×

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന് വിടനൽകി കുടുംബവും നാടും, സംസ്കാര ചടങ്ങുകൽ പൂർത്തിയായി

google news
manathavadi

മാനന്തവാടി: വയനാട്ടിലെ പലമടയിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷി(47)ന് വിടനൽകി കുടുംബവും നാടും. മൂന്ന് മണിയോടെ അന്തിമ ശുശ്രൂഷകള്‍ ആരംഭിച്ചു. മൂന്നരയോടെ ശുശ്രൂഷകള്‍ പൂര്‍ത്തിയായി. തുടര്‍ന്ന് വീട്ടില്‍നിന്ന് വിലാപയാത്രയായി മൃതദേഹം അരക്കിലോമീറ്റര്‍ അകലെയുള്ള പടമല സെന്റ് അല്‍ഫോണ്‍സ പള്ളിയിലെത്തിച്ചു.

അജീഷിന്‍റെ മാതാപിതാക്കളായ ജോസഫും എല്‍സിയും ഭാര്യ ഷീബയും മക്കളായ അല്‍നയും അലനും പ്രിയപ്പെട്ടവന്‍റെ അപ്രതീക്ഷിത വേർപാട് താങ്ങാനാകാതെ വിതുമ്പുന്നത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു. വേണ്ടപ്പെട്ടവര്‍ അന്തിമചുംബനം നല്‍കിയതോടെ അജീഷിന്റെ മൃതദേഹവുമായി പള്ളിയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു. നൂറുകണക്കിനാളുകള്‍ വിലാപയാത്രയില്‍ പങ്കുചേര്‍ന്നു.

ബേലൂര്‍ മഖ്‌ന എന്ന കാട്ടാനയുടെ ആക്രണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലേക്ക് നാട്ടുകാരുടെ വലിയ ഒഴുക്കായിരുന്നു. അജീഷിനെ അവസാനമായി ഒരുനോക്കുകാണാന്‍ ശനിയാഴ്ച രാത്രിമുതല്‍തന്നെ വീട്ടിലേക്ക് ആളുകള്‍ എത്തിക്കൊണ്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി രാത്രി ഒമ്പതരയോടെയാണ് അജീഷിന്റെ മൃതദേഹം ചാലിഗദ്ദയിലെ വീട്ടിലെത്തിച്ചത്.

Read more....

ശനിയാഴ്ച രാവിലെ 7.10 ഓടെയാണ് വീട്ടുമുറ്റത്തേക്ക് ഓടിക്കയറി അജീഷിനെ ആന ചവിട്ടിക്കൊന്നത്. കര്‍ഷകനും ട്രാക്ടര്‍ ഡ്രൈവറുമായിരുന്നു അജീഷ്. ആനയെ കണ്ട് അജീഷ് അയല്‍വീട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പടവുകള്‍ കയറിയെത്തിയ ആന വീടിന്റെ ഗേറ്റ് തകര്‍ത്ത് അജീഷിനെ ചുഴറ്റിയെറിഞ്ഞ ശേഷം ചവിട്ടുകയായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക