നിർധന കുട്ടികളുടെ ചികിത്സക്കായി കൈകോർത്ത് ആസ്റ്റർ മെഡ്സിറ്റിയും യുണൈറ്റഡ് നേഴ്സസ് അസോസിയേഷനും

google news
B

chungath new advt

കൊച്ചി : നിർധനരായ കുട്ടികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ ആസ്റ്റർ മെഡ്സിറ്റിയും യുണൈറ്റഡ് നേഴ്സസ് അസോസിയേഷനും (യു.എൻ.എ) കൈകോർക്കുന്നു. അസോസിയേഷന്റെ 13-ആം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് 'ഹെൽപ്പിംഗ് ഹാന്റ്സ് ഓഫ് ഏഞ്ചൽസ്' എന്ന പേരിൽ ബ്രഹത് പദ്ധതി നടപ്പാക്കുന്നത്. അവയവ മാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ ഏറ്റവും കുറഞ്ഞ ചിലവിൽ ലഭ്യമാക്കാൻ ഉദ്ദേശിച്ചാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. എറണാകുളം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ആസ്റ്റർ മെഡ്സിറ്റി ലിവർ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മാത്യു ജേക്കബ് പദ്ധതിയുടെ പ്രഖ്യാപനം നടത്തി.

    
സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിൽ കുട്ടികൾക്ക് ചികിത്സ മുടങ്ങരുത് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 15 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് അടുത്ത ആറ് മാസങ്ങളിലായി പദ്ധതിയുടെ ഗുണഫലം ലഭിക്കുക. ലക്ഷക്കണക്കിന് നേഴ്സുമാർ അംഗങ്ങളായിട്ടുള്ള യു.എൻ.എ ഇത്തരത്തിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ സംഘടനകളിൽ ഒന്നാണ്. യു.എൻ.എ അംഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന തുകക്കൊപ്പം ക്രൗഡ് ഫണ്ടിംഗിലൂടെ പണം സ്വരൂപിക്കാനുള്ള പ്രവർത്തനങ്ങളും നടപ്പാക്കും. ആസ്റ്റർ മെഡ്സിറ്റി അധികൃതരാണ് ചികിത്സാ സഹായം ആവശ്യമുളള അർഹരായ കുട്ടികളെ കണ്ടെത്തി യു.എൻ.എയുമായി ബന്ധിപ്പിക്കുക.
    
ആശുപത്രികളിലെ ജീവനക്കാരിൽ 60 ശതമാനത്തിലധികവും നേഴ്സുമാരാണെന്നും എല്ലാ കുട്ടികൾക്കും ഏറ്റവും നല്ല ചികിത്സ ഒരുക്കുക എന്ന ലക്ഷ്യത്തോടെ യു.എൻ.എയിലെ നേഴ്സുമാർ നടത്തുന്ന 'ഹെൽപ്പിംഗ് ഹാന്റ്സ് ഓഫ് ഏഞ്ചൽസ്' പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഡോ. മാത്യു ജേക്കബ് പറഞ്ഞു.
      
     
ചികിത്സയുമായി ബന്ധപ്പെട്ട് രക്തം ആവശ്യമായി വന്നാൽ എത്രയും വേഗം ലഭ്യമാക്കുന്നതിനായി പ്രത്യാശ പദ്ധതിയും യു.എൻ.എ വിഭാവവനം ചെയ്തിട്ടുണ്ട്. ആസ്റ്റർ മെഡ്സിറ്റിയിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്കരിച്ചിട്ടുളളത്. പ്രത്യാശ പദ്ധതിയുടെ ഭാഗമായി ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ബ്ലഡ് ബാങ്ക് മേധാവി ഡോ. ദിനേശ് ഉദ്ഘാടനം ചെയ്തു.
     
രക്തദാന ക്യാമ്പുകളിൽ നിന്നും മറ്റുമായി ശേഖരിക്കുന്ന രക്തം ആസ്റ്ററിലെ ബ്ലഡ് ബാങ്കിലാണ് സൂക്ഷിക്കുകയെന്നും അടിയന്തര സാഹചര്യങ്ങളിൽ രക്തം ലഭ്യമാക്കുന്നതിന് വേണ്ടി യു.എൻ.എ അംഗങ്ങൾ, ആശുപത്രി ജീവനക്കാർ, ആശുപത്രി സന്ദർശിക്കുന്നവർ എന്നിവരുടെ ഡാറ്റ ബാങ്ക് തയ്യാറാക്കുമെന്ന് യു.എൻ.എ ആസ്റ്റർ യൂണിറ്റ് സെക്രട്ടറി എം.എസ് സംഗീത, എറണാകുളം ജില്ലാ സെക്രട്ടറി ആർ. രാഹുൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
   
   
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു