×

മറ്റു പാര്‍ട്ടികളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടേണ്ട; ലീഗിന്റെയും സമസ്തയുടെയും നിലപാടുകളില്‍ കോണ്‍ഗ്രസിന് ആശ്വാസം

google news
muslim

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരുന്ന തലവേദനയ്ക്ക് താത്കാലിക ആശ്വാസം. പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാതെ മുസ്ലിംലീഗും സമസ്തയും നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് കോണ്‍ഗ്രസിന് തലവേദന ഒഴിഞ്ഞത്. ചടങ്ങില്‍ പങ്കെടുത്താല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കേരളത്തിലടക്കവും രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കുന്ന സാഹചര്യമാണ് കോണ്‍ഗ്രസ് നേരിട്ടിരുന്നത്. ഇതോടെ വ്യക്തികള്‍ക്കാണ് ക്ഷണം ലഭിച്ചതെന്നും പാര്‍ട്ടി ഇതില്‍ ഒരു അഭിപ്രായം ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് കോണ്‍ഗ്രസ്. സോണിയ ഗാന്ധി ചടങ്ങിൽ സംബന്ധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സമസ്തയും ലീഗും വിഷയത്തില്‍ മയപ്പെടുത്തിയുള്ള നിലപാട് വ്യക്തമാക്കിയത്.

മറ്റു പാര്‍ട്ടികളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടേണ്ടെന്നാണ് വെള്ളിയാഴ്ച പാണക്കാട്ടുചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശകസമിതി യോഗത്തില്‍ തീരുമാനമെടുത്തത്. സിപിഎം ജറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ക്ഷണം തള്ളുകയും ഇതിനെ പ്രശംസിച്ചും കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ചും സമസ്ത മുഖപത്രം സുപ്രഭാതത്തില്‍ മുഖപ്രസംഗം വരികയും ചെയത് സാഹചര്യങ്ങള്‍ക്കിടെ ആയിരുന്നു ലീഗിന്റെ ഇത്തരമൊരു നിലപാട് പ്രഖ്യാപനം എന്നതും ശ്രദ്ധേയമായിരുന്നു. ഏക സിവില്‍കോഡ് വിഷയത്തിലടക്കം കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കിയ ലീഗ് ഇത്തവണ രാഷ്ട്രീയ തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞാണ് നിലപാടെടുത്തത്.

ഇത് കേവലം ആരാധനയുമായി ബന്ധപ്പെട്ട കാര്യമല്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രാഷ്ട്രീയ ഉദ്ഘാടനമാക്കി ഇതിനെ മാറ്റുകയാണു ലക്ഷ്യം. പ്രധാനമന്ത്രിയടക്കം ഈ ലക്ഷ്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഓരോ പാര്‍ട്ടിക്കും സ്വതന്ത്രമായി തീരുമാനമെടുക്കാം. ഇത് വൈകാരികമായ വിഷയംകൂടിയാണ്. അതിനാല്‍ ആ സ്വാതന്ത്ര്യത്തില്‍ ലീഗ് ഇടപെടില്ല. എന്നാല്‍ ഇതിലെ രാഷ്ട്രീയലക്ഷ്യം മതേതരനിലപാടുള്ള പാര്‍ട്ടികള്‍ തിരിച്ചറിയുമെന്നാണ് കരുതുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി യോഗത്തിന് ശേഷം പറഞ്ഞു.

ഇതിനിടെ സുപ്രഭാതത്തെ തള്ളിക്കൊണ്ട് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിലപാട് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന് കൂടുതല്‍ ആശ്വാസമായി.അയോധ്യ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നതില്‍ രാഷ്ട്രീയകക്ഷികള്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാവാമെന്നും അതില്‍ സമസ്ത അഭിപ്രായം പറയേണ്ട കാര്യമില്ലെന്നുമാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്.

read also...കോഴിക്കോട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരുണാന്ത്യം

ഓരോ രാഷ്ട്രീയകക്ഷിക്കും വ്യത്യസ്ത നയമുണ്ടാവും. ഇതൊന്നും സംഘടനയെന്നനിലയില്‍ സമസ്തയ്ക്ക് പ്രശ്‌നമല്ല. പ്രതിഷ്ഠയ്ക്ക് കോണ്‍ഗ്രസ് പോയാലും മുസ്ലിം സമുദായത്തിന്റെ വികാരം വ്രണപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ സമസ്തയുടെ നേതൃത്വത്തിലുള്ള പത്രത്തില്‍വന്ന മുഖപ്രസംഗം പൂര്‍ണമായും സമസ്തയുടെ അഭിപ്രായമായോ നിലപാടായോ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു