കൊല്ലം: കൊല്ലം: ഹൈന്ദവ വിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് എൻഎസ്എസ് പ്രതിഷേധം നടത്തുന്നതിനിടെ സ്പീക്കർ എഎൻ ഷംസീറിന്റെ പേരിൽ അർച്ചന. ഇടമുളക്കൽ മണികണ്ഠേശവ മഹാദേവ ക്ഷേത്രത്തിലാണ് പൂജ നടത്തിയത്. കൊല്ലം ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പർ കരയോഗത്തിന്റെ പ്രസിഡന്റ് അഞ്ചൽ ജോബാണ് സ്പീക്കർക്ക് വേണ്ടി ശത്രുസംഹാര അർച്ചന നടത്തിയത്. എൻഎസ്എസ് സ്പീക്കർക്കെതിരെ നാമജപ സംഗമം നടത്തുന്നതിനിടെയാണ് പൂജ നടത്തിയത്.
മിത്തുകളെ ശാസ്ത്രമായി വ്യാഖ്യാനിച്ച് പഠിപ്പിക്കുന്നതിനെതിരെയുള്ള സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസംഗവുമായി ബന്ധപ്പെട്ടാണ് എൻഎസ്എസിന്റെ സമരം. ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുകയാണ് എൻഎസ്എസ്. നാമജപ ഘോഷയാത്രയും നടത്തുന്നുണ്ട്. സ്പീക്കറിന്റേത് ചങ്കിൽ തറച്ച പ്രസ്താവനയാണെന്നും പരാമർശത്തിന് പിന്നിൽ ഹൈന്ദവ വിരുദ്ധതയെന്നും വിശ്വാസ സംരക്ഷണത്തിൽ ആർഎസ്എസിനും ബിജെപിക്കും ഒപ്പം നിൽക്കുമെന്നും സുകുമാരൻ നായർ ഇന്ന് വ്യക്തമാക്കിയിരുന്നു.
എല്ലാ മതങ്ങളെയും സ്നേഹിച്ച് മുന്നോട്ട് പോകുന്ന പാരമ്പര്യമാണ് ഹൈന്ദവരുടേത്. ഈശ്വരനെ നിന്ദ്യവും നീചവുമായി അപമാനിക്കാൻ ശ്രമിച്ചാൽ വിട്ടുവീഴ്ചയില്ലാതെ എതിർക്കും. ബിജെപിയും ആർഎസ്എസും ഇക്കാര്യം പറഞ്ഞുകഴിഞ്ഞു. അവരോടൊപ്പം യോജിച്ച് പ്രവർത്തിക്കാനാണ് എൻഎസ്എസ് തീരുമാനം. സ്പീക്കർ രാജിവെക്കണമെന്ന് ആവശ്യമില്ല.
ഇത്രയും മോശമായി സംസാരിച്ചയാൾ സ്ഥാനത്ത് തുടരാൻ അർഹനല്ല. ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണം. അബദ്ധം പറ്റിയെന്ന് സമ്മതിച്ച് മാപ്പു പറയണം. ഇല്ലെങ്കിൽ സർക്കാർ നടപടി സ്വീകരിക്കണം. വിശ്വാസത്തിൽ കവിഞ്ഞുള്ള ഒരു ശാസ്ത്രവും നില നിൽക്കുന്നില്ല. ശാസ്ത്രത്തിന് അടിസ്ഥാനം പറയാൻ ഗണപതിയുടെ കാര്യത്തിൽ മാത്രമേയുള്ളോയെന്നും സുകുമാരൻ നായർ ചോദിച്ചു.
എ കെ ബാലനെ വിമർശിച്ച സുകുമാരൻ നായർ, ബാലന് ആര് മറുപടി പറയാനെന്നും അയാൾക്ക് തുണ്ടുവിലയല്ലേ ഉള്ളൂവെന്നും പറഞ്ഞു. നായൻമാരായ ബിജെപിക്കാരാണ് തന്നെ സ്വീകരിക്കാൻ വന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലും കോൺഗ്രസിലും നായൻമാരുണ്ട്. ഇത്ര നാളായി ഷംസീറിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. മുസ്ലിം സഹോദരങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നുണ്ട്. നല്ല ആളുകളാണ് അവരിൽ ഏറെയും. എന്നാൽ ചില പുഴുക്കുത്തുകൾ ഉണ്ട്. അവരുടെ ലക്ഷ്യം രാഷ്ട്രീയമോ മറ്റെന്തെങ്കിലുമോ ആകാമെന്നും സുകുമാരൻ നായർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം