×

'ഓഫീസിനു പറ്റിയ പിഴവ്, ചുള്ളിക്കാട് പറഞ്ഞതിൽ കാര്യമുണ്ട്'; വിവാദത്തിൽ മന്ത്രി സജി ചെറിയാൻ

google news
sd

തിരുവനന്തപുരം: സാഹിത്യോത്സവത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ച് തുച്ഛമായ പ്രതിഫലം നൽകി അ​വ​ഗണിച്ചുവെന്ന ബാലചന്ദ്രൻ ചുളളിക്കാടിന്റെ വിമർശനത്തിൽ പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. താൻ ചുളളിക്കാടിനെ ഫോണിൽ വിളിച്ചിരുന്നു. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക, സാമൂഹിക പരിഗണന ലഭിക്കുന്നില്ല എന്നു പറഞ്ഞു. പൈസയുടെ വിഷയമല്ല അദ്ദേഹം ഉന്നയിച്ചത്. ഓഫീസിനു പറ്റിയ പിഴവാണത്. അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പറ്റിയ തെറ്റ് സാഹിത്യ അക്കാദമിക്ക് തന്നെ തിരുത്തിയിട്ടുണ്ടെന്നും സച്ചിദാനന്ദൻ മാഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് പറയാൻ ആളല്ലെന്നും പറഞ്ഞു. ഒരു ഉത്സവത്തിനും സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സർക്കാർ നൽകേണ്ട തുക കൃത്യമായി നൽകിയിട്ടുണ്ടെന്നും അറിയിച്ചു. ചോദിക്കുന്ന മുഴുവൻ പണവും നൽകാനാവില്ലെങ്കിലും ആവശ്യമുള്ളത് നൽകുമെന്നും അല്ലാത്തത് കണ്ടെത്തുമെന്നും പറഞ്ഞു.

 
അതിനിടെ, ചുള്ളിക്കാടിനെതിരെ സച്ചിദാന്ദൻ വിമർശനക്കുറിപ്പ് എഴുതിയെങ്കിലും പിന്നീട് പിൻവലിച്ചു. യാത്രാ പടിയെക്കുറിച്ച് പരാതി ഉണ്ടെങ്കിൽ അത് സെക്രട്ടറിയുടെ ശ്രദ്ധയിൽ കൊണ്ടു വരികയാണ് ശരിയായ വഴിയെന്നും അങ്ങനെ വന്ന പരാതികൾ എല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് അദ്ദേഹം കുറിച്ചത്. പ്രശ്‌നം വിവാദമായി സാഹിത്യ ശത്രുക്കൾക്ക് ആയുധമായി കാണുന്നതിൽ വിഷമം തോന്നുന്നുവെന്നും പൈസ വാങ്ങാതെ താൻ അനേകം പരിപാടിക്ക് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് കണക്ക് പറയാൻ അറിഞ്ഞു കൂടെന്നും പറഞ്ഞ സച്ചിദാനന്ദൻ പോസ്റ്റ് പിന്നീട് പിൻവലിക്കുകയായിരുന്നു.


സാഹിത്യ അക്കാദമി തൃശൂരില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ച് തുച്ഛമായ വേതനം നല്‍കി അവഗണിച്ചുവെന്നായിരുന്നു ചുള്ളിക്കാടിന്റെ ആരോപണം. കേരള ജനത തനിക്കു നല്‍കുന്ന വില എന്താണെന്ന് ശരിക്കും മനസ്സിലായെന്നും ഇനി സാംസ്‌കാരികാവശ്യങ്ങള്‍ക്കായി വിളിച്ച് തന്നെ ബുദ്ധിമുട്ടിക്കരുതെന്നും ചുള്ളിക്കാട് പറഞ്ഞിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്ബുക്കില്‍ എഴുതിയത്.
 
  

സംഭവത്തിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും ബാലചന്ദ്രൻ ചുള്ളുക്കാടിനോട് ഖേദം പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ നേരിട്ടു പങ്കില്ലെങ്കിലും മാപ്പു ചോദിക്കുന്നതായി അശോകൻ ചരുവിൽ പറഞ്ഞു.