തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സാധ്യതാ പട്ടിക പുറത്തുവിട്ട് സിപിഐ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടൻ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്തുവിട്ട് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് പോകാനാണ് സിപിഐയുടെ നീക്കം. തൃശൂരിൽ വി.എസ് സുനിൽകുമാറും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും മത്സരിച്ചേക്കും.
വയനാട്ടില്‍ ആനി രാജയ്ക്കും മാവേലിക്കരയില്‍ എഐവൈഎഫ് നേതാവ് സി.എ. അരുണ്‍കുമാറും സാധ്യതാ പട്ടികയിലുണ്ട്. ഈ മാസം പത്ത്, പതിനൊന്ന് തീയതികളില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അന്തിമ ധാരണയുണ്ടാകും.
തെരഞ്ഞെടുപ്പിന് വളരെ മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കണമെന്ന് നിര്‍ദേശം നേരത്തെ വന്നിരുന്നു. സിപിഐ സംസ്ഥാന എക്സിക്യുട്ടീവില്‍ അടക്കം ഇത് സംബന്ധിച്ച് ആലോചനകളും നടന്നിരുന്നു . ഇതിന് ശേഷമാണ് സാധ്യതാ പട്ടിക പുറത്തുവരുന്നത്. രാഹുല്‍ ഗാന്ധി ഉള്ളതുകൊണ്ട് തന്നെ ദേശീയ ശ്രദ്ധയുള്ള വയനാട്ടില്‍ ഒരു ദേശീയ മുഖമെന്ന നിലയിലാണ് ആനി രാജയെ പരിഗണിക്കുന്നത്. ശക്തമായ മത്സരത്തിന് സിപിഐ ഒരുങ്ങുന്നുവെന്നാണ് സാധ്യതാ പട്ടികയിലൂടെ വ്യക്തമാകുന്നത്. കേരളത്തില്‍ നാലു സീറ്റിലാണ് സിപിഐ മത്സരിക്കുന്നത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ