×

വണ്ടിപ്പെരിയാർ കേസ്: അന്വേഷണ ഉദ്യോ​ഗസ്ഥൻ ടി.ഡി സുനില്‍കുമാറിന് സസ്പെന്‍ഷൻ; വകുപ്പ് തല അന്വേഷണം

google news
td
 

തൊടുപുഴ: വണ്ടിപ്പെരിയാര്‍ കേസ് അന്വേഷിച്ച പോലീസുദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വാഴക്കുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ടി.ഡി സുനില്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി പ്രതികൂല പരാമര്‍ശം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേസില്‍ പ്രതിയായ അര്‍ജുനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവിൽ അന്വേഷണത്തിലുണ്ടായ വീഴ്ചകള്‍ ചൂണ്ടികാട്ടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണിപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. 

നിലവില്‍ എറണാകുളം വാഴക്കുളം എസ്എച്ച്ഒ ആണ് സുനില്‍കുമാര്‍. അദ്ദേഹത്തിന് എതിരെ വകുപ്പ് തല അന്വേഷണത്തിനും നിർദ്ദേശം നൽകി. അന്വേഷണ ചുമതല എറണാകുളം റൂറൽ എ.എസ്.പിക്കാണ്. കട്ടപ്പന പോക്സോ കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ ടി.ഡി സുനിൽകുമാറിനെതിരെ പ്രതികൂല പരാമർശം ഉണ്ടായ പശ്ചാത്തലത്തിൽ കൂടിയാണ് ഇപ്പോഴത്തെ സസ്പെൻഷൻ. അന്വേഷണ ചുമതലയുള്ള എറണാകുളം റൂറൽ എ.എസ്.പി 2 മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. 

വണ്ടിപ്പെരിയാർ കേസിൽ സംഭവിച്ചത് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. കോടതിയുടെ പരാമർശങ്ങൾ ഗൗരവമായി കാണുന്നു. പ്രതിയുടെ രാഷ്ട്രീയ നിലപാട് സർക്കാരിനെ സ്വാധീനിക്കില്ല. വിഷയത്തിൽ വകുപ്പുതല പരിശോധന തുടരുകയാണെന്നും വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് എസ്എച്ച്ഒ ടി.ഡി സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്.

പൊലീസ് പ്രതിക്കൊപ്പം നിന്നുവെന്നും തെറ്റിദ്ധരിപ്പിച്ചുവെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്നും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ചുമത്തിയാല്‍ ആനുകൂല്യം ലഭിക്കില്ല എന്ന് കത്ത് വന്നപ്പോൾ ആണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് അറിഞ്ഞതെന്നും അച്ഛന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കേസില്‍ പ്രതിയായ അര്‍ജുന്‍ പള്ളിയില്‍ പോകുന്നയാളാണെന്ന് പൊലീസിനെ അറിയിച്ചിരുന്നുവെന്നും എന്നാൽ പോലീസ് അലംഭവം കാണിച്ചുവെന്നും കുട്ടിയുടെ അച്ഛന്‍ ആരോപിച്ചിരുന്നു.

ഡിവൈ എസ് പി ക്ക് പിന്നീട് പരാതി നൽകിയിരുന്നെങ്കിലും സിഐയെ സമീപിക്കാന്‍ പറയുകയായിരുന്നു. പീരുമേട് എംഎല്‍എയുടെ കത്തും നല്‍കി. എന്നിട്ടും പൊലീസ് ഇക്കാര്യത്തില്‍ പ്രതിക്കൊപ്പം നിന്നു. എസ് സി-എസ്ടി നിയമം ചുമത്തിയാല്‍ അന്വേഷണം ഡിവൈഎസ്പി നടത്തണം. ഇത് ഒഴിവാക്കാനാണ് ആ വകുപ്പ് ഇടാതെയിരുന്നത്. കേസ് നീണ്ടു പോകും എന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.
 

 
2021 ജൂൺ 30-നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളിൽ ആറുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ലൈംഗികപീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതിനെ തുടര്‍ന്ന് പോലീസ് സംഘം വിശദമായ അന്വേഷണം നടത്തുകയും സമീപവാസികൂടിയായ അർജുനെ പിടികൂടുകയുമായിരുന്നു.

പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കണ്ടെത്തലിനെ തുടർന്ന് കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. സംഭവത്തിൽ പോലീസിനും സർക്കാരിനുമെതിരേ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു