തിരുവനന്തപുരം: ഹയർസെക്കൻഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിക്കുന്നത് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ തടഞ്ഞു. അധ്യയന വർഷത്തിന്റെ അവസാനം സ്ഥലംമാറ്റം നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണു നടപടി.
ഈ അധ്യയന വർഷം സ്ഥലംമാറ്റം നടപ്പാക്കുന്നതിനു പകരം അടുത്ത അധ്യയന വർഷം തസ്തിക നിർണയ നടപടി പൂർത്തിയാക്കുമ്പോൾതന്നെ സ്ഥലംമാറ്റം നടപ്പാക്കുന്നതിൽ ട്രൈബ്യൂണൽ സർക്കാറിനോട് അഭിപ്രായം തേടിയിരുന്നു. സർക്കാർ നിലപാട് അറിയിക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ട്രൈബ്യൂണൽ നിർദേശം നൽകുകയും ചെയ്തിരുന്നു.
എന്നാൽ, ഹരജി കഴിഞ്ഞ ദിവസം വീണ്ടും പരിഗണിച്ചപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി അണ്ടർ സെക്രട്ടറി സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ ട്രൈബ്യൂണൽ അതൃപ്തി രേഖപ്പെടുത്തി. സർക്കാറിന്റെ അഭിപ്രായം അറിയിക്കുന്നതിൽ പ്രിൻസിപ്പൽ സെക്രട്ടറി പരാജയപ്പെട്ടെന്ന് ട്രൈബ്യുണൽ നിരീക്ഷിച്ചു. തുടർന്നാണ് ഹരജി വീണ്ടും പരിഗണിക്കുന്ന ജനുവരി 29 വരെ സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിക്കുന്നത് തടഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു