നവവധു ആത്​മഹത്യ ചെയ്​ത സംഭവം: വീഴ്ച വരുത്തിയ സിഐക്കെതിരെ നടപടി, സ്റ്റേഷൻ ചുമതലയിൽ നിന്ന് മാറ്റി

mofia suicide

കൊച്ചി: ആലുവയിൽ നവവധു തൂങ്ങി മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ നടപടി. ആരോപണ വിധേയനായ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കി. ആലുവ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. അതേസമയം സംഭവത്തിൽ ഭർത്താവിനെതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.

ഇന്ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.

തുടർന്ന് ആലുവ ഡി വൈ എസ് പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. ഇന്നലെ പെൺകുട്ടിയുടെയും ഭർത്താവിൻ്റെയും വീട്ടുകാരെ മധ്യസ്ത ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധിക്കും എന്നും പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു.