×

പി.വി. അൻവറിന്റെ പാര്‍ക്കിന് പഞ്ചായത്ത് ലൈസൻസ് ലഭിച്ചു ; നടപടി കേസ് ഇന്ന് കോടതി പരിഗണിക്കാനിരിക്കേ

google news
Sn
തിരുവമ്പാടി: കക്കാടംപൊയിലില്‍ നിലമ്ബൂർ എം.എല്‍. എ. പി.വി. അൻവറിന്റെ ഉടമസ്ഥതയിലുള്ള പി.വി.ആർ. നാച്വറാ പാർക്കിന് കൂടരഞ്ഞി പഞ്ചായത്ത് ഒടുവില്‍ ലൈസൻസ് നല്‍കി.ലൈസൻസ് കുടിശ്ശികയായിരുന്ന ഏഴുലക്ഷം രൂപ ഗ്രാമപ്പഞ്ചായത്തില്‍ അടച്ചതിനെത്തുടർന്നാണ് ബുധനാഴ്ച പാർക്കിന് പഞ്ചായത്ത് അനുമതി നല്‍കിയത്. വെള്ളവും വൈദ്യുതി സംവിധാനങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന ചില്‍ഡ്രൻസ് ഗാർഡനും റൈഡറും ഉള്‍പ്പെടുന്ന പാർക്കിന് മാത്രമേ അനുമതി നല്‍കിയിട്ടുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു.
   
അതേസമയം, ആറു മാസമായി പഞ്ചായത്ത് ലൈസൻസില്ലാതെ പാർക്ക് പ്രവർത്തിച്ചുപോന്നത് വിവാദമാകുകയാണ്. ലൈസൻസില്ലാതെ പാർക്ക് പ്രവർത്തിച്ചതിനെതിരേ കഴിഞ്ഞദിവസം ഹെക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ലൈസൻസിന് നല്‍കിയ അനുബന്ധ രേഖകളില്‍ പിഴവുള്ളതിനെത്തുടർന്നാണ് ലൈസൻസ് നല്‍കാതിരുന്നതെന്നാണ് പഞ്ചായത്ത് അധികൃതർ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. പരിസ്ഥിതി ദുർബലപ്രദേശത്ത് സ്ഥിതിചെയ്യുന്ന പാർക്ക് പിഞ്ചുകുഞ്ഞുങ്ങളുടെ സുരക്ഷയാണ് മുള്‍മുനയില്‍ നിർത്തുന്നതെന്നും ലൈസൻസില്ലാതിരുന്നിട്ടുകൂടി ഇത്രയും നാള്‍ പാർക്ക് പ്രവർത്തിച്ചത് പഞ്ചായത്തിന്റെ മൗനാനുമതിയോടെയാണെന്നും പരാതിക്കാരനായ ടി. വി. രാജൻ പറഞ്ഞു.
അഞ്ചുവർഷത്ത ഇടവേളയ്ക്കുശേഷം 2023 ഓഗസ്റ്റിലാണ് സർക്കാർ ഉത്തരവിനെത്തുടർന്ന് കുട്ടികളുടെ പാർക്ക് മാത്രം തുറക്കാൻ അനുമതി നല്‍കിയിരുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. സ്റ്റീല്‍ ഫെൻസിങ്ങിനുള്ളില്‍ ആയിരിക്കണം പ്രവർത്തനമെന്നും വാട്ടർ റൈഡുകള്‍ പണിത സ്ഥലവുമായി ഇതിന് ബന്ധമില്ലെന്ന് ഉടമ ഉറപ്പുവരുത്തണമെന്നും ശേഷിക്കുന്ന നിർമാണ പ്രവൃത്തികളില്‍ അപകടസാധ്യതാപരിശോധന നടത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിരുന്നു.
    
2018-ല്‍ കനത്ത മഴയോടൊപ്പമുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ, പി.വി.ആർ. നാച്വറോ പാർക്ക് പൂട്ടിയത്. ഉരുള്‍പൊട്ടലിനെത്തുടർന്ന് അടച്ച പാർക്ക് പഠനം നടത്താതെ തുറക്കാൻ അനുമതി നല്‍കിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ അനധികൃത നിർമിതികള്‍ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണസമിതി മുൻ ജനറല്‍ സെക്രട്ടറി ടി.വി. രാജൻ നല്‍കിയ ഹരജി ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
       
ദുരന്തനിവാരണ നിയമം-2015 സെക്ഷൻ 55, സെക്ഷൻ 30, സെക്ഷൻ 22 തുടങ്ങിയ നിബന്ധനകള്‍ പൂർണമായും പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു.
 
    

Tags