×

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ​ഗൺമാൻ മർദ്ദിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല; ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

google news
pinarayi

തിരുവനന്തപുരം: നവകേരള സദസ് യാത്രക്കിടെ ആലപ്പുഴയിൽ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ​ഗൺമാൻ മർദ്ദിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് ചോദ്യത്തിനു ഉത്തരമായി മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എംഎൽഎമാരായ ഉമ തോമസ്, കെ ബാബു, ടി സിദ്ദിഖ് എന്നിരുടെ ചോദ്യത്തിനാണ് അദ്ദേഹം രേഖാമൂലം മറുപടി നൽകിയത്.

ജനാധിപത്യ സമരങ്ങൾക്കെതിരെ ഒരു പൊലീസ് നടപടിയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സുരക്ഷ ഉറപ്പാക്കേണ്ടത് പേഴ്സണൽ സെക്യൂരിറ്റി ഉദ്യോ​ഗസ്ഥന്റെ ചുമതലയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം പ്രതിഷേധക്കാർ തടസപ്പെടുത്തി. വാഹനത്തിനു നേരെ ആക്രമണം സംഘടിപ്പിച്ചു. പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ യുവജന സംഘടനകളും സുരക്ഷാ ഉദ്യോ​ഗസ്ഥരും മർദ്ദിച്ചതും വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചു കീറിയെന്ന പരാതിയും ശ്രദ്ധയിൽ വന്നിട്ടില്ലെന്നും മറുപടിയിൽ വ്യക്തമാക്കി.

READ ALSO....കെഎസ്ആർടിസി എറണാകുളം ബസ് സ്റ്റേഷൻ ആധുനിക നിലവാരത്തിൽ നവീകരിച്ച് സിറ്റി ട്രാൻസ്പൊർട്ടേഷൻ ഹബ്ബാക്കി മാറ്റും; ധാരണാ പത്രം ഒപ്പിട്ടു

സമരം ചെയ്യുന്നവരെ പൊലീസ് അടിക്കുന്നതിനു നിയമപരമായി വ്യവസ്ഥയില്ലെന്നു മറ്റൊരു ചോദ്യത്തിനുള്ള ഉത്തരത്തിൽ മുഖ്യമന്ത്രി മറുപടി നൽകി. ഡിസംബർ 15നു നവ കേരള സദസ് ആലപ്പുഴയിൽ എത്തിയപ്പോൾ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ജനറൽ ആശുപത്രി ജങ്ഷനിൽ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് പിടിച്ചു മാറ്റിയെങ്കിലും മന്ത്രി സംഘം സഞ്ചരിച്ച ബസിനു പിന്നാലെ കാറിലെത്തിയ ​മുഖ്യമന്ത്രിയുടെ ​ഗൺമാനും സുരക്ഷാ ഉദ്യോ​ഗസ്ഥനും ചേർന്നു പ്രതിഷേധിച്ച യുവാക്കളെ പൊതിരെ തല്ലി.

വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്. കോടതി നിർദ്ദേശത്തെ തുടർന്നു ​ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോ​ഗസ്ഥൻ എസ് സന്ദീപ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. അനിൽ കുമാർ ഒന്നാം പ്രതിയും സന്ദീപ് രണ്ടാം പ്രതിയുമാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു