×

കെ.എസ്.യു. നേതാവിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ പോലീസിന്റെ ക്ലീന്‍ ചിറ്റ്

google news
Police-clean-chit-on-fake-certificate-allegation-against-Ansil-Jaleel

ആലപ്പുഴ: കെ.എസ്.യു. നേതാവിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ പോലീസിന്റെ ക്ലീന്‍ ചിറ്റ്. കെ.എസ്.യു. സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീൽ വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതായി സി.പി.എം. മുഖപത്രത്തിന്റെ വാര്‍ത്തയില്‍ കഴമ്പില്ലെന്ന് കാണിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 

കേരള സര്‍വകലാശാലയുടെ ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചെന്നായിരുന്നു അന്‍സിലിനെതിരായ കേസ്. മുന്‍ എസ്.ഐഫ്.ഐ. നേതാവ് കെ. വിദ്യ ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്ന വിവാദമുണ്ടായ കാലത്തായിരുന്നു അന്‍സില്‍ ജലീലിനെതിരെ ആരോപണവുമായി പാര്‍ട്ടി മുഖപത്രം രംഗത്തെത്തിയത്. പി.ജി. പ്രവേശനത്തിന് വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതില്‍ മുന്‍ എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെതിരേയും ആരോപണം ഉയര്‍ന്നത് ഇക്കാലത്തായിരുന്നു.

പാര്‍ട്ടി മുഖപത്രത്തിന്റെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള സര്‍വകലാശാലയ്ക്ക് നല്‍കിയ പരാതി ഡി.ജി.പിക്ക് നല്‍കുകയും അത് അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കൈമാറുകയുമായിരുന്നു. കന്റോൺമെന്‍റ് പോലീസായിരുന്നു കേസില്‍ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത്. പരാതി വ്യാജമെന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും പോലീസ് കോടതിയെ അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags