കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം

5
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷന്മാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ജെറമി ലാൽറിന്നുങ്ക സ്വർണം നേടി. ആകെ 300 കിലോ ഉയര്‍ത്തിയാണ് താരം ഒന്നാമതെത്തിയത്. ജെറെമിയുടെ ആദ്യ കോമണ്‍വെല്‍ത്ത് സ്വര്‍ണമാണിത്. സമോവയുടെ നെവോയാണ് വെള്ളി നേടിയത്. മീരാഭായ് ചാനുവിന് ശേഷം ഭാരോദ്വഹനത്തിൽ ജെറമി അത്ഭുതങ്ങൾ സൃഷ്ടിച്ചു. 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ആകെ 300 കിലോയാണ് ഇന്ത്യൻ താരം ഉയർത്തിയത്. സ്നാച്ചിൽ 140 കിലോ ഭാരം ഉയർത്തി റെക്കോർഡ് സൃഷ്ടിച്ചു. ക്ലീൻ ആൻഡ് ജെർക്കിൽ 160 കിലോയാണ് ജെറമി ഉയർത്തിയത്. 

മൂന്നാം ശ്രമത്തിൽ 165 കിലോ ഉയർത്താൻ ആഗ്രഹിച്ചെങ്കിലും ജെറമിക്ക് അത് നഷ്ടമായി. ക്ലീൻ ആൻഡ് ജെർക്ക് റൗണ്ടിനിടെ രണ്ട് തവണ ജെറമിയ്ക്ക് പരിക്കേറ്റെങ്കിലും തളരാതെ രാജ്യത്തിനായി സ്വർണം നേടിയെടുത്തു. ജെറമിയുടെ ഈ സ്വർണത്തോടെ 2022ലെ ഇന്ത്യയുടെ കോമൺവെൽത്ത് മെഡൽ നേട്ടം അഞ്ചായി. 2 സ്വർണവും 2 വെള്ളിയും ഒരു വെങ്കലവും ഇതിൽ ഉൾപ്പെടുന്നു. ഭാരോദ്വഹനത്തിൽ മാത്രമാണ് ഇന്ത്യ ഈ മെഡലുകളെല്ലാം നേടിയത്. ഭാരോദ്വഹനത്തിൽ സങ്കേത് സർഗറും ബിന്ദിയ റാണിയും വെള്ളിയും ഗുരുരാജ പൂജാരി വെങ്കലവും നേടിയപ്പോൾ മീരാഭായിയും ജെറമിയും ഇന്ത്യക്കായി സ്വർണം നേടി.