ് ഷാഫി എന്ന ഷാഫി, 6. സിജിത്ത് എസ് എന്ന അണ്ണന്‍, 7. കെ. ഷിനോജ്, 8. കെ.സി രാമചന്ദ്രന്‍, 9. മനോജന്‍ എന്ന ട്രൗസര്‍ മനോജന്‍, 10. പടിഞ്ഞാറേ കഞ്ഞിക്കാട്ടില്‍ കുഞ്ഞനന്തന്‍, 11. പി.വി റഫീക്ക് എന്ന വാഴപടച്ചി റഫീക്ക്, 12. പ്രദീപന്‍ എം.കെ എന്ന ലംബു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ എത്ര പ്രതികളെ ശിക്ഷിച്ചിട്ടുണ്ട്, അവര്‍ ആരെല്ലാമാണെന്നും ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരാണ് എന്നും വിശദമാക്കാമോ എന്ന മുസ്ലീം ലീഗ് എം.എല്‍.എ എന്‍. ഷംസുദ്ദീന്റെ ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രിയുടെ ഈ മറുപടി. വളരെ തന്ത്രപരമായി ചോദ്യമനായിരുന്നു എന്‍. ഷംസുദ്ദീന്‍ ഉന്നയിച്ചത്. അതില്‍ പാര്‍ട്ടിയുടെ ചോര പുരണ്ട കൈകള്‍ വ്യക്തമാവുകയും ചെയ്തിരിക്കുന്നു. കോടതികളിലും പൊതു രാഷ്ട്രീയ മണ്ഡലത്തിലും ടി.പി. വധവുമായി ഒരു ബന്ധവുമില്ലെന്ന പാര്‍ട്ടിയും ഗീബല്‍സിയന്‍ തിയറിയാണ് പൊളിഞ്ഞത്.
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളും, സര്‍ക്കാരും, കെ.കെ.രമയും നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പ്രഖ്യാപിച്ചിട്ടുണ്ട്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികളുടെ ശിക്ഷ കോടതി ശരിവച്ചു. കേസില്‍ സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന കെ.കെ കൃഷ്ണന്‍, 11-ാം പ്രതി ജ്യോതി ബാബു എന്നിവരെ വെറുതെവിട്ടത് റദ്ദാക്കുകയും ചെയ്തു. അതേസമയം, സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി. മോഹനന്‍ ഉള്‍പ്പെടെ 22 പേരെ വെറുതെവിട്ട വിചാരണാ കോടതി ഉത്തരവ് ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികള്‍, സര്‍ക്കാര്‍, കെ.കെ രമ എന്നിവര്‍ നല്‍കിയ ഹരജികളിലാണ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. ജസ്റ്റിസ് ജയശങ്കരന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. കേസില്‍ പത്താം പ്രതിയായിരുന്നു കെ.കെ കൃഷ്ണന്‍. ടി.പിക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് കേസുണ്ടായിരുന്നു. ടി.പിയുടെ തല തെങ്ങിന്‍പൂക്കുല പോലെ ചിതറുമെന്ന് പ്രസംഗിച്ച ആളാണ് കൃഷ്ണനെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു സി.പി.എം നേതാവാണ് ജ്യോതി ബാബു. ഇവര്‍ക്കെതിരെ ഐ.പി.സി ഗൂഢാലോചനാകുറ്റം ചുമത്താനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 2014ലാണ് 12 പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചത്. ഈ ഉത്തരവ് ചോദ്യംചെയ്താണ് ഹൈക്കോടതിയില്‍ അപ്പീലുകള്‍ എത്തിയത്. ശിക്ഷിക്കപ്പെട്ട 12 പ്രതികള്‍ ശിക്ഷാവിധിക്കെതിരെ പ്രതികളും, പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും, സി.പി.എം നേതാവ് പി. മോഹനന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ.കെ രമയും നല്‍കിയ അപ്പീലുകളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കേസില്‍ പ്രതി ചേര്‍ത്തതില്‍ ഗൂഢാലോചന ഉണ്ടെന്നാണ് പ്രതികളുടെ വാദം. സി.പി.എം വിട്ടതിനുശേഷം ഒഞ്ചിയത്ത് ആര്‍.എം.പിക്കു രൂപംനല്‍കിയതിലുള്ള പ്രതികാരമാണ് കൊലയ്ക്കു കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് നാലിനു രാത്രി പത്തേകാലിനായിരുന്നു ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രശേഖരനെ കാറിടിച്ചു വീഴ്ത്തി വെട്ടിയതിനു ശേഷം പ്രദേശത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. കേസില്‍ കൊടി സുനി, കിര്‍മാണി മനോജ്, സി,പി,എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ കുഞ്ഞനന്തന്‍ ഉള്‍പ്പെടെ 11 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ജയില്‍ശിക്ഷ അനുഭവിക്കവെ 2020 ജൂണില്‍ കുഞ്ഞനന്തന്‍ മരിച്ചു. സി.പി.എം നേതാവ് പി. മോഹനന്‍ ഉള്‍പ്പെടെ 24 പേരെ കോടതി വെറുതെവിടുകയും ചെയ്തിരുന്നു.
ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ സിപിഎം പാനൂര്‍ ഏര്യാ കമ്മിറ്റി അംഗമായ പി.കെ. കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചിരുന്നു. ടി.പി കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി. ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട 12 പ്രതികളുമായി ഒരു ബന്ധവുമില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ അവകാശവാദം. എന്നാല്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കെല്ലാം സിപിഎമ്മുമായി ബന്ധമുണ്ടെന്നാണ് നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നത്. 2018 ജൂണ്‍ 11നാണ് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ ചോദ്യം എഴുതി നല്‍കിയത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക