കോഴിക്കോട്: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി ദേശീയ സമിതി അംഗവും മുൻ സംസ്ഥാന അധ്യക്ഷനുമായ സി.കെ പത്മനാഭൻ. മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്നതിൽനിന്ന് അധികാരാധിഷ്ഠിത രാഷ്ട്രീയം എന്നതിലേക്ക് മാറിയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം വീണ്ടും ഭരണം കിട്ടുമെന്നതുകൊണ്ടാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്ന് കൂട്ടിച്ചേർത്തു. നേരത്തെ ‘കോൺഗ്രസ് മുക്ത ഭാരതം’ എന്നത് മാറ്റി ‘കോൺഗ്രസ് മുക്ത ബി.ജെ.പി’ എന്നതിന് വേണ്ടി പോരാടേണ്ടിവരുമോ എന്ന സംശയമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
ഹിന്ദുത്വയെ പലരും ഇപ്പോൾ വ്യാഖ്യാനിച്ച് വഷളാക്കി. ഇപ്പോൾ സമൂഹത്തിൽ ഒരു മുസ്ലിം വിരുദ്ധത വളർത്തിക്കൊണ്ടുവന്നിട്ടുണ്ട്. ചില വികാരജീവികളുടെ ഞരമ്പ് രോഗം മാറ്റാമെന്നല്ലാതെ നാടിന്റെ വികസനത്തിനും സൗഹാർദപരമായ ജീവിതത്തിലും അത് ഒരു ഗുണവും ചെയ്യില്ല. ഭീകരവാദത്തിനെതിരെ നമ്മൾ ശക്തമായ നിലപാട് സ്വീകരിക്കണം. എന്നാണ് ഇന്ത്യയിലെ മുസ്ലിം സമുദായം ദേശീയതക്ക് നിരവധി സംഭാവനകൾ നൽകിയവരാണെന്നും സികെപി ചൂണ്ടിക്കാട്ടി. സ്വാമി വിവേകാനന്ദന്റെയും ശ്രീനാരായണ ഗുരുവിന്റെയും ഹിന്ദുത്വമാണ് താൻ ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ശക്തി ഏകതയാണ്. രാജ്യത്തിൻ്റെ സൗന്ദര്യമെന്ന് പറയുന്നത് നമ്മുടെ ബഹുസ്വരതയാണ്. അത് പൂർണമായും ഉൾക്കൊള്ളുമ്പോൾ മാത്രമേ രാഷ്ട്രത്തിന് ശക്തിയും സൗന്ദര്യവും ഒരുമിച്ചുണ്ടാവുകയുള്ളൂ. മുസ്ലീം വിരുദ്ധതയുടെ പ്രധാന പ്രചാരകർ മോദിയും അമിത് ഷായുമാണെന്ന് പറയാനാവില്ലെന്നും സി.കെ പത്മനാഭൻ പറഞ്ഞു.
മലപ്പുറം ജില്ലാ വിരുദ്ധ സമരത്തിൽ പങ്കെടുത്ത് താൻ ജയിലിൽ കിടന്നിട്ടുണ്ട്. പക്ഷേ ഇന്ന് സ്‌നേഹിച്ചാൽ ചങ്ക് പറിച്ചുകൊടുക്കുന്ന ആളുകളുള്ളത് മലപ്പുറം ജില്ലയിലാണ്. ഇത് തന്റെ അനുഭവമാണ് പറയുന്നത്. നൂറുകണക്കിന് മുസ്ലിം യുവാക്കൾ തന്റെ സുഹൃത്തുക്കളാണ്. ജില്ല രൂപീകരിക്കുമ്പോൾ ഭയത്തിന് ചില കാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ന് അത് തെറ്റാണെന്ന് തെളിഞ്ഞു. പരസ്പരം സഹകരിച്ചും സഹായിച്ചും മുന്നോട്ടുപോകുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. അത് തകർക്കുന്ന സിദ്ധാന്തം ആര് കൊണ്ടുവന്നാലും അവർ പിന്നോട്ട് പോകുമെന്നും സി.കെ പത്മനാഭൻ പറഞ്ഞു.
കഴിഞ്ഞദിവസം ; കാസർഗോഡ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനിൽ കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിന് പാർട്ടി അമിത പ്രാധാനം നൽകുന്നതിനെതിരെ സി.കെ.പത്മനാഭൻ പരസ്യ പ്രതിഷേധം നടത്തിയിരുന്നു. കൺവൻഷൻ ഉദ്ഘാടനം കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാൽ നിർവഹിച്ചതിനെതിരെയായിരുന്നു. പത്മനാഭൻ്റെ പ്രതിഷേധം. കാസർഗോഡ് ടൗൺഹാളിലെ ഉദ്ഘാടന ചടങ്ങിൽ പത്മജ നിലവിളക്കു കൊളുത്തുമ്പോൾ സി.കെ.പത്മനാഭൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽറ്റില്ല. വേദിയിലുണ്ടായിരുന്ന ബിജെപി സ്ഥാനാർഥി എം.എൽ.അശ്വിനി, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത്, സംസ്ഥന സമിതിയംഗം എം.നാരായണ ഭട്ട്, മേഖലാ ജനറൽ സെക്രട്ടറി പി.സുരേഷ് കുമാർ ഷെട്ടി, ദേശീയ കൗൺസിൽ അംഗങ്ങളായ പ്രമീള സി. നായിക്, എം.സഞ്ജീവ ഷെട്ടി, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട ഉൾപ്പെടെയുള്ള നേതാക്കൾ വിളക്കിനരികിലേക്ക് എത്തിയെങ്കിലും പത്‌മനാഭൻ കസേരയിൽ തന്നെ ഇരിക്കുകയായിരുന്നു.
തുടർന്ന് പത്മജ തനിക്ക് അതൃപ്തിയുള്ള കാര്യം പത്മനാഭൻ നേതാക്കളെ അറിയിക്കുകയും ചെയ്തു. ബിജെപി എന്ന സംഘടനയ്ക്ക് അച്ചടക്കവും പ്രോട്ടോക്കോളും ഉണ്ടെന്നും അതു ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സി.കെ.പത്മനാഭൻ പിന്നീട് പ്രതികരിച്ചു. ഇവിടെ അധികാരമുണ്ട് എന്നു മനസിലാക്കിയാണ് ഇത്തരം ആളുകൾ മറ്റ് പാർട്ടി വിട്ട് ബിജെപിയിലേക്ക് വരുന്നത്. മറ്റൊരു പാർട്ടിയിൽ നിന്ന് എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയവരാണ് ഇവരെന്നും പത്മനാഭൻ കുറ്റപ്പെടുത്തി.
കാലുമാറി വരുന്നവർക്ക് പാർട്ടിയിൽ എന്തു സ്ഥാനമാണു നൽകേണ്ടത് എന്നതു സംബന്ധിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കേണ്ടതുണ്ട്. പാർട്ടി ഒന്നുമല്ലാതിരുന്നപ്പോൾ ത്യാഗം ചെയ്തവരെ മറന്ന് വേറെ പാർട്ടിയിൽ നിന്നു വരുന്നവർക്ക് പ്രത്യേക സ്ഥാനമാനങ്ങൾ നൽകുന്നതിൽ പ്രവർത്തകർക്കു തന്നെ അമർഷമുണ്ടെന്നായിരുന്നു സി.കെ.പത്മനാഭൻ്റെ പ്രതികരണം.
















