×

സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളേജുകളിൽ കൂടി എമർജൻസി മെഡിസിൻ ആന്റ് ട്രോമകെയർ വിഭാഗം ആരംഭിക്കും; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

google news
VEENA GEORGE

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളേജുകളിൽ കൂടി എമർജൻസി മെഡിസിൻ ആന്റ് ട്രോമകെയർ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ എമർജൻസി മെഡിസിൻ വിഭാഗമുണ്ട്. അംഗീകാരം ലഭിച്ച ബാക്കിയുള്ള മെഡിക്കൽ കോളേജുകളായ കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മഞ്ചേരി എന്നിവിടങ്ങളിലാണ് എമർജൻസി മെഡിസിൻ വിഭാഗം പുതുതായി ആരംഭിക്കുന്നത്. ഇതിനായി ഈ മെഡിക്കൽ കോളേജുകളിൽ ഒരു അസോസിയേറ്റ് പ്രൊഫസർ, ഒരു അസിസ്റ്റന്റ് പ്രൊഫസർ, 2 സീനിയർ റസിഡന്റ് തസ്തികകൾ വീതം സൃഷ്ടിച്ചിട്ടുണ്ട്. ഇതുകൂടാതെ തിരുവന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ രണ്ട് വീതം സീനിയർ റസിഡന്റുമാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. സമയബന്ധിതമായി എല്ലാ മെഡിക്കൽ കോളേജുകളിലും എമർജൻസി മെഡിസിൻ വിഭാഗം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അപകടത്തിൽപ്പെട്ടോ മറ്റ് അസുഖങ്ങൾ ബാധിച്ചോ വരുന്നവർക്ക് ഗുണമേന്മയുള്ള അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി മന്ത്രി വീണാ ജോർജ് മുൻകൈയ്യെടുത്ത് മെഡിക്കൽ കോളേജുകളിൽ നടപ്പിലാക്കിയ ക്വാളിറ്റി മാനേജ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് എമർജൻസി മെഡിസിൻ വിഭാഗം എല്ലാ മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കുന്നത്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികൾക്ക് ഒരു കുടക്കീഴിൽ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കൽ ശാസ്ത്ര ശാഖയാണ് എമർജൻസി മെഡിസിൻ.

ഹൃദയാഘാതം, തലച്ചോറിലെ രക്തസ്രാവം, അപകടങ്ങൾ, വിഷബാധ തുടങ്ങിയ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് സമയം ഒട്ടും പാഴാക്കാതെ കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുന്നു. എമർജൻസി മെഡിസിൻ വിഭാഗം ആരംഭിക്കുന്നതോടെ മെഡിസിൻ, സർജറി, ഓർത്തോപീഡിക്സ്, കാർഡിയോളജി തുടങ്ങിയ അത്യാഹിത വിഭാഗത്തിലെ വിവിധ വിഭാഗങ്ങളുടെ ഏകീകരണത്തോടെയുള്ള ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനാകും.

READ ALSO...നരേന്ദ്ര മോഡിയുടെ കപട നാരീ സ്‌നേഹം ബി.ജെ.പിയുടെ സ്ത്രീ വിരുദ്ധത മറച്ചു പിടിക്കാന്‍; വിമന്‍ ഇന്ത്യാ മൂവ്മെന്റ്

പ്രധാന മെഡിക്കൽ കോളേജുകളിൽ എല്ലാ സ്പെഷ്യാലിറ്റി സൗകര്യങ്ങളുമുള്ള ട്രോമകെയർ സംവിധാനവും വിപുലമായ ട്രയേജ് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നടപ്പിലാക്കുന്ന ട്രോമ കെയർ സംവിധാനത്തിന്റെ മാതൃകയിലാണ് ഇവിടേയും നടപ്പാക്കി വരുന്നത്. ഒരു രോഗി എത്തുമ്പോൾ തന്നെ ആ രോഗിയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് ട്രയേജ് ചെയ്ത് റെഡ്, ഗ്രീൻ, യെല്ലോ സോണുകൾ തുടങ്ങി വിവിധ മേഖലയിലേക്ക് തിരിച്ചു വിട്ട് ചികിത്സ ഉറപ്പാക്കുന്നു. ഓപ്പറേഷൻ തീയറ്ററുകൾ, തീവ്ര പരിചരണ വിഭാഗങ്ങൾ, സ്‌കാനിംഗ് തുടങ്ങി തീവ്രപരിചരണത്തിന് വേണ്ട എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ടാകും. എമർജൻസി മെഡിസിൻ ആരംഭിക്കുന്നതോടെ ഭാവിയിൽ ഡിഎം കോഴ്സ് ആരംഭിക്കാനും ഈ മേഖലയിൽ കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാനും സാധിക്കുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു