ന്യൂഡല്‍ഹി: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധിക്കെതിരേ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് നല്കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നരഹത്യാക്കുറ്റം നിലനിൽക്കും എന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെയാണ് ഒന്നാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്.
നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് പ്രകാരം ശരീരത്തിൽ മദ്യത്തിന്റെ അംശമില്ല. അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും ഇത് സാധാരണ മോട്ടര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമാണ് ശ്രീറാമിന്റെ വാദം.
കേസില്‍ ഒന്നാംപ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്. നേരത്തെ വിചാരണകോടതി നരഹത്യാക്കുറ്റം ഒഴിവാക്കിയിരുന്നു. 304-ാം വകുപ്പ് പ്രകാരം ചുമത്തിയ നരഹത്യക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ വിധി. മോട്ടോര്‍ വാഹന നിയമത്തിലെ 185-ാം വകുപ്പ് പ്രകാരം മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം നിലനില്ക്കണമെങ്കില് 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 30 മില്ലി ഗ്രാം ആല്‍ക്കഹോള്‍ അംശം വേണമെന്നാണ് നിയമം. എന്നാല്‍ കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടില്‍ പ്രതിയുടെ ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടില്ലെന്ന് നിരീക്ഷിച്ച സെഷന്‍സ് കോടതി നരഹത്യക്കുറ്റം നിലനിൽക്കില്ലെന്ന് ഉത്തരവിടുകയായിരുന്നു.
എന്നാല്‍ അപകടത്തിന് തൊട്ടുപിന്നാലെ രക്തസാമ്പിള്‍ എടുക്കുന്നത് ശ്രീറാം വെങ്കിട്ടരാമന് വൈകിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന് വാദം. ഡോക്ടറായ ശ്രീറാം തെളിവുനശിപ്പിക്കാനാണിത് ചെയ്തതെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. സെഷന്‍സ് കോടതി വിധി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി പിന്നീട് നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന് വിധിക്കുകയായിരുന്നു. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒന്നിനായിരുന്നു ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ചാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീര്‍ വാഹനമിടിച്ച് മരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം