തിരുവനന്തപുരം : കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ചലച്ചിത്രോത്സവമായ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം പി.ക്യു.എഫ്.എഫ് 23 ലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം അതിന്റ തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കേരളത്തിലെ പ്രധാന ഐ.ടി കേന്ദ്രങ്ങളായ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ഐ.ടി ജീവനക്കാര്‍ക്കും ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാം. പ്രതിധ്വനി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ (പി.ക്യു.എഫ്.എഫ് 2023) ജനുവരി ഏഴ് വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ചലച്ചിത്രങ്ങള്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രദര്‍ശിപ്പിക്കും.
ഐ.ടി ജീവനക്കാര്‍ സംവിധാനം ചെയ്ത 400 ല്‍ പരം ഹ്രസ്വ ചിത്രങ്ങള്‍ മുന്‍ വര്‍ഷങ്ങളിലായി ക്വിസ ഫിലിം ഫെസ്റ്റിവലില്‍ മാറ്റുരയ്ക്കപ്പെട്ടിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ പ്രഗത്ഭരായ ഷാജി എന്‍ കരുണ്‍, വിനീത് ശ്രീനിവാസന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാമപ്രസാദ്, ജയരാജ്, ദിലീഷ് പോത്തന്‍, അമല്‍ നീരദ്, ഖാലിദ് റഹ്‌മാന്‍, വിധു വിന്‍സെന്റ്, ജിയോ ബേബി, എം.എഫ് തോമസ് തുടങ്ങിയ പ്രശസ്തരാണ് മുഖ്യാതിഥികളായി കഴിഞ്ഞ വര്‍ഷങ്ങളില്‍ മേളയ്ക്ക് എത്തിയത്.
ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5555 രൂപയുടെ ക്യാഷ് പ്രൈസും നല്‍കും. കൂടാതെ മികച്ച നടന്‍, നടി, ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിവര്‍ക്കും പ്രത്യേക പുരസ്‌കാരങ്ങളുണ്ടാവും.
Read also:ഡോംസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഐപിഒ ഡിസംബർ 13 മുതല്
രജിസ്‌ട്രേഷന്: http://prathidhwani.org/Qisa2023. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗാര്‍ലിന്‍ വിന്‍സെന്റ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ (7559072582), രോഹിത്ത്, കണ്‍വീനര്‍ ടെക്‌നോപാര്‍ക്ക് (8943802456), അനസ് ബിന്‍ അസീസ്, കണ്‍വീനര്‍ ഇന്‍ഫോപാര്‍ക്ക് (8848424404), പ്യാരേലാല്‍ എം, കണ്‍വീനര്‍ സൈബര്‍പാര്‍ക്ക് (8547872972).
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു