തിരുവനന്തപുരം :ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന മുതിര്‍ന്ന വനിതകള്‍ക്ക് ഉള്‍പ്പെടെ ആവശ്യമുള്ളപക്ഷം കൗണ്‍സിലിംഗിന് സൗകര്യം ഒരുക്കും. തിരുവനന്തപുരം ജവഹര്‍ബാലഭവനില്‍ നടത്തിയ ജില്ലാതല സിറ്റിംഗിലാണ് വനിത കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്. വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി എന്നിവര്‍ സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കി. വനിത കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, സിഐ ജോസ് കുര്യന്‍, അഡ്വക്കറ്റുമാരായ രജിത റാണി, കാവ്യ പ്രകാശ്, കൗണ്‍സിലര്‍ സിബി എന്നിവര്‍ പങ്കെടുത്തു.
ഫ്‌ളാറ്റുകളില്‍ ഉള്‍പ്പെടെ കഴിയുന്ന മുതിര്‍ന്ന സ്ത്രീകള്‍ക്ക് വളരെയേറെ പ്രശ്‌നങ്ങളുണ്ട്. ഇവര്‍ക്ക് കൗണ്‍സിലിംഗ് ലഭ്യമാക്കേണ്ടതുണ്ട്. ഇതേപോലെ ഒറ്റയ്ക്കു കഴിയുന്ന വനിതകള്‍ക്കും വനിത കമ്മിഷന്‍ കൗണ്‍സിലിംഗ് ലഭ്യമാക്കും. ഊഷ്മളമായ ബന്ധം പുലര്‍ത്തുന്നതിന് കൗണ്‍സിലിംഗ് സഹായിക്കും. പ്രശ്‌നങ്ങള്‍ ഉള്ള മുതിര്‍ന്നവര്‍ക്ക് കൗണ്‍സിലിംഗ് സഹായകമാകും. മറ്റുള്ളവര്‍ തനിക്കൊപ്പമുണ്ടെന്ന തോന്നല്‍ മുതിര്‍ന്നവര്‍ക്കു പകര്‍ന്നു നല്‍കാന്‍ കൗണ്‍സിലിംഗ് സഹായിക്കും.
ഒരു ഫ്‌ളാറ്റിലെ അന്തേവാസികള്‍ തമ്മിലുണ്ടായ പ്രശ്‌നം സിറ്റിംഗില്‍ രമ്യമായി പരിഹരിച്ചു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച നാലു പരാതികളും തീര്‍പ്പാക്കി. ഒരു ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ സ്വരച്ചേര്‍ച്ചയില്ലായ്മയെ തുടര്‍ന്ന് നല്‍കിയ പരാതി സിറ്റിംഗില്‍ പരിഹരിച്ചു. സഹോദരിയുടെ ഭര്‍ത്താവ് അമ്മയെ കാണാന്‍ സമ്മതിക്കുന്നില്ലെന്ന ഒരു സ്ത്രീയുടെ പരാതി ജാഗ്രതാ സമിതിയുടെ പരിഗണനയ്ക്കു വിട്ടു. ഒരു സ്ത്രീയുടെ വീടിനു മുന്‍പില്‍ മറ്റൊരാള്‍ കരിക്ക് വെട്ടി വില്‍ക്കുന്നതു മൂലം കൊതുകു ശല്യം, സ്വകാര്യത നഷ്ടപ്പെടുന്നു എന്ന പരാതിയില്‍ പോലീസിനോടു റിപ്പോര്‍ട്ട് തേടി. ഇതിനു പുറമേ അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നം, വഴിത്തര്‍ക്കം, ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയ പരാതികളും സിറ്റിംഗില്‍ പരിഗണിച്ചു. ആകെ 150 കേസുകള്‍ സിറ്റിംഗില്‍ പരിഗണിച്ചു. 28 കേസുകള്‍ തീര്‍പ്പാക്കി. ആറു കേസുകള്‍ റിപ്പോര്‍ട്ടിന് അയച്ചു. അടുത്ത അദാലത്തിലേക്ക് 116 കേസുകള്‍ മാറ്റി.