കോട്ടയം∙ വായ്പാ കുടിശ്ശികയുടെ പേരിൽ ബാങ്ക് ജീവനക്കാർ ഭീഷണിപ്പെടുത്തിയതിനെത്തുടർന്നു വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കർണാടക ബാങ്കിന്റെ കോട്ടയം നാഗമ്പടത്തെ ശാഖയ്ക്ക് മുന്നിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധം. കോട്ടയം കുടയംപടിയിൽ ക്യാറ്റ് വാക്ക് എന്ന പേരിൽ ചെരുപ്പ് കട നടത്തുന്ന കോട്ടയം കുടമാളൂർ അഭിരാമം വീട്ടിൽ കെ.സി. ബിനുവിന്റെ (50) മുതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധവും. കോട്ടയത്ത് ഇനി ഈ ബാങ്ക് പ്രവർത്തിക്കണോയെന്ന് ഡിവൈഎഫ്ഐ തീരുമാനിക്കുമെന്ന് ജെയ്ക് സി. തോമസ് വ്യക്തമാക്കി.
‘‘ഒരു മൃതദേഹവുമായി സമരം ചെയ്യേണ്ടിവരുന്ന അങ്ങേയറ്റം ദുരന്തപൂർണമായ സാഹചര്യം ആദ്യമായിട്ടായിരിക്കാം. ഇതിനി ആവർത്തിക്കാതിരിക്കട്ടെ. ബാങ്കിങ് ആപ്പുകളുടെയും മറ്റുംപേരിൽ നിരവധിപ്പേർക്ക് ജീവൻ നഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിന്റെയൊക്കെ കാരണക്കാർ ആരാണ്? ഏതുവിധേനെയും സാധാരണക്കാരായ മനുഷ്യന്റെ അവസാന നാണയത്തുട്ടുകൾ പലിശയുടെയും കൊള്ളപ്പലിശയുടെയും മറവിൽ അവരിൽനിന്ന് പിഴിഞ്ഞ് ഊറ്റിയെടുത്ത് തടിച്ചുവീർക്കാൻ വേണ്ടിയാണ് നിർഭാഗ്യവശാൽ നമ്മുടെ നാട്ടിലെ പുതുതലമുറ ബാങ്കുകൾ ശ്രമിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ അനുഭവമാണ് കർണാടക ബാങ്കിൽനിന്ന് ഉണ്ടായിട്ടുണ്ടത്.
ബിനുവിന്റെ മൃതദേഹത്തിന് അരികിലിരുന്ന് കുടുംബം ഏങ്ങലിടിച്ചു പറയുന്നു – രണ്ടു മാസങ്ങൾക്കു മുൻപ് ആകെയുണ്ടായിരുന്ന ഓട്ടോറിക്ഷ വിൽപ്പന നടത്തി ഉണ്ടായിരുന്ന കുടിശിക പൂർണമായും അടച്ചുതീർത്തിരുന്നു. വീണ്ടും ബാങ്കിൽനിന്ന് മാനേജറും വിളിച്ച് പണം അടയ്ക്കാൻ ആവശ്യപ്പെട്ടു. വാട്സാപ് മുഖാന്തരം അവരയച്ച വോയിസ് നോട്ടുകൾ ഇപ്പോഴും കുടുംബത്തിന്റെ കൈവശമുണ്ട്. ഓരോ തവണയും വീട്ടിലെത്തി ഭീഷണിപ്പെടുത്തുമായിരുന്നത്രേ. അതോടൊപ്പം കടയിൽക്കയറി അവരുടെ വ്യാപാരത്തിൽനിന്നു കിട്ടുന്ന പണം ബാങ്കിന്റെ ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് എടുത്തുകൊണ്ടുപോകുമായിരുന്നത്രേ.
എന്താണ് നമ്മുടെ നാട്ടിൽ സംഭവിക്കുന്നത്. ഇങ്ങനെയാണ് പുതുതലമുറ ബാങ്കുകൾ മുന്നോട്ടുപോകുന്നതെങ്കിൽ അവർക്കൊരു താക്കീതും നൽകുന്നു. ഇങ്ങനെയാണ് നിങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ… ഏതെങ്കിലുമൊരു വ്യാപാരിയുടെ കടയിൽക്കയറി അവരുടെ ചില്ലിക്കാശ് പിടിച്ചുപറിച്ചുകൊണ്ടുപോയാൽ… അതിൽനിന്ന് ലാഭം ഊറ്റിക്കുടിച്ച് വളരാമെന്നു വിചാരിച്ചാൽ… കർണാടക ബാങ്ക് പോലുള്ളവ ഇനി ഈ കോട്ടയത്ത് പ്രവർത്തിക്കണോ വേണ്ടയോയെന്ന് ഡിവൈഎഫ്ഐ തീരുമാനിക്കും. അതു നിങ്ങൾക്കുള്ള താക്കീതാണ്. നിങ്ങൾ ഓർമിച്ചുകൊള്ളണം’’ – ജെയ്ക് സി. തോമസ് കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം