കോതമംഗലം: പൊരിവെയിലിൽ ജനരോഷവും സംഘർഷവും തെരുവിൽ അരങ്ങേറിയ പകലായിരുന്നു കോതമംഗലത്ത് തിങ്കളാഴ്ച. അതിനു പിന്നാലെ രാത്രി ഉപവാസ സമരവും തുടങ്ങി. തിങ്കളാഴ്ച രാവിലെ ഒൻപതിനായിരുന്നു ഇന്ദിരയെ കാട്ടാന ആക്രമിച്ചത്. 10 ഓടെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വാർത്ത പരന്നതോടെ പലയിടത്തു നിന്നും ആശുപത്രിയിലേക്ക് വൻ ജനപ്രവാഹമായി. 11 ഓടെ മൃതദേഹവുമായി യു.ഡി.എഫ്. സമരത്തിലേക്ക് തിരിഞ്ഞു.
ആശുപത്രിയിൽനിന്ന് പോലീസ് നടപടിക്ക് മുൻപ് മൃതദേഹവുമായി പ്രകടനമായി വന്ന് ഗാന്ധി സ്‌ക്വയറിൽ സമരം തുടങ്ങി. ഡീൻ കുര്യാക്കോസ് എം.പി., മാത്യു കുഴൽനാടൻ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. മൃതദേഹത്തിനായി ആശുപത്രി വളപ്പിൽ വെച്ചും റോഡിൽ വെച്ചും പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. ഉച്ചയോടെ സമരപ്പന്തലിലേക്ക് കൂടുതൽ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരും എത്തിയതോടെ കൂടുതൽ പോലീസിനെ സമരപ്പന്തലിന് സമീപത്ത് വിന്യസിച്ചു. സമരപ്പന്തലിന് നടുവിൽ മൃതദേഹവും സമീപത്ത് നേതാക്കളും ചുറ്റും പ്രവർത്തകരും അണിനിരന്നതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥയായി.
അതിനിടെ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടിക്ക് മൃതദേഹം കൊണ്ടുപോകാൻ പോലീസ് ആംബുലൻസ് എത്തിയതോടെ മുദ്രാവാക്യംവിളി ഉയർന്നു. പോലീസ് സമരപ്പന്തലിലേക്ക് നീങ്ങി. പ്രവർത്തകരുമായി ഉന്തുംതള്ളും ഉണ്ടായി. പ്രതിഷേധം കടുത്തതോടെ പോലീസ് ലാത്തി വീശി. പ്രവർത്തകർ ചിതറിയോടി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകരെ പലരെയും വലിച്ചിഴച്ച് കൊണ്ടുപോയ പോലീസ്, സമരപ്പന്തൽ വളഞ്ഞ് പൊളിച്ചുനീക്കി.
പിന്നാലെ, മൃതദേഹത്തിന് അരികിലുണ്ടായിരുന്ന ഡീൻ കുര്യാക്കോസ് എം.പി. അടക്കമുള്ള നേതാക്കളെ ബലംപ്രയോഗിച്ച് നീക്കിയാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ആദ്യം കളമശ്ശേരി മെഡിക്കൽ കോളേജിലേക്കാണ് കൊണ്ടുപോയത്. കോതമംഗലം ഇരുമലപ്പടിയിൽ എത്തിയപ്പോൾ ആംബുലൻസ് തിരിച്ച് കോതമംഗലത്ത് വരാൻ നിർദേശം കിട്ടി. തുടർന്ന് താലൂക്ക് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം.
പ്രതിഷേധത്തിന് മൃതദേഹം കൊണ്ടുപോയത് അനുവാദത്തോടെ : ഇന്ദിരയുടെ ഭർത്താവ്
കോതമംഗലം: കോതമംഗലത്ത് യു.ഡി.എഫും നാട്ടുകാരും ചേർന്ന് നടത്തിയ പ്രതിഷേധ സമരത്തിന് ഇന്ദിരയുടെ മൃതദേഹം കൊണ്ടുപോയത് തന്റെ പൂർണാനുവാദത്തോടെയെന്ന് ഇന്ദിരയുടെ ഭർത്താവ് രാമകൃഷ്ണൻ. ഇന്ദിരയ്ക്ക് സംഭവിച്ചത് നാളെ മറ്റാർക്കും ഉണ്ടാകാതിരിക്കേണ്ടത് അത്യാവശ്യമാണെന്നും രാമകൃഷ്ണൻ മാതൃഭൂമിയോട് പറഞ്ഞു. “ആറുമാസം പ്രായമുള്ളപ്പോൾ പിതാവ് കാഞ്ഞിരവേലിയിൽ കുടിയേറി താമസം തുടങ്ങിയതാണ്. പത്തുകൊല്ലത്തിൽ താഴെയായിട്ടുള്ളൂ പ്രദേശത്ത് കാട്ടാന ശല്യം തുടങ്ങിയിട്ട്. 74 വർഷത്തെ ജീവിതത്തിനിടയിൽ കുടുംബം കൃഷിചെയ്തതെല്ലാം ഏതാനും നാളുകൾ കൊണ്ട് വന്യമൃഗങ്ങൾ നശിപ്പിച്ചു. അവശേഷിക്കുന്നത് റബ്ബർ മരങ്ങൾ മാത്രമാണ്.” രാമകൃഷ്ണൻ പറഞ്ഞു.
ബലംപ്രയോഗിച്ച് മൃതദേഹം കൊണ്ടുപോയത് അനാദരവ് : മന്ത്രി പി. രാജീവ്
കോതമംഗലം: ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും അനുവദിക്കാതെ സമരത്തിനായി മൃതദേഹം ബലപ്രയോഗത്തിലൂടെ കൊണ്ടുപോയത് മൃതദേഹത്തോടുള്ള അനാദരവെന്ന് മന്ത്രി പി. രാജീവ്. സങ്കുചിതമായ രാഷ്ട്രീയതാത്പര്യം വെച്ച് ഇടപെടരുത്. ‘‘സാധാരണഗതിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം കൊണ്ടുപോകുമ്പോൾ വൈകാരികമായ ചില സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇവിടെ മോർച്ചറിക്കകത്ത് ബലംപ്രയോഗിച്ച് കയറി. ഇത്തരം നടപടി, ലഭിക്കേണ്ട സഹായധനം ഇല്ലാതാക്കുന്നത് കൂടിയാണ്’’- രാജീവ് പറഞ്ഞു. മൃതദേഹവും വഹിച്ചു കൊണ്ടുളള സമരത്തെ മന്ത്രി നിശിതമായി വിമർശിച്ചു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണിത്. ഗുരുതരമായ പ്രവൃത്തിയാണിതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ