ഭൂതത്താൻകെട്ട് പദ്ധതി കരാറിൽ തർക്കം; കെ.എസ്.ഇ.ബി.ക്ക് 32 കോടി ഉത്പാദനനഷ്ടം

google news
b


തിരുവനന്തപുരം: കെ.എസ്.ഇ.ബി.യിലെ ആഭ്യന്തരതർക്കത്തിൽ ഭൂതത്താൻകെട്ട് ജലവൈദ്യുതപദ്ധതിയുടെ പണി പൂർത്തിയാക്കാനാകാതെ മുടങ്ങുന്നു. കെ.എസ്.ഇ.ബി.തന്നെയുണ്ടാക്കിയ കരാറിൽ അവർ തന്നെ സംശയം പ്രകടിപ്പിച്ച് പണം നൽകാതിരിക്കുന്നതാണ് കാരണം. 12 കോടികൂടി ചെലവഴിച്ചാൽ 24 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്നതാണ് പദ്ധതി. കരാറിലെ തർക്കം കാരണം ഓരോവർഷവും 34 കോടിയുടെ ഉത്പാദനനഷ്ടമാണ്  ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഭൂതത്താൻകെട്ട് അണക്കെട്ടിലെ അധികജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. 231.21 കോടിരൂപയുടെ പദ്ധതി 2016-ൽ പണിപൂർത്തിയാക്കി കമ്മിഷൻ ചെയ്യാനായിരുന്നു തീരുമാനം.

CHUNGATHE


ശ്രീശരവണ എൻജിനിയറിങ് ഭവാനി കമ്പനിയും ഹുനാൻഷാങ് ജനറേറ്റിങ് എക്യുപ്‌മെന്റ് കമ്പനിയും ചേർന്നുള്ള കൺസോർഷ്യമാണ് കരാർ ഏറ്റെടുത്തത്. 99.7 ശതമാനം സിവിൽജോലികളും, 86.61 ശതമാനം മെക്കാനിക്കൽജോലികളും പൂർത്തിയായിട്ടുണ്ട്. അവസാനഘട്ടത്തിലുള്ള യന്ത്രങ്ങൾ സ്ഥാപിക്കലാണ് ബാക്കിയുള്ളത്.സാമ്പത്തികപ്രതിസന്ധിയിലായ ശ്രീശരവണയ്ക്ക് ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള പണം ഹുനാൻഷാങ് കമ്പനിക്ക് നൽകാൻ കഴിയാതിരുന്നതോടെയാണ് പ്രശ്നമുണ്ടാകുന്നത്. ഇത് പദ്ധതിയെ ബാധിച്ചതോടെ കെ.എസ്.ഇ.ബി. ഇടപെട്ടു.

ശ്രീശരവണ, ഹുനാൻഷാങ്, കെ.എസ്.ഇ.ബി. എന്നിവർ കക്ഷികളായി ഏപ്രിൽ 27-ന് ത്രികക്ഷി കരാറുണ്ടാക്കി. ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള പണം ഹുനാൻഷാങ് കമ്പനിക്ക് കെ.എസ്.ഇ.ബി. നേരിട്ട് നൽകാമെന്നായിരുന്നു വ്യവസ്ഥ. 10.75 കോടി രൂപയുടെ ഉപകരണങ്ങളാണ് ഇനി സ്ഥാപിക്കാനുള്ളത്. അതേസമയം, ശ്രീശരവണ കമ്പനിക്ക് ബില്ലിൽനിന്ന് പിടിച്ചുവെച്ചതും നിക്ഷേപവും അടക്കം 29 കോടിരൂപ കെ.എസ്.ഇ.ബി. നൽകാനുണ്ട്. അതിനാൽ, ഹുനാൻഷാങ് കമ്പനിക്ക് 10.75 കോടിരൂപ നേരിട്ട് നൽകിയാലും കെ.എസ്.ഇ.ബി.ക്ക് ബാധ്യതയാവില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ത്രികക്ഷി കരാർ.

read also.....'ബാങ്ക് പ്രസിഡന്റിന്റെ കള്ള ഒപ്പിട്ട് പോലും സെക്രട്ടറി ലോൺ അനുവദിച്ചു; കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് ആസൂത്രിത തട്ടിപ്പായിരുന്നുവെന്ന് മുൻ ഭരണ സമിതി അംഗം മഹേഷ് കൊരമ്പിൽ

കെ.എസ്.ഇ.ബി. ചെയർമാൻ മാറിയപ്പോൾ കരാറിൽ തർക്കമുന്നയിച്ചു. കക്ഷിയിലൊന്ന് ചൈനീസ് കമ്പനിയായതിനാൽ കരാർ നിലനിൽക്കില്ലെന്നാണ് ബോർഡിന്റെ ഇപ്പോഴത്തെ നിലപാട്. ഏഴുകാര്യങ്ങളിൽ പരിശോധന ആവശ്യപ്പെട്ട് ബോർഡ് സർക്കാരിന് കത്ത് നൽകി. ഇതിൽ സർക്കാരും നിലപാടെടുത്തില്ല. അതോടെ പദ്ധതി സ്തംഭിച്ചു.ഇനി പരമാവധി ചെലവുവരുന്നത് 12 കോടിരൂപയാണ്. പദ്ധതി പൂർത്തിയാവാത്തതിനാൽ കെ.എസ്.ഇ.ബി.ക്ക് ഉത്‌പാദനനഷ്ടം 32 കോടിരൂപയാണ്. പദ്ധതി 90 ശതമാനവും പൂർത്തിയായതിനാൽ പുതിയ ടെൻഡർ ചെയ്യാനാകില്ല. നിലവിലെ കരാർ റദ്ദാക്കിയാൽ ഉപകരണങ്ങളുടെ ഗാരന്റി അടക്കം പ്രശ്നമാകും.


ഭൂതത്താൻകെട്ട് പദ്ധതി എന്ന് കമ്മിഷൻ ചെയ്യാനാകുമെന്നത് സംബന്ധിച്ച് ഇപ്പോൾ തീരുമാനമെടുക്കാനാകില്ലെന്നാണ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ വ്യക്തമാക്കിയത്. കെ.എസ്.ഇ.ബി.യുടെ ബോർഡ് തീരുമാനമനുസരിച്ചുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ആ നടപടികളുടെ ഫലത്തിന് അനുസൃതമായാണ് കമ്മിഷനിങ് തീയതി നിശ്ചയിക്കാനാവുകയെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം