തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തി പ്രതിസന്ധിക്കിടയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്താൻ പോലും പണമില്ലാതെ സർക്കാർ. സ്കൂളുകളുടെ ദൈനംദിന ചിലവിനുള്ള പിഡി അക്കൗണ്ടിൽ നിന്നും പണമെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സർക്കാർ ഫണ്ട് നൽകുന്ന മുറക്ക് എടുത്ത പണം തിരിച്ചുനൽകുമെന്നും വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ സെക്രട്ടറി പ്രീത എസ് നായർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നിലവിൽ പത്താം ക്ലാസിലെ ഐടി പരീക്ഷയും ഹയര്‍ സെക്കണ്ടറി പരീക്ഷകളും നടത്താനാണ് പണമില്ലാത്തത്.
44 കോടി രൂപയാണ് 2023-2024 അധ്യയന വർഷം സ്കൂളുകളിലെ പരീക്ഷ നടത്തിപ്പിന് വേണ്ടി ചെലവായത്. ഇതിൽ ഹയർസെക്കൻഡറി പരീക്ഷക്ക് 21 കോടി, വിഎച്ച്എസ്ഇക്ക് 11 കോടിയും എസ്എസ്എൽസി, ഐടി പരീക്ഷയ്ക്ക് 12 കോടിയും ചെലവായിരുന്നു. ഈ വർഷം 45-50 കോടി രൂപ വരെ ചിലവു വരുമെന്നാണ് കണക്കുകൂട്ടൽ. നേരത്തേ സ്‌കൂളുകളുടെ ചെലവുകൾക്കായി നീക്കിവച്ചിരിക്കുന്ന പണമെടുക്കാൻ അനുമതി തേടി പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷ സെക്രട്ടറിയും നേരത്തെ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
നിലവിൽ മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ക്കുള്ള വേതനവും എങ്ങനെ കണ്ടെത്തുമെന്ന അനിശ്ചിതത്വവും സർക്കാരിന് മുന്നിലുണ്ട്. സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിൽ വരുന്ന ഇത്തരം ഒഴിവാക്കാനാവാത്ത ചെലവുകള്‍ക്കുള്ള എങ്ങനെ കണ്ടെത്തുമെന്നറിയാതെ നട്ടം തിരിയുകയാണ് സർക്കാർ.
ഈ വര്‍ഷം 2,971 കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കണ്ടറി ക്ലാസുകളുടെ പരീക്ഷയും അടുത്തമാസം നടക്കും. ഇതിനു പുറമെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷയും നടക്കാനുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തില്‍ മാത്രമുള്ളപ്പോൾഎസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ ഗള്‍ഫിലും മറ്റും നടക്കാറുണ്ട്. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലിന് തുടങ്ങി 25ന് അവസാനിക്കും.
ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ പരീക്ഷകളും മാര്‍ച്ച് ഒന്നിന് തുടങ്ങി 25ന് തീരും. നിലവിൽ പരീക്ഷാ നടത്തിപ്പിന് പോലും പണമില്ലാതെ സ്കൂളുകളുടെ നിത്യ ചെലവിൽ നിന്നും പണമെടുക്കാനുള്ള ഉത്തരവ് അടിവരയിടുന്നത് സംസ്ഥാനത്തിൻ്റെ അതിദയനീയമായ സാമ്പത്തിക സ്ഥിതിയേയാണ്. സർക്കാർ കൃത്യസമയത്ത് പണം കണ്ടെത്തി നൽകിയില്ലെങ്കിൽ അടുത്ത അധ്യയന വർഷം സ്കൂളുകളുടെ പ്രവർത്തനം എങ്ങനെ മുന്നോട്ട് കൊണ്ടു പോകുമെന്ന ചോദ്യവും ബാക്കിയാവുന്നു.