×

മലപ്പുറത്തുകാർ നെഞ്ചേറ്റിയ ഐ.പി.എച്ച് പുസ്തകമേളക്ക് കൊടിയിറക്കം

google news
iph book fair
മലപ്പുറം: വിജ്ഞാന പ്രേമികളായ പതിനായിരങ്ങൾ സന്ദർശിച്ച  ഐ.പി.എച്ചിന്റെ നാലു ദിവസത്തെ പുസ്തക മേള മലപ്പുറം ടൗൺ ഹാളിൽ ഇന്നലെ വിജയകരമായി പര്യവസാനിച്ചു. വിവിധ വിഷയങ്ങളെ പുരസ്ക്കരിച്ചുള്ള പതിനായിരത്തോളം പുസ്തകങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് അരങ്ങേറിയ ഐ.പി.എച്ച് പുസ്തകോത്സവം എല്ലാ അർത്ഥത്തിലും ഒരു വിജയമായിരുന്നുവെന്ന് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് ഡയറക്ടർ കൂട്ടിൽ മുഹമ്മദലി പറഞ്ഞു.


ഇതാദ്യമായാണ് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഐ.പി.എച്ച് ഇത്ര വിപുലമായ ഒരു പുസ്തക മേള മലപ്പുറത്ത് സംഘടിപ്പിക്കുന്നത്. കേരളത്തിന്നകത്തും പുറത്തുമുള്ള നാല്പതിലധികം പ്രസാധനാലയങ്ങളുടെ സഹകരണത്തോടെ നടത്തിയ പുസ്തകോത്സവം മലപ്പുറം ജില്ലയുടെ സാംസ്കാരിക ചരിത്രത്തിൽ ഒരു നാഴികക്കല്ലായി വിലയിരുത്തപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മലപ്പുറം എം.എൽ.എ പി ഉബൈദുള്ള ഫെബ്രുവരി 8 ന് പുസ്തകമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മലയാളികളിൽ വായനാ സംസ്കാരം വളർത്തുന്നതിൽ ഐ.പി.എച്ച് വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

അവസാന ദിവസമായ ഞായറാഴ്ച  അഭൂതപൂർവമായ തിരക്കാണ് മേള ദർശിച്ചത്. അക്കൂട്ടത്തിൽ പത്തും പതിനഞ്ചും പുസ്തകങ്ങൾ വാങ്ങിയവരുണ്ടായിരുന്നു. 
വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും നിരന്തരമായ ഒഴുക്ക് ഐ.പി.എച്ചി ന്റെയും മറ്റു പ്രസാധനാലയങ്ങളുടെയും സെയിൽസ് വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

പുസ്തകമേള പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നുവെന്ന് സംഘാടനത്തിന് നേതൃത്വം നൽകിയ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് നഹാസ്  മാളയും ജനറൽ കൺവീനർ ഹബീബ് ജഹാനും അഭിപ്രായപ്പെട്ടു.

മലപ്പുറത്തെ സാംസ്ക്കാരിക നേതാക്കളെയും പുസ്തക പ്രേമികളെയും പുളകമണിയിക്കും വിധം വലിയ വിജ്ഞാന വിരുന്നാണ് ഐ.പി.എച്ച് ഒരുക്കിയത്. ഇത്ര വലിയ ഒരു പുസ്തകമേള താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് കോളജ് വിദ്യാർത്ഥിനിയായ മാളവിക സാക്ഷ്യപ്പെടുത്തി.  വിദ്യാർത്ഥികളിൽ വായനാ ശീലം വർദ്ധിപ്പിക്കാൻ ഇത്തരം മേളകൾ ഉപകരിക്കുമെന്ന് അദ്ധ്യാപകനായ ഷാജഹാൻ അഭിപ്രായപ്പെട്ടു.

Read more....