×

ഫോണ്‍ കേടായി: ഉപഭോക്തൃ കോടതി ഇടപെട്ട് ഉപഭോക്താവിന് 36,843 രൂപ നഷ്ടപരിഹാരം ലഭ്യമാക്കി

google news
.

തിരുവനന്തപുരം: കോവിഡ് കാലത്ത് കേടായ റെഡ്മി നോട്ട് 10 ഫോണ്‍ കമ്പനി ശരിയാക്കാത്തതിനെ തുടര്‍ന്ന് ഉപഭോക്താവ് ഉപഭോക്തൃ കോടതി വഴി റെഡ്മി കമ്പനിയില്‍ നിന്നും പലിശ സഹിതം നഷ്ടപരിഹാരം വാങ്ങിയെടുത്തു. ഫോണ്‍ കമ്പനിയില്‍ നിന്ന് ഒരു സോഫ്റ്റ്വെയര്‍ അപ്ഡേഷന് വേണ്ടി ഉപഭോക്താവിന്റെ ഫോണിലേക്ക് നോട്ടിഫിക്കേഷന്‍ വന്നതാണ്. അത് ഇന്‍സ്റ്റാള്‍ ചെയ്തതോടെ സിം സ്ലോട്ടുകള്‍ പ്രവര്‍ത്തന രഹിതമാവുകയായിരുന്നു. മറ്റൊരു കുഴപ്പവും ഫോണിന് ഉണ്ടായിരുന്നുമില്ല. 

.

സര്‍വ്വീസ് സെന്ററില്‍ ചെന്നപ്പോള്‍ ബോര്‍ഡിന്റെ തകരാറാണെന്നും വാറന്റി കഴിഞ്ഞതിനാല്‍ സൗജന്യമായി നന്നാക്കാന്‍ കഴിയില്ലെന്നുമായിരുന്നു നിലപാട്. ഓണ്‍ലൈന്‍ ക്ലാസുകളുള്‍പ്പെടെ ആ ഫോണ്‍ വഴിയാണ് കൈകാര്യം ചെയ്തിരുന്നതു കൊണ്ട് ഫോണ്‍ ഉപഭോക്താവ് ആകെ കുഴങ്ങി. പുതിയ ഫോണ്‍ വാങ്ങിയെങ്കിലും ഫോണ്‍ കമ്പനിയുടെ നിരുത്തരവാദപരമായ സമീപനത്തെ ചോദ്യം ചെയ്യാന്‍ തന്നെ ഉപഭോക്താവ് തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരത്തെ ഉപഭോക്തൃ തര്‍ക്ക പരാതി പരിഹാര കോടതിയില്‍ പോയി കേസ് നല്‍കേണ്ട രീതികളെപ്പറ്റി ഫോണ്‍ ഉപഭോക്താവ് പഠിച്ചു. 

സ്വന്തമായി പരാതി തയ്യാറാക്കി കേസ് ഫയല്‍ ചെയ്തു. കോടതി വിശദമായ സത്യവാങ്മൂലം വാങ്ങി. എതിര്‍കക്ഷികളായ ഫോണ്‍ കമ്പനിക്കാര്‍ കേസിന്റെ ഒരുവേളയിലും ഹാജരായില്ല. തുടര്‍ന്ന് കോടതിയില്‍ നിന്നും എക്സ്പാര്‍ട്ടി വിധി വന്നു. പി.വി. ജയരാജന്‍ പ്രസിഡന്റും പ്രീത ജി. നായര്‍, വിജു വി.ആര്‍. എന്നിവര്‍ അംഗങ്ങളുമായുള്ള ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനാണ് ഉപഭോക്താവിന് നഷ്പരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്. 12700 രൂപയുടെ ഫോണായിരുന്നു ഉപഭോക്താവിന്റേത്. ഫോണിന്റെ വിലയും 20,000 രൂപ നഷ്ടപരിഹാരവും, 2500 രൂപ കോടതി ചെലവും ആറേഴുമാസത്തെ പലിശയും സഹിതം 36,843 രൂപ ഷവോമി കമ്പനി ഇന്നലെ കോടതിയില്‍ ഡിഡി ആയി നല്‍കി. ഉപഭോക്താവിന് ഇന്ന് ഉപഭോക്തൃ കോടതി ഡിഡി കൈമാറുകയും ചെയ്തു. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 

Tags