സാരംഗിന് ഫുള്‍ എ പ്ലസ്; വിജയത്തിളക്കത്തിലും കണ്ണീർ നനവ്

google news
sarang

തിരുവനന്തപുരം: അവയവദാനത്തിലൂടെ ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ സാരംഗിന് എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം. എല്ലാവിഷയത്തിലും സാരംഗിന് എ പ്ലസ് ലഭിച്ചു. ഓട്ടോറിക്ഷ അപകടത്തില്‍ പരിക്കേറ്റ  സാരംഗ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് സാരംഗ്. വിദ്യാര്‍ഥിയായ സാരംഗിന് കഴിഞ്ഞ 6നായിരുന്നു അപകടം സംഭവിച്ചത്. അമ്മയുമൊത്ത് ഓട്ടോയില്‍ സഞ്ചരിക്കവെ തോട്ടയ്ക്കാട് വടകോട്ട്കാവ് കുന്നത്ത്‌കോണം പാലത്തിനു സമീപം വളവില്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണംവിട്ട് ഓട്ടോ മറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സാരംഗ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  

മകനെ നഷ്ടപ്പെട്ട ദുഃഖത്തിനിടയിലും സാരംഗിന്റെ കണ്ണുകള്‍, കരള്‍, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതം നല്‍കുകയായിരുന്നു.

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ സാരംഗിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയ എന്നിവ ദാനം നല്‍കിയതായി മന്ത്രി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. കായിക താരം ആകാന്‍ ആഗ്രഹിച്ച, ഫുട്ബോളിനെ ഏറെ സ്നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്. മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

Tags