മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍ ഉപയോഗിച്ചത് ഫ്യൂഡല്‍ ചട്ടമ്പിയുടെ ഭാഷ: എം.വി.ഗോവിന്ദൻ

mv govindan
 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസി‍ഡന്റ് കെ.സുധാകരന്‍ ഉപയോഗിച്ചത് ഫ്യൂഡല്‍ ചട്ടമ്പിയുടെ ഭാഷയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. നിയമസഭയില്‍ പ്രതിപക്ഷം കാണിക്കുന്നത് കോപ്രായമാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷം വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായിയെ പ്രതിപക്ഷം വ്യക്തിപരമായി ആക്രമിക്കുന്നു. രാഷ്ട്രീയം പറയാനില്ല. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഗവർണർ ശ്രമിക്കുന്നത് ആർഎസ്എസ് അജണ്ട വച്ചാണ്. മൂന്നാം തവണയും പിണറായി സർക്കാർ അധികാരത്തിൽ വരാതിരിക്കാനാണ് വികസന പ്രവർത്തനങ്ങളെയെല്ലാം യുഡിഎഫ് തടയുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷ സമത്വം കേരളത്തിൽ ഉണ്ടാകും. അതിന്റെ ഭാഗമാണ് വീട്ടമ്മമാർക്കുള്ള പെൻഷൻ. പെൻഷന്റെ പണമല്ല പ്രശ്നം, അംഗീകാരം ആണ്. വൈകാതെ അത് കേരളത്തിൽ നടപ്പാക്കും. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇപ്പോൾ നടപ്പാവാത്തത്.


കേരളത്തിനു ലഭിക്കേണ്ട 40,000 കോടിയോളം രൂപ തരാൻ കേന്ദ്രം തയാറാകുന്നില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കോച്ച് ഫാക്ടറിയോ എയിംസോ തരാതെ സംസ്ഥാനത്തെ പൂർണമായി അവഗണിച്ചു. 2025ൽ ആർഎസ്‌എസിന്റെ നൂറാം വാർഷികമാണ്. വീണ്ടും ബിജെപി അധികാരത്തിൽ വന്നാൽ രാജ്യം ഫാഷിസത്തിലേക്കു പോകും. അതിനെ ജനങ്ങൾ പ്രതിരോധിക്കണം.


പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രം വിറ്റു തുലയ്ക്കുകയാണ്. കോർപറേറ്റുകളുടെ കടം എഴുതിതള്ളി, അവരെ വളർത്താൻ കേന്ദ്രം ബോധപൂർവം ശ്രമിക്കുന്നു. കേന്ദ്ര ഭരണത്തിൽ സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു, ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നു. അതിൽനിന്നും വിഭിന്നമാണ് കേരള മോഡൽ. ഇവിടെ സാധാരണക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഗുണമേൻമയുള്ള ജീവിതം ജനങ്ങൾക്കു നൽകുന്ന ബദലുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.


മൂന്ന് വർഷം കൊണ്ട് അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും. കേരളം ദത്ത് എടുക്കുന്നത് അംബാനിയെയോ അദാനിയേയൊ അല്ല ദരിദ്ര കുടുംബങ്ങളെ ആണ്. കെ റെയിലിനെ സംഘം ചേർന്നു തകർക്കാൻ ശ്രമിച്ചു. ജാഥയ്ക്ക് എതിരായ വിമർശനങ്ങൾ മൈൻഡ് ചെയ്തിട്ടില്ല. ജനങ്ങൾക്ക് ഒപ്പം നിന്ന് മുന്നോട്ടു പോയി. ജനങ്ങളും മൈൻഡ് ചെയ്തിട്ടില്ല, അല്ലെങ്കിൽ അവർ വരുമോ എന്നും ​എം വി ​ഗോവിന്ദൻ ചോദിച്ചു.