തിരുവനന്തപുരം: കുടിവെള്ള ചാർജ് കുടിശ്ശിക വരുത്തുന്ന ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കാനെത്തുന്ന വാട്ടർ അതോറിറ്റി ജീവനക്കാരെ ആക്രമിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ,ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ അതോറിറ്റി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാതൃകാപരമായ നടപടികൾ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഐഎഎസ് ആവശ്യപ്പെട്ടു.
ദിവസങ്ങൾക്കു മുൻപ് പാലക്കാട് കല്ലേപ്പുള്ളി ഇന്ദിരാനഗറിൽ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെത്തുടർന്ന് വാട്ടർ അതോറിറ്റി ജീവനക്കാരെ ആക്രമിച്ചതാണ് ഇത്തരത്തിലുള്ള ഒടുവിലത്തെ സംഭവം. വിച്ഛേദന നടപടികൾ കർശനമാക്കിയ ശേഷം ഇത്തരത്തിൽ ആക്രമണങ്ങൾ പതിവാണ്.പാലക്കാട് കുടിവെള്ള ചാർജ് ആറുമാസത്തെ കുടിശ്ശികയുണ്ടായിരുന്ന വീട്ടിൽ കണക്ഷൻ വിഛേദിച്ച ജീവനക്കാരെ ഗൃഹനാഥൻ ബൈക്കിൽ പിന്തുടർന്നെത്തിയാണ് ആക്രമിച്ചത്. മാത്രമല്ല വീട്ടമ്മയെ ആക്രമിച്ചെന്ന വ്യാജ പരാതിയും ഇവർ പൊലീസിൽ നൽകി.
കുടിശ്ശിക അടച്ചുകൊണ്ടു നിൽക്കവേയാണ് കണക്ഷൻ വിച്ഛേദിച്ചതെന്നാണ് ഇവരുടെ ആരോപണം. എന്നാൽ കണക്ഷൻ വിച്ഛേദിച്ചത് രാവിലെ പതിനൊന്നു മണിയോടെയും കുടിശ്ശിക അടച്ചത് വൈകിട്ട് അഞ്ചുമണിയോടെ ഓൺലൈൻ വഴിയാണെന്നും വാട്ടർ അതോറിറ്റി ഇ-അബാക്കസ് രേഖകളിൽ വ്യക്തമാണ്. മാസങ്ങളായി കുടിവെള്ള ചാർജ് കുടിശ്ശികയായതിനാൽ ഉടൻ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ് മീറ്റർ റീഡർ വീട്ടിലെത്തി നൽകിയിരുന്നു.
കുടിവെള്ള ചാർജ് കുടിശ്ശിക അടച്ചാൽ കണക്ഷൻ പുനഃസ്ഥാപിച്ചു നൽകാറുണ്ടെങ്കിലും, വ്യാജപരാതികളും ആക്രമണങ്ങളും ജീവനക്കാരുടെ മനോവീര്യം തകർക്കുകയാണെന്നും ഇതിനെതിരെ പൊലീസ് ഫലപ്രദമായി ഇടപടണമെന്നും സത്യസന്ധമായി കേസ് അന്വേഷിച്ച് ജീവനക്കാർക്ക് ധാർമിക പിന്തുണ നൽകണമെന്നും വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് സംഭവത്തിൽ, തുടർന്ന് പൊലീസിന്റെ ഭാഗത്തു നിന്ന് ജീവനക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന നടപടികളുണ്ടാകണമെന്നും എംഡി ആവശ്യപ്പെട്ടിട്ടുണ്ട്.