ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയായി. കേരളത്തിലെ 16 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് ദേശീയ നേതൃത്വം പച്ചക്കൊടി കാണിച്ചെന്നാണ് ലഭിക്കുന്നവ വിവരം. അതേസമയം വയനാട്ടിലും ആലപ്പുഴയിലും കണ്ണൂരിലും ആര് എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ പതിനാറ് സീറ്റിലും സ്ഥാനാർത്ഥികൾ ആയെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന റിപ്പോർട്ടുകൾ. കേരളത്തിൽ സർപ്രൈസ് സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്നാണ് കെപിസിസി പ്രസിഡൻ്റ് അടക്കമുളളവർ നൽകുന്ന സൂചന. ആലപ്പുഴയിൽ എഐസിസി ജനറൽ സെക്രട്ടറി മത്സരിക്കണമെന്നാണ് സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ദേശീയ നേതൃത്വം ഇതിന് തയ്യാറായിട്ടില്ലെന്നാണ് വിവരം. സമുദായ സമവാക്യങ്ങൾ പരിഗണിച്ച് ഒരു മുസ്ലിം സ്ഥാനാർത്ഥി തന്നെ ആലപ്പുഴയിൽ യുഡിഎഫിന് വേണ്ടി കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
കോൺഗ്രസ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമാകുമ്പോഴും സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ തന്നെ ഉണ്ടാകുമെന്നാണ് നേതാക്കൾ ഉറപ്പിച്ച് പറയുന്നത്. ഇന്ന് ഡൽഹിയിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചു. നാളെ അനിശ്ചിതത്വമുള്ള മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥിയെ കണ്ടെത്തി പ്രഖ്യാപനം വൈകുന്നേരം നടത്താനാണ് നീക്കം.കർണാടക, തെലങ്കാന, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സ്ഥാനാർഥി നിർണയ ചർച്ചയാണ് ഇന്ന് നടന്നത്
കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി തീരുമാനം.. ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന യോഗത്തിൽ രാഹുൽ ഗാന്ധി വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു.വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ.സുധാകരനും മത്സരിക്കാൻ തീരുമാനമായാൽ ആലപ്പുഴയിൽ സാമുദായിക പ്രാതിനിധ്യമനുസരിച്ച് ഒരു മുസ്ലിം സ്ഥാനാർഥി വരണം. എന്നാൽ കണ്ണൂരിലേക്ക് മുസ്ലിം സ്ഥാനാർത്ഥിയെ നേതൃത്വം തേടിയിരുന്നു.
സുധാകരന് പകരക്കാരനായി ടി സിദ്ധിഖ് എംഎൽഎയാണ് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചത്.എന്നാൽ തന്നെ പരിഗണിക്കരുതെന്ന് ടി.സിദ്ദിഖ് കോൺഗ്രസ് നേതൃത്വത്തെ നിലപാട് അറിയിച്ചു എന്നാണ് വിവരം. സുധാകരന് പകരം ടി.സിദ്ദിഖിനെ പരിഗണിക്കുന്നതായി വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കിയത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ പ്രചാരണ കമ്മിറ്റി ചെയർമാനാകാൻ രമേശ് ചെന്നിത്തലയോട് കോൺഗ്രസ് ഹൈക്കമാന്റ് അഭിപ്രായം തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമൊപ്പം രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നു.