×

മാലിന്യം വലിച്ചെറിഞ്ഞാൽ കർശന ശിക്ഷ; നിയമ ഭേദഗതി പാസാക്കി

google news
Unknown persons throw up large amount of wastes besides chavara national highway sides causing troubles to residents and passers by
 

തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാൽ കർശന ശിക്ഷ ഉറപ്പുവരുത്തുന്ന നിയമ ഭേദഗതി നിയമസഭ പാസാക്കി. 1994ലെ കേരള പഞ്ചായത്തീരാജ് ആക്ടും കേരള മുൻസിപ്പാലിറ്റി ആക്ടുമാണ് ഭേദഗതി ചെയ്തത്. മാലിന്യമുക്തമായ നവകേരളം സൃഷ്ടിക്കാനുള്ള പ്രവർത്തനത്തിലെ സുപ്രധാന ചുവടുവെപ്പാണ് നിയമഭേദഗതിയെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 

സുപ്രധാന നിർദ്ദേശങ്ങൾ ചുവടെ

പൊതു ഇടത്തേക്കും, സ്വകാര്യ ഭൂമിയിലേക്കും മാലിന്യം വലിച്ചെറിഞ്ഞാൽ 5000 രൂപ വരെ പിഴ ഈടാക്കും. 

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കുള്ള പരമാവധി ശിക്ഷ 50,000 രൂപയും ഒരു വര്‍ഷം വരെ തടവുമാക്കി വർധിപ്പിച്ചു.

മാലിന്യം  ഉത്പാദിപ്പിക്കുന്നവരുടെ മേല്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍  ഏല്‍പ്പിക്കുന്നു. വീഴ്ച വരുത്തുന്നവരുടെ മേല്‍ ചുമത്താവുന്ന പിഴയുടെ തോത് വര്‍ധിപ്പിച്ചു.  പിഴ അടച്ചില്ലെങ്കിൽ നികുതി കുടിശ്ശിക എന്നപോലെ ഈടാക്കും.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ചുമതലകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന ഭരണസമിതിക്കൊപ്പം സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരിലും നിക്ഷിപ്തമാണ്.

ശിക്ഷാനടപടികള്‍ സ്വീകരിക്കാൻ സെക്രട്ടറിക്കുള്ള അധികാരം വര്‍ദ്ധിപ്പിച്ചു. നോട്ടീസ് കൊടുത്ത്, കുറ്റാരോപിതനായ വ്യക്തിയെ കേട്ട ശേഷം പിഴ ചുമത്താനുള്ള അധികാരം സെക്രട്ടറിക്ക് നൽകി.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടപ്പിലാക്കേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്നുണ്ട്.  ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായ തീരുമാനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എടുത്തില്ലെങ്കിൽ നിര്‍ദ്ദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം അംഗീകരിച്ചതായി കണക്കാക്കും. നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ സര്‍ക്കാരിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് മേൽ പിഴ ചുമത്താം.

യൂസര്‍ ഫീ നല്‍കുന്ന കാര്യത്തില്‍ വീഴ്ചവരുത്തിയാല്‍, അത് പ്രതിമാസം 50% പിഴയോടു കൂടി വസ്തുനികുതിയോടൊപ്പം കുടിശ്ശികയായി ഈടാക്കാം. എന്നാൽ 90 ദിവസത്തിനു ശേഷവും യൂസർ ഫീ കൊടുത്തില്ലെങ്കിൽ മാത്രമേ പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളൂ. 

യൂസര്‍ ഫീ  യഥാസമയം അടയ്ക്കാത്ത വ്യക്തിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള ഏതൊരു സേവനവും സെക്രട്ടറിക്ക് നിരസിക്കാവുന്നതാണ്.

അതിദാരിദ്ര്യ വിഭാഗത്തിൽപ്പെടുന്നവരെ യൂസർഫീസിൽ നിന്ന് ഒഴിവാക്കി. 

സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ഉചിതം എന്ന് തോന്നുന്ന വിഭാഗങ്ങളെ യൂസര്‍ ഫീയില്‍ നിന്നും ഒഴിവാക്കാം. എന്നാൽ തത്തുല്യമായ യൂസർഫീ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനം ഹരിതകർമ്മസേനയ്ക്ക് നൽകണം.

മാലിന്യ സംസ്കരണത്തിന് വേണ്ട നടപടികള്‍ സവീകരിക്കുന്നതിന്  സെക്രട്ടറിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മറ്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താം.

അത്യാവശ്യഘട്ടത്തിൽ പ്രസിഡന്റിനെ അറിയിച്ചുകൊണ്ട് രണ്ട് ലക്ഷം രൂപ വരെ ബന്ധപ്പെട്ട ഫണ്ടില്‍ നിന്നും ചിലവാക്കാനുള്ള അധികാരം സെക്രട്ടറിക്ക് ലഭിക്കുന്നു.

മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനം സ്വന്തം ഭൂമിയോ, അല്ലെങ്കില്‍ സ്വകാര്യ ഭൂമിയോ കണ്ടെത്തുന്നതിനു മുന്‍ഗണന നല്‍കണം. വേണമെങ്കില്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് അനുസരിച്ച് സ്വകാര്യ ഭൂമി ഏറ്റെടുക്കാവുന്നതാണ്. 

100-ല്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പൊതുപരിപാടികള്‍ നടത്തുന്നതിന് മൂന്ന് ദിവസം മുന്‍പെങ്കിലും തദ്ദേശ സ്ഥാപനത്തിൽ അറിയിക്കണം. പരിപാടിയിലെ മാലിന്യം, തദ്ദേശ സ്വയംഭരണ സ്ഥാപനം നിശ്ചയിച്ചിരിക്കുന്ന ഫീസ്‌ നല്‍കി ശേഖരിക്കുന്നവര്‍ക്കോ ഏജന്‍സികള്‍ക്കോ കൈമാറണം. 

മാലിന്യ സംസ്കരണ കേന്ദ്രങ്ങളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക്, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി നികുതി ഒഴിവാക്കല്‍, മറ്റ് ഇളവുകള്‍, ക്ഷേമ പദ്ധതികള്‍ മുതലായ പ്രോത്സാഹനങ്ങള്‍ നല്‍കാം.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പിഴയായി ഈടാക്കുന്ന തുക, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി ലഭിച്ച സംഭാവന, മറ്റേതെങ്കിലും സ്പോണ്‍സര്‍ഷിപ്പ് തുകകളോ സംഭാവനകളോ, സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റേതെങ്കിലും തുക എന്നിവ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കുറ്റം നടന്നതായി സെക്രട്ടറിയെ തെളിവ് സഹിതം അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നതിനും വ്യവസ്ഥ ചേർത്തു. കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും പൊതുജനത്തെ കൂടുതല്‍ ബോധവാന്മാരും പങ്കാളികളുമാക്കുന്നതിനായാണ് ഈ വ്യവസ്ഥ.

കടകളുടെ ചുറ്റുമുള്ള പരിസരം വൃത്തിയായി സൂക്ഷിക്കുന്നതും, അവിടെ ഒരു ഉപഭോക്താവും മാലിന്യം വലിച്ചെറിയുകയോ തീ ഇടുകയോ ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതും കടകളുടെ ഉടമസ്ഥരുടെയും കൈവശക്കാരുടെയും ചുമതലയാണ്.

ദ്രവ മാലിന്യമോ വിസ്സര്‍ജ്ജ്യവസ്തുക്കളോ തെറ്റായ രീതിയില്‍ കയ്യൊഴിയുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കും.

Read more...