×

തിരുവനന്തപുരത്ത് താൻ തന്നെ സ്ഥാനാർഥിയാകുമെന്ന് ഉറപ്പാണ്: ശശി തരൂർ

google news
Sh

തിരുവനന്തപുരം: തിരുവനന്തപുരത്ത് താൻ തന്നെ സ്ഥാനാർഥി എന്ന് ഉറപ്പിച്ച്‌ ശശി തരൂർ എംപി. പാർട്ടിയുടെ തീരുമാനം വരുമ്പോൾ താൻ തന്നെ സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നതെന്നും മനസ്സുകൊണ്ട് തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  

തിരുവനന്തപുരത്ത് തരൂർ അല്ലാതെ മറ്റൊരു സ്ഥാനാർഥിയുടെ പേര് കോണ്‍ഗ്രസിനു മുമ്പില്‍ ഇല്ലല്ലോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, 'എനിക്കും തോന്നുന്നു, പാർട്ടിയുടെ തീരുമാനം വരുമ്പോൾ അങ്ങനെ തന്നെ ആയിരിക്കുമെന്ന്. ഞാൻ എന്തായാലും മനസ്സുകൊണ്ട് തയ്യാറായിട്ടുണ്ട്. പക്ഷെ, പ്രഖ്യാപനം വരുന്നതിന് മുമ്പ് ഇറങ്ങാൻ ബുദ്ധിമുട്ടാണ്. ഞാൻ എന്തായാലും ഇവിടത്തെ എം.പി. ആയിട്ട് എപ്പോഴും ഉണ്ടല്ലോ. ഞാൻ ജനങ്ങളെ കാണും. ഓരോ ദിവസവും ഏഴെട്ട് ചടങ്ങില്‍ പങ്കെടുക്കുന്നു. ജനങ്ങളോട് സംസാരിക്കുന്നുണ്ട്. അതൊക്കെ ഒരു രീതിയില്‍ നിങ്ങള്‍ പ്രചാരണമായി കണ്ടോളൂ. എന്നാല്‍, ഞാൻ എന്റെ ജോലി ചെയ്യുകയാണ്', തരൂർ പറഞ്ഞു.

   
തിരുവനന്തപുരത്ത് എന്നാണ് ചുവരെഴുത്ത് തുടങ്ങുന്നത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്; 'കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ക്ക് വേണ്ടി ചിലഭാഗത്ത് പാർട്ടി ചുവരൊക്കെ ബുക്ക് ചെയ്തുകഴിഞ്ഞു. തിരഞ്ഞെടുപ്പും സ്ഥാനാർഥിത്വവും പ്രഖ്യാപിക്കാൻ സമയമായിട്ടില്ലെന്ന് പറഞ്ഞ തരൂർ, പ്രഖ്യാപനം വന്നാല്‍ അവ ഉപയോഗിക്കുമെന്നും പറഞ്ഞു.
   
കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ 19 സീറ്റ് കിട്ടിയ സ്ഥാനത്ത് ഇത്തവണ 20 തന്നെ കിട്ടാനുള്ള സാധ്യതയുണ്ടെന്നും അതിന് ആത്മാർഥതയോടെ ഇറങ്ങണമെന്നും തരൂർ പറഞ്ഞു. ഡല്‍ഹിയില്‍ ഭരണമാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വലിയ ഭൂരിപക്ഷം നല്‍കി കോണ്‍ഗ്രസ് എംപിമാരെ ഡല്‍ഹിയില്‍ അയക്കണമെന്നും അദ്ദേഹം പറഞ്ഞു.