കണ്ണൂര്‍: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 14 സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.
വധശ്രമം, കലാപശ്രമം, തടഞ്ഞുവെക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് ആക്രമണത്തിന് പ്രകോപനമായതെന്ന് പൊലീസ് എഫ്‌ഐആര്‍ പറയുന്നു. ഹെല്‍മെറ്റും ചെടിച്ചട്ടിയും എടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലയ്ക്ക് അടിച്ചുവെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
കണ്ണൂരിലെ കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. മാടായിപ്പാറ പാളയം മൈതാനത്ത് നടന്ന നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങുമ്പോഴായിരുന്നു വൻ പൊലീസ് സുരക്ഷയെ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
ഇതിന് പിന്നാലെ അവിടെ ഉണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് എത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്‍ ഉള്‍പ്പെടെ ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ഐസിയുവിൽ ചികിത്സയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു